Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പ്രതിസന്ധികളിൽ തളരാത്ത ഭരണസാരഥ്യത്തിന് ഇന്ന് 10 വയസ്സ് ഷെയ്ഖ് തമീമിന് അഭിനന്ദനവുമായി അയൽ രാജ്യങ്ങൾ

June 25, 2023

June 25, 2023

അൻവർ പാലേരി 

ദോഹ : ആധുനിക ഖത്തറിന്റെ ശിൽപിയായി ചരിത്രത്തിൽ ഇടം പിടിച്ച പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി രാജ്യത്തിന്റെ നേതൃത്വം ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു.അറബ് മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഉപരോധം,ലോകത്തെ വീട്ടിലിരുത്തിയ കോവിഡ് മഹാമാരി എന്നിവയ്ക്ക് ശേഷം രാജ്യത്തെ സ്വാശ്രയത്വത്തിലേക്കും തുടർന്ന് ആഗോള കായിക മേഖലയെ അറബ് മണ്ണിലെത്തിച്ച് ചരിത്രത്തിൽ ഒരു പരിവർത്തന അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്ത അഭിമാനകരമായ ഒരു ദശകത്തിനാണ് പിന്നീട് നാം സാക്ഷ്യം വഹിച്ചത്.

ഉപരോധം,കോവിഡ്,ഫിഫ ലോകകപ്പ് 

ഖത്തർ അമീറായി ചുമതലയേറ്റ ശേഷം.2013 ജൂൺ 26 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ,രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക വെല്ലുവിളികൾക്കൊപ്പം സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി ഉൾപെടെ, ആരോഗ്യം,കായികം തുടങ്ങിയ മേഖലകളിൽ  പിതാവിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള തന്റെ പ്രതിബദ്ധത ഷെയ്ഖ് തമീം ഊന്നിപ്പറഞ്ഞിരുന്നു. 

2017 ൽ ആഗോള തീവ്രവാദത്തെ സഹായിക്കുന്നു എന്നതുൾപെടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ മുന്നറിയിപ്പില്ലാത്ത ഉപരോധമായിരുന്നു അമീർ എന്ന നിലയിൽ നേരിട്ട ആദ്യത്തെ വെല്ലുവിളി.രാജ്യം ഭക്ഷ്യ ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരുന്ന  സമയത്താണ് ഉപരോധം വന്നത്.രാജ്യത്തെ വിദേശികളും സ്വദേശികളുമായ ജനങ്ങൾ ഒരു ദിവസം പോലും ഉപരോധം കാരണം പട്ടിണിയിലാവില്ലെന്ന് ഉറപ്പു നൽകിയ ഭരണാധികാരികൾ ആ വാക്കുകൾ അക്ഷരംപ്രതി പ്രായോഗികമാക്കിയത്,ഒരു രാജ്യത്തെ ഭരണാധികാരികളിൽ നിന്ന് ആ ജനത പ്രതീക്ഷിക്കുന്ന സുരക്ഷിതത്വത്തിനും വാഗ്ദത്തത്തിനുമുളള ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ച അടയാളപ്പെടുത്താൽ കൂടിയായി. 

ഇതിനു പുറമെ,മാസങ്ങൾക്കകം രാജ്യം  ക്ഷീര-കോഴി ഉൽപ്പാദനം വർദ്ധിപ്പിച്ച്, പ്രാദേശിക ബ്രാൻഡുകൾ വികസിപ്പിക്കുകയും , ആഭ്യന്തര കൃഷിയെ ഉത്തേജിപ്പിച്ചുകൊണ്ട് വെല്ലുവിളിയെ അതിവേഗം അതിജീവിക്കുകയും ചെയ്തു.. 2019 ആയപ്പോഴേക്കും ഭക്ഷ്യ ഉൽപ്പാദനത്തിൽ ഖത്തർ 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുന്നതാണ് പിന്നീട് നാം കണ്ടത്.

