Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസികൾ അറിയാൻ, എസ്ബിഐ ബാങ്കുകൾ നാളെ പ്രവർത്തിക്കില്ല

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ 
തിരുവനന്തപുരം:കേരളത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാളെ പണിമുടക്കുന്നു.  ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എസ്ബിഐയില്‍ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള എംപിഎസ്‌എഫ് വില്‍പന-വിപണന പദ്ധതി പിന്‍വലിക്കുക, ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍-ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കേന്ദ്ര റീജണല്‍ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച ഫലം കാണാതെ വന്നതിനെ തുടര്‍ന്നാണ് സംഘടന പണിമുടക്കിലേക്ക് നീങ്ങിയത്.

കേരളത്തില്‍ ഏറ്റവും കൂടതല്‍ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുവാനെന്ന പേരില്‍ ശാഖകളില്‍ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച്‌ വിപണന ജോലിയിലേക്ക് മാറ്റുകയാണ്. തന്മൂലം ശാഖകളിലെ സേവനങ്ങള്‍ അവതാളത്തിലാകും. ക്ലര്‍ക്കുമാരുടെ സേവനം ശാഖകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടാതെ വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സവിശേഷമായ വിപണന ജോലികള്‍ക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ച്‌ മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണ്. ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ശാഖകളില്‍ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വര്‍ദ്ധിക്കുമ്ബോള്‍ കാര്യക്ഷമതയെ ബാധിക്കുമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കുന്ന വരുമാന-ലാഭ ചോര്‍ച്ചയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ ജീവനക്കാരുടെ എണ്ണം കുറച്ച്‌ ചെലവുചുരുക്കുവാന്‍ പദ്ധതികള്‍ നടപ്പാക്കുമ്ബോള്‍ ബാങ്കിടപാടുകാര്‍ക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നത്. ലാഭകരമല്ലാത്ത ഇടപാടുകളും ഇടപാടുകാരും വേണ്ടെന്ന് വെയ്ക്കുന്ന പ്രവണത ബാങ്കുകള്‍ക്ക് ആശാസ്യമല്ല.

കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമര്‍ അടിത്തറയിലും ഗണ്യമായ വികാസമുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ബിസിനസ്സിനും ഒഴിവുകള്‍ക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. കേരളത്തില്‍ മാത്രം മൂവായിരത്തില്‍പരം ജീവനക്കാരുടെ ഒഴിവുകളുണ്ട്. തന്മൂലം ശാഖകളില്‍ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമര്‍ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേല്‍ അതിയായ ജോലി ഭാരവും കടുത്ത സമ്മര്‍ദ്ദവും നിലവില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയില്‍, നിലവിലെ ജീവനക്കാരില്‍ ഒരു ഭാഗത്തെ ശാഖകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ തൊഴില്‍- ജീവിത സന്തുലനത്തെയും ഇടപാടുകാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തില്‍ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. അതിനാല്‍ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന -പരിഷ്‌കാരത്തില്‍ നിന്ന് ബാങ്ക് ഉടന്‍ പിന്‍മാറണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എസ്ബിഐയിലെ ഒഴിവുകള്‍ നികത്തുവാന്‍ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ അടിയന്തിരമായി നിയമിക്കണം. ശാഖകളില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവിന്റെയും പുതിയ മാര്‍ക്കറ്റിംഗ് പദ്ധതിയുടെയും മറവില്‍ കൂടുതല്‍ പുറംകരാര്‍വല്‍ക്കരണ (ഔട്ട്‌സോഴ്‌സിംഗ്) നടപടികള്‍ക്ക് ബാങ്ക് ശ്രമിക്കുന്നത് ഇടപാടുകളെ ബാധിക്കും. മാത്രവുമല്ല ആയിരക്കണക്കിന് സ്ഥിരം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും.

കേരളത്തില്‍ വായ്പാ -നിക്ഷേപ അനുപാതം ഉയര്‍ത്തുക, മുന്‍ഗണനാ വിഭാഗം വായ്പാ വിതരണം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബാങ്കുകളുടെ ശരാശരി സി ഡി റേഷ്യോ 74 ശതമാനമാണെങ്കില്‍ എസ്ബിഐയുടേത് 53 ശതമാനം മാത്രമാണ്. മുന്‍ഗണനാ വിഭാഗം വായ്പകള്‍ മൊത്തം വായ്പകളുടെ 40 ശതമാനമാകണമെന്നിരിക്കേ എസ്ബിഐയുടേത് 33 ശതമാനം മാത്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News