Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ താമസ വാടക കുത്തനെ ഉയരുന്നു,ആശങ്കയോടെ പ്രവാസികൾ

May 20, 2022

May 20, 2022

അൻവർ പാലേരി
ദോഹ : 2022ലെ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് 12 വർഷം മുമ്പ് പ്രഖ്യാപിച്ചപ്പോൾ, വളരെ ചെറിയൊരു ഗൾഫ് രാജ്യം 1.2 ദശലക്ഷം സന്ദർശകരെ അഞ്ച് ആഴ്ചയ്ക്കുക്കാലം എങ്ങനെ ഉൾകൊള്ളുമെന്ന ആശങ്കയാണ് പലരും പങ്കുവെച്ചത്.എന്നാൽ,തലസ്ഥാന നഗരമായ ദോഹ ഉൾപെടെ രാജ്യത്തിന്റെ നാനാ ദിക്കുകളിലും  വൻതോതിലുള്ള നവീകരണത്തിനും  നിർമ്മാണപ്രവർത്തനങ്ങൾക്കും ഹരിതവൽക്കരണ പദ്ധതികൾക്കും സാക്ഷ്യം വഹിക്കുന്നതാണ്   തുടർന്നുള്ള വർഷങ്ങളിൽ നാം കണ്ടത്.ദശാബ്ദക്കാലത്തെ ആ ശ്രമങ്ങൾക്കുള്ള മൊത്തം ചിലവ് 229 ബില്യൺ പിന്നിട്ടതായി  കണക്കുകൾ സൂചിപ്പിക്കുന്നു.എന്നാൽ ലോകകപ്പിനുള്ള ദിവസങ്ങൾ അടുത്തുവരും തോറും ഖത്തറിലെത്തുന്ന സന്ദർശകർക്കുള്ള താമസ സൗകര്യങ്ങളുടെ അപര്യാപ്തത ഉയർത്തിക്കാട്ടി വലിയ തോതിലുള്ള ആശങ്കകളാണ് ലോക മാധ്യമങ്ങൾ പങ്കുവെക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, ഹോട്ടലുകളും പ്രോപ്പർട്ടി മാനേജർമാരും വാടക ക്രമാതീതമായി വർധിപ്പിക്കാനും വാടക കരാറുകൾ പുതുക്കുന്നത് നിർത്താനും കരാറുകൾ പൂർണ്ണമായും റദ്ദാക്കാനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പല പ്രവാസികളും തുറന്നുപറയാൻ തുടങ്ങിയിട്ടുണ്ട്.സ്വകാര്യ സംഭാഷണങ്ങളിൽ തുടങ്ങിയ ഇത്തരം ആശങ്കകൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളായും മറ്റും സമൂഹമാധ്യമങ്ങളിലും സജീവമാവുകയാണ്.

ലോകകപ്പിന് മുന്നോടിയായി വാടകക്കാരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന ഭൂവുടമകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.നിലവിലെ വാടകക്കാർ മാറുകയാണെങ്കിൽ,ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 2022 ഒക്‌ടോബർ മുതൽ ഡിസംബർ വരെ ലോകകപ്പിനായി എത്തുന്ന സന്ദർശകർക്ക് ഇരട്ടിവാടകയിൽ മറിച്ചുനൽകാൻ കഴിയുമെന്നാണ് പ്രോപ്പർട്ടി ഉടമകൾ പ്രതീക്ഷിക്കുന്നത്.രാജ്യത്തെ ആഢംബര അപ്പാർട്ട്മെന്റുകളിലും വില്ലകളിലുമാണ് വാടക വർധനവ്‌ ഇത്തരത്തിൽ പ്രതിഫലിക്കുകയെങ്കിലും ഈ അവസരം മുതലാക്കി വീട്ടുവാടക പരമാവധി വർധിപ്പിക്കാൻ തന്നെയാണ് ചെറുകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉടമകളും ശ്രമിക്കുന്നത്.

കഴിഞ്ഞ സെപ്‌റ്റംബർ മുതൽ തന്നെ തങ്ങളുടെ വാടക കരാറുകളിൽ വരാനിരിക്കുന്ന  മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ലഭിച്ചതായി ചില മലയാളികൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.വാർഷിക വാടക വർധനവിനെ കുറിച്ചായിരുന്നു ആദ്യ മുന്നറിയിപ്പ്.വാടകയിൽ 10 ശതമാനം വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും   പലയിടങ്ങളിലും വീട്ടുവാടകയിൽ 20 മുതൽ 35 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന ആശങ്ക പലരും പങ്കുവെച്ചു.ആഗോള റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാൻ ആൻഡ്  വേക്ക്ഫീൽഡ് ഇത് സംബന്ധിച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടും പ്രവാസികളുടെ ഇത്തരം ആശങ്കകളെ സാധൂകരിക്കുന്നതാണ്. ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ  താമസ വാടകയിൽ വർധനവ് ഉണ്ടായതായും വർഷാവസാനത്തോടെ താമസ കെട്ടിടങ്ങളുടെ വാടക ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് കുഷ്മാൻ ആൻഡ്  വേക്ക്ഫീൽഡ് ചൂണ്ടിക്കാണിച്ചത്.

അതേസമയം,ഇത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും ലോകകപ്പിനെത്തുന്ന സന്ദർശകർക്ക് പര്യാപ്തമായ താമസ സൗകര്യമാ ഒരുക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2022-ന്റെ ഭാഗമായി ദുബായിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെങ്കൽ പറഞ്ഞത് ഇങ്ങനെയാണ് - "ലോകകപ്പിനായി ഖത്തർ സജ്ജമാക്കിയ താമസ സൗകര്യങ്ങൾ മതിയാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ടൂർണമെന്റിന്റെ ആദ്യ 12 ദിവസത്തെ “ക്രഞ്ച് പിരീഡ്” കഴിഞ്ഞാൽ നിരവധി ആളുകൾ പുറത്തേക്ക് പോവുകയും ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സന്ദർശകർക്ക് വരാനുള്ള അവസരങ്ങളുണ്ടാവുകയും ചെയ്യും..."
ഇത്രയധികം സന്ദർശകരെ ഒരേസമയം ഉൾകൊള്ളുന്നതിലുള്ള നേരിയ ആശങ്ക പ്രതിഫലിക്കുന്നതാണ് ബെർത്തോൾഡ് ട്രെങ്കലിന്റെ വാക്കുകളെന്ന് ചിലർ നിരീക്ഷിക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News