Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
'ഇതെന്റെ രണ്ടാം ജന്മം' : ഹൃദയം തൊടുന്ന കുറിപ്പുമായി ഖത്തറി പർവ്വതാരോഹകൻ

November 20, 2021

November 20, 2021

അജു അഷറഫ് 

ദോഹ : മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് പർവ്വതാരോഹകനായ ഫഹദ് ബദർ. ഓക്സിജൻ തീർന്ന്, മഞ്ഞിൽ പുതഞ്ഞുപോയ, അതിശൈത്യത്താൽ തന്റെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന ഫഹദ്,  ഒരുപിടി കാര്യങ്ങൾ പ്രേക്ഷകരോട് പറയാനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നൊരു വീഡിയോ അപ്‌ലോഡ് ചെയ്തത്. സാഹസത്തിനിടെ പരിക്കുകൾ പറ്റുന്നവർ നേരിടേണ്ടി വരുന്ന പരിഹാസങ്ങളെ കുറിച്ചുള്ള ഫഹദിന്റെ വാക്കുകൾ ഏതൊരാളും കേൾക്കേണ്ടവയാണ്. 

പാകിസ്ഥാൻ-ചൈന അതിർത്തിയിൽ നിലകൊള്ളുന്ന, ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ കൊടുമുടിയായ ബ്രോഡ് പീക്ക് കീഴടക്കാൻ ശ്രമിക്കവെയാണ് ഫഹദിന്റെ ജീവിതം മാറിമറിഞ്ഞത്. സമുദ്രനിരപ്പിൽ നിന്നും 8047 മീറ്റർ ഉയരത്തിലുള്ള ഈ മഞ്ഞുമല കവർന്നെടുത്തത് ഫഹദിന്റെ കൈവിരലുകളാണ്. മൗണ്ട് കേറ്റുവിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ പർവതം കീഴടക്കാൻ രണ്ട് മാസം നീണ്ടുനിന്ന യാത്രയാണ് ഫഹദ് നടത്തിയത്. എട്ടായിരം മീറ്റർ പിന്നീടവേ, തൊട്ട് മുൻപിൽ യാത്ര ചെയ്തിരുന്ന റഷ്യൻ സാഹസികയ്ക്ക് അപകടം പറ്റിയതാണ് ഫഹദിന്റെ ജീവിതം കീഴ്മേൽ മറിച്ചത്. റഷ്യക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനാൽ വഴി തടസ്സപ്പെട്ട ഫഹദിന് നഷ്ടപ്പെട്ടത് വിലപ്പെട്ട അഞ്ചുമണിക്കൂറുകളാണ്. കരുതിവെച്ച ഓക്സിജന്റെ കണക്കുകൂട്ടലുകൾ തെറ്റാൻ ഈ സമയം ധാരാളമായിരുന്നു. 'സ്വബോധം നഷ്ടപെട്ട ഞാൻ വിഭ്രാന്തിയിൽ അകപ്പെട്ടു. ഒരു രാത്രി മുഴുവനും ഞാനാ കൊടുമുടിയിൽ ഓക്സിജനില്ലാതെ കഴിയേണ്ടി വന്നു'- ഫഹദ് ഓർത്തെടുക്കുന്നു. ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ പിറ്റേദിവസം എന്നെ ആളുകൾ കണ്ടെത്തി, മഞ്ഞിൽ പുതഞ്ഞുപോയ എന്റെ കരങ്ങൾ അപ്പോഴേക്കും മരവിച്ചുകഴിഞ്ഞിരുന്നു. ഖത്തറിൽ തിരിച്ചെത്തിയ എനിക്ക് മുൻപിൽ മറ്റ് വഴികളില്ലായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇടതുകയ്യിലെ മുഴുവൻ വിരലുകളും, വലത് കയ്യിലെ ഒരുവിരലും മുറിച്ചുമാറ്റി. അങ്ങനെ ഞാൻ ഈ വിധമായി. ശൂന്യത അനുഭവപ്പെടുന്ന തന്റെ കൈപ്പത്തിയിലേക്ക് നോക്കി ഫഹദ് ഭാവങ്ങളേതുമില്ലാതെ പറയുന്നു. 

ഇത്രയൊക്കെ യാതനകൾ അനുഭവിക്കേണ്ടി വന്നെങ്കിലും, തന്റെ ഇഷ്ടസാഹസത്തോടുള്ള പ്രണയം ഇനിയും അവസാനിച്ചിട്ടില്ലെന്നും, അവസരം കൈവരുമ്പോൾ ഇനിയും സാഹസികതയ്ക്ക് മുതിരുമെന്നും ഫഹദ് കൂട്ടിച്ചേർത്തു. കായികഇനങ്ങൾക്കിടെ ഇത്തരം അപകടം ഉണ്ടാവുന്ന ആളുകളോട് വിവേചനം അരുതെന്നും, അവരെ ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിച്ചാണ്‌ ഫഹദ് തന്റെ വീഡിയോ അവസാനിപ്പിച്ചത്. ദുരിതപർവ്വം താണ്ടേണ്ടി വന്ന വ്യക്തികൾക്ക് സമൂഹം മാനസികമായി പിന്തുണ നൽകിയാൽ, അതവർക്ക് പകരുന്ന കരുത്ത് ചെറുതല്ലെന്നും ഫഹദ് ഓർമിപ്പിക്കുന്നു.


Latest Related News