 

അതേസമയം,അന്താരാഷ്ട്ര വേദികളിൽ വരെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയ അമീർ,നയതന്ത്ര നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ആവർത്തിച്ചത് ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.മുസ്‌ലിം ബ്രദർഹുഡുമായുള്ള ബന്ധം ആരോപിക്കപ്പെട്ട  ആഗോള പണ്ഡിത സഭയുടെ അധ്യക്ഷനായ ഡോ.ഖറദാവിയെ അവസാന കാലം വരെ സംരക്ഷിച്ചതും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ സ്വീകരിച്ച ഉറച്ച നിലപാടുകളും ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം സാധാരണ നിലയിലാക്കാനുള്ള അബ്രഹാം കരാറിനോട് ഒരു തരത്തിലും സഹകരിക്കാതിരുന്നതും നിശ്ചയ ദാർഢ്യമുള്ള ഒരു ഭരണാധികാരിയുടെ ആർജ്ജവത്തിനുള്ള ഉദാഹരണമായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്.ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ കടുത്ത സമ്മർദം ചെലുത്തിയ സൗദി അറേബ്യ, പിന്നീട് ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾക്ക് മുൻകയ്യെടുത്തത് ഖത്തറിന്റെ നിലപാടുകൾ ലഭിച്ച സ്വീകാര്യത കൂടിയായിരുന്നു.

അറബ് മേഖലയെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയെ 2022 ലെ ഫിഫ ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് മരണത്തിന്റെ പരമാണുവായി കോവിഡ് മഹാമാരി ഇടിത്തീയായി ലോകജനതക്ക് മേൽ പതിച്ചത്.2022 ലെ ലോകകപ്പ് എന്ന സ്വപ്നം ഒരിക്കലും യാഥാർഥ്യമാവില്ലെന്ന് ലോകം വിലയിരുത്തിയപ്പോൾ ലോകകപ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം തന്നെ മഹാമാരിയെ നേരിടുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ പിന്നീട് ലോകാരോഗ്യ സംഘടനയുടെ പ്രശംസ വരെ പിടിച്ചു പറ്റുകയും ചെയ്തു.വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിനുള്ള പ്രാദേശിക ശ്രമങ്ങളിലൂടെ, ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് -19 മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമായി ഖത്തർ മാറി.കോവിഡ് ബാധിതർക്ക് ഏറ്റവും മികച്ച ചികിത്സ സൗജന്യമായി നൽകിയ രാജ്യവും ഖത്തറായിരുന്നു.തുടർന്ന് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ സൗജന്യമായി വാക്‌സിൻ ലഭ്യമാക്കിയതിലൂടെ ആ രംഗത്തും രാജ്യം മികവ് പുലർത്തി.

ലോകം ഒരു കാൽപന്തിലേക്ക് ചുരുങ്ങിയ ആ നാളുകളിൽ അറബ് സാംസ്കാരിക മൂല്യങ്ങളോടുള്ള  പടിഞ്ഞാറിന്റെ ചരിത്രപരമായ അസഹിഷ്ണുത മാധ്യമ വിമർശനങ്ങളായാണ് പുറത്തുവന്നത്.എന്നാൽ,വിമർശനങ്ങളെ തികഞ്ഞ പക്വതയോടെ നേരിട്ട ഖത്തർ അമീറും വിദേശകാര്യ മന്ത്രിയും വിമര്ശനങ്ങൾക്കുള്ള മറുപടി കളിക്കളത്തിൽ പ്രവർത്തിച്ചു കാണിക്കാം എന്ന നിലപാടുമായി മുന്നോട്ടു പോവുകയായിരുന്നു.2022 നവംബർ 20 മുതൽ ലോകകപ്പ് അവസാനിക്കുന്നത് വരെ കാല്പന്തുകളിലയിലെ അറേബ്യൻ അധ്യായം ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റ നിമിഷങ്ങളായി ചരിത്രത്തിലേക്ക് കയറിപ്പോകുന്നതിന് ലോകം സാക്ഷിയായി.യൂറോപ്പിനും പടിഞ്ഞാറിനും അറേബ്യൻ ഭൂഖണ്ഡത്തോടുള്ള സമീപനത്തിൽ കാതലായ മാറ്റം വരുത്താനും 2022 ഖത്തർ ലോകകപ്പിന് കഴിഞ്ഞതായി പിന്നീട് ലോകം വിലയിരുത്തി.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ 
2014-ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി ചെയ്യപ്പെട്ടത് മുതൽ, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി റാങ്കിംഗിൽ തുടർച്ചയായി ആധിപത്യം പുലർത്തുകയാണ്.2022-ലെ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ മെഗാ വിപുലീകരണ പ്രവർത്തനങ്ങൾ ലോകകപ്പിനായി രാജ്യത്തെത്തിയ സന്ദർശകർക്ക് ചരിത്രത്തിൽ അതുവരെ കാണാത്ത വിധത്തിലുള്ള മികച്ച യാത്രാനുഭവമാണ് നൽകിയത്.

