Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പിണറായി,സുധാകരൻ പോര്: കണ്ണൂർ വീണ്ടും രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് സൂചന 

June 18, 2021

June 18, 2021

രാഷ്ട്രീയ ലേഖകൻ 

കണ്ണൂർ : കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പോർമുഖം തുറന്നതോടെ കണ്ണൂർ വീണ്ടും രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക.കണ്ണൂർ രാഷ്ട്രീയത്തെ അടുത്തറിയുന്ന രാഷ്ട്രീയ നിരീക്ഷകരാണ് ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്നത്.പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നാളത്തെ സുധാകരന്റെ മറുപടിയും ആരോഗ്യകരമായ രാഷ്ട്രീയ സംവാദത്തിനു പകരം, അക്രമാസക്തമായ പ്രതികാര രാഷ്ട്രീയത്തിനു വഴി തുറക്കുമെന്നാണ് ഒരു വിഭാഗം ഭയപ്പെടുന്നത്.

കൊണ്ടും കൊടുത്തും പാർട്ടിവളർത്തുന്ന കണ്ണൂർ രാഷ്ട്രീയത്തിലെ അമർന്നുകിടക്കുന്ന ഉൾക്കനലുകൾ ആളിക്കത്തിക്കുന്ന തരത്തിലാണ് വിവാദം ചൂടുപിടിക്കുന്നത്.കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ മുഖ്യശത്രു സിപിഎം തന്നെയാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഒരു എതിരാളി എന്ന നിലക്കാണ് കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ തലത്തിലും സിപിഎമ്മിനെ മുഖ്യ എതിരാളിയായി കണ്ട് പ്രവർത്തിക്കാനാണ് കോൺഗ്രസ് ശ്രമം. ജില്ലാ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളോട് കിടപിടിക്കാൻ കഴിയുന്നവർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തട്ടെയെന്നാണ് സുധാകരൻ മുന്നോട്ട് വെക്കുന്ന നിർദേശം.
അതേസമയം,സുധാകരനെ ഒത്ത പ്രതിയോഗിയായി കാണുന്ന കണ്ണൂരിലെ സി.പി.എം നേതാക്കളും അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്.ഏറെക്കാലം,സി.പി.എം,ബിജെപി സംഘർഷത്താൽ ചുവന്നു തുടുത്ത കണ്ണൂരിന്റെ മണ്ണിൽ അക്രമോൽസുകമായ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുമ്പോൾ ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.ജാതിസമവാക്യങ്ങൾ നോക്കി രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിയും കച്ചകെട്ടിയിറങ്ങിയാൽ കണ്ണൂർ വീണ്ടും രക്തച്ചുവപ്പുള്ള രാഷ്ട്രീയ വേദിയാവാനാണ് സാധ്യത.കേരളത്തിൽ വേണ്ടത്ര സ്വാധീനമുറപ്പിക്കാൻ കഴിയാതെ പോയ സാഹചര്യവും കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളും ബി.ജെ.പിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ കുറേകൂടി തീവ്രമായ ഹിന്ദു സെന്റിമെന്റ്സ് ഉണർത്തിവിട്ട് സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ കണ്ണൂർ വീണ്ടും കുരുതിക്കളമാകുമെന്ന് ഉറപ്പാണ്.ചുരുക്കത്തിൽ  സി.പി.എം,സുധാകരൻ തുറന്ന പോര് ഈ രണ്ടു പാർട്ടികൾക്കുമിടയിലെ രാഷ്ട്രീയ സംഘർഷമായി മാത്രം ഒതുങ്ങാൻ സാധ്യതയില്ല.


Latest Related News