Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അബുദാബിയിൽ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് എങ്ങനെ കൊടുംകുറ്റവാളിയായി?വരുമാനത്തിൽ കവിഞ്ഞ ആഢംബര ജീവിതം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ ക്രൈം ത്രില്ലറിൽ നിന്ന് പലതും പഠിക്കാനുണ്ട്

November 07, 2021

November 07, 2021

അൻവർ പാലേരി 

ദുൽഖർ നായകനായ ‘കുറുപ്പ്’ എന്ന സിനിമചർച്ചയാകുമ്പോൾ ഏറെക്കാലം അബുദാബിയിൽ പ്രവാസിയായിരുന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ഗൾഫ്  ബന്ധവും ഒരിക്കൽ കൂടി മാധ്യമ ശ്രദ്ധയിലേക്ക് വരികയാണ്. 2018 ൽ സൗദിയിലെ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. അയാളുടെ നമ്പർ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതിനെ തുടർന്ന്  സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി.ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായിരുന്നു.സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിൽ 2018ൽ ഒരു മാധ്യമത്തിൽ ഈ വിവരങ്ങൾ വന്നതോടെ ഫോൺ കോളുകൾ പൂർണമായി നിലച്ചു. ആ നമ്പരും ഉപേക്ഷിക്കപ്പെട്ടു. പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല.
 
കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയാണെന്നാണ് പൊലീസ് ഇപ്പോഴും വിശ്വസിക്കുന്നത്. കേരളത്തിൽ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഒടുവിൽ വിട്ടയക്കുകയായിരുന്നു.
സുകുമാരക്കുറുപ്പ് അപ്രതീക്ഷിതമായാണ് ഒരിക്കൽ പിടിയിൽനിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥർ.

അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തോടുള്ള അമിതമായ താല്പര്യത്തെ തുടർന്നാണ് കേരളം ചരിത്രത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ കൊടുംകുറ്റവാളിയായി മാറിയതെന്നാണ് കണ്ടെത്തൽ.ചെറിയ വരുമാനമുള്ള ജോലിയായിരുന്നെങ്കിലും അധികം വൈകാതെ ഭാര്യ സരസമ്മയെയും കുറുപ്പ് അബുദാബിയിലേക്ക് കൊണ്ടുപോയിരുന്നു.പിന്നീട് അവർക്കും അവിടെ ജോലി ലഭിച്ചു.നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവ‍ും തുടങ്ങി. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ അതു നാടറിയുന്ന ആഘോഷമാകും.പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകിയിരുന്നു.കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു,അക്കാലത്ത് ഇത് ഭീമമായ തുകയായിരുന്നെങ്കിലും ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം ഒന്നും മിച്ചമുണ്ടായിരുന്നില്ല.തങ്ങളുടെ വരുമാനവുമായി ഒരു തരത്തിലും ഒത്തുപോകാത്ത തരത്തിലുള്ള ആഡംബരം നിറഞ്ഞ വീട് പണിയാനാണ് കുറുപ്പ് ലക്ഷ്യമാക്കിയിരുന്നതെങ്കിലും പണിതീരാത്ത ആ വീട് അമ്പലപ്പുഴയ്ക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇപ്പോഴും കാടുപിടിച്ചുകിടക്കുകയാണ്.

ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് മാഗസിന്‍ കയ്യിൽ കിട്ടിയത്.അതിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലേക്കെത്തിയത്.

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് എൻ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് അബുദാബിയിൽ  ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു.

അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.

പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പു തുടരുകയാണ്. ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോൾ. കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുകയായിരുന്നു. ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേർന്നാണ്, ഇൻഷുറൻസ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്.

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും.
 (വിവരങ്ങൾക്ക് 'ദി വീക്' മാഗസിനോട് കടപ്പാട്)

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News