ഖത്തറിന്റെ വ്യാപാരബന്ധങ്ങൾ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെ ഏറ്റവും വലിയ "ഗ്രീൻഫീൽഡ്" തുറമുഖ-വികസന പദ്ധതിയായ അത്യാധുനിക ഹമദ് തുറമുഖം 2016-ൽ അമീർ ഉദ്ഘാടനം ചെയ്തു.2019-ൽ,അത്യാധുനിക സൗകര്യങ്ങളോടെയുള്ള  ദോഹ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും  ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഖത്തറിന്റെ ദേശീയ 2030 ലക്ഷ്യങ്ങളിൽ ഒരു പ്രധാന നേട്ടം അടയാളപ്പെടുത്തി. ലോകകപ്പിലുടനീളം ദശലക്ഷക്കണക്കിന് ആരാധകർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ ദോഹ മെട്രോക്ക് സാധിച്ചു.

2021-ൽ ആദ്യമായി ഷൂറ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തിയതിലൂടെ ചരിത്രത്തിലാദ്യമായി പരിമിതമായ ജനാധിപത്യത്തിലേക്ക് ചുവടുവെക്കാൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഭരണനേതൃത്വത്തിന് സാധിച്ചു. യോഗ്യരായ ഖത്തർ പൗരന്മാർ നിയമനിർമ്മാണ സമിതിയിലെ 45 അംഗങ്ങളിൽ നിന്ന് 30 സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്താണ് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമുള്ള രാജ്യത്തിന്റെ പദ്ധതി നിറവേറ്റുന്നതിനായി ഖത്തർ അമീർ 2020 ൽ മേഖലയിലെ ഏറ്റവും വലിയ അൽ ഖർസ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പവർ പ്ലാന്റ് 1,800,000 സോളാർ പാനലുകൾ ഉപയോഗിച്ച് ഖത്തറിന്റെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയുടെ 10 ശതമാനവും  നിറവേറ്റാൻ പര്യാപ്തമാണ്.

ഉപരോധം മുതൽ കോവിഡ് വരെ, ഷെയ്ഖ് തമീമിന്റെ നേതൃത്വത്തിൽ ഖത്തറിന്റെ പ്രതിരോധശേഷിയുള്ള സമ്പദ്‌വ്യവസ്ഥ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു, മേഖലയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കു കൈവരിച്ചതും മറ്റൊരു പ്രധാന നേട്ടമാണ്.2017-ൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഏകദേശം 43 ബില്യൺ ഡോളറാണ്  ബാങ്കുകളിലേക്ക് നിക്ഷേപിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ, സ്വകാര്യ മേഖലയുടെ ഉത്തേജനം ലക്ഷ്യമാക്കി  23 ബില്യൺ ഡോളറിന്റെ (75 ബില്യൺ റിയാൽ ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും സാമ്പത്തിക മേഖലയ്ക്ക് നേട്ടമായി.

കഴിഞ്ഞ ദശകത്തിൽ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) സുരക്ഷിത കേന്ദ്രമായും ഖത്തർ വിശേഷിപ്പിക്കപ്പെട്ടു, 2019 നും 2022 നും ഇടയിൽ മാത്രം എഫ്ഡിഐയുടെ റിപ്പോർട്ട് പ്രകാരം, 70 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News