Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ആറ് വയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍: നടന്നത് കൃത്യമായ ആസൂത്രണം; ബുദ്ധികേന്ദ്രം ഭാര്യ അനിതാകുമാരി; യഥാര്‍ത്ഥ ഹീറോ സഹോദരന്‍ ജോനാഥന്‍

December 02, 2023

Malayalam_News_Qatar

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

കൊല്ലം : ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആദ്യ ദിവസം കിട്ടിയ സുപ്രധാനമായ സൂചന പോലീസിന് ലഭിച്ചിരുന്നെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി . അതില്‍ നിന്ന് അന്വേഷണം വിപൂലീകരിച്ചു. നാല് ദിവസത്തെ അന്വേഷണത്തിന് ശേഷം പ്രതികളെ തെങ്കാശിയില്‍ നിന്നും പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവര്‍ മാത്രമാണ് നിലവില്‍ കേസിലെ പ്രതികളെന്നും പോലീസ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പൂയപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം പ്രതികള്‍ കുറ്റകൃത്യം നടത്തിയത് എഡിജിപി വിശദീകരിച്ചു. 


കൊല്ലം ടികെഎം കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ് പത്മകുമാര്‍. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായി. ഒരു വര്‍ഷത്തോളമായി എങ്ങനെ പണം ഉണ്ടാക്കാമെന്ന് പ്ലാന്‍ ചെയ്തു. ദൃശ്യമാധ്യമങ്ങളും സിനിമകളുമൊക്കെ സ്വാധീനിച്ചെന്നും പത്മകുമാര്‍ പോലീസിന് മൊഴി നല്‍കി.

ഒരു വര്‍ഷത്തെ പ്ലാനിംഗ്; കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും  ശ്രമം ആരംഭിച്ചു 


ഒരു വര്‍ഷം നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഇടയ്ക്ക് പ്ലാന്‍ ഉപേക്ഷിച്ചെങ്കിലും അടുത്തിടെ വീണ്ടും പദ്ധതിക്കായി ശ്രമം തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് ആദ്യത്തെ വ്യാജ നമ്പര്‍പ്ലേറ്റും അടുത്തകാലത്ത് രണ്ടാമത്തെ വ്യാജ നമ്പര്‍പ്ലേറ്റും സംഘടിപ്പിച്ചു. എളുപ്പത്തില്‍ തട്ടിക്കൊണ്ടുപോകാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് കാറുമായി പരക്കെ തിരഞ്ഞു. തട്ടിക്കൊണ്ടുപോയ അഭികേലിനേയും സഹോദരന്‍ ജോനാഥനേയും ഒരാഴ്ചയായി പ്രതികള്‍ കാറിലെത്തി തുടരെ നിരീക്ഷിച്ചു. രണ്ട് തവണ തട്ടിക്കൊണ്ടുപോകാന്‍ ശ്രമവും നടത്തി. ആദ്യം കുട്ടികളുടെ അമ്മയും രണ്ടാമത് കുട്ടികളുടെ അമ്മൂമ്മയും എത്തിയതിനാല്‍ ശ്രമം പാളി. കൃത്യം നടന്ന ദിവസം 4.15-ഓടെ പ്രതികള്‍ സ്ഥലത്തെത്തി. 


 യഥാര്‍ത്ഥ ഹീറോ ജൊനാഥന്‍; സഹോദരന്‍ പ്രതിരോധിച്ചത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പ്രതികള്‍ 

അഭികേലും ജോനാഥനും നല്‍കിയ കൃത്യമായ വിവരങ്ങളാണ് കേസില്‍ നിര്‍ണായകമായത്. സംഭവത്തില്‍ യഥാര്‍ത്ഥ ഹീറോ അഭികേലിന്റെ സഹോദരന്‍ ജോനാഥനെന്ന് അന്വേഷണ സംഘം പറഞ്ഞു. രണ്ട് കുട്ടികളേയും തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ ജോനാഥന്‍ പ്രതികരിച്ചതിനാല്‍ അത് നടന്നില്ല. സഹോദരന്റെ പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. സഹോദരന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ കൊടുത്തു. അത് കുട്ടി വാങ്ങി. എന്നാല്‍ പിടിവലിക്കിടയില്‍ ആ കുറിപ്പ് കാറില്‍ തന്നെ വീണു. പിന്നീട് പ്രതികള്‍ കുറിപ്പ് കത്തിച്ചു കളഞ്ഞു. പ്രതികളുടെ ചാത്തന്നൂരിലെ വീടിന് താഴെയുള്ള പ്രതികളുടെ തന്നെ ഉടമസ്ഥതയിലുള്ള കടയുടെ നമ്പര്‍ എഴുതിയ കുറിപ്പാണ് കത്തിച്ചത്. കുട്ടി സുരക്ഷിതയാണ്. ഈ നമ്പറില്‍ ബന്ധപ്പെടും. അപ്പോള്‍ പണം തന്നാല്‍ കുട്ടിയെ സുരക്ഷിതമായി എത്തിക്കാം.. എന്നായിരുന്നു കുറിപ്പ്. 


 നടന്നത് കൃത്യമായ ആസൂത്രണം 


തട്ടിയെടുത്ത ശേഷം  കരഞ്ഞ കുട്ടിയെ  അച്ഛന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ്  ആശ്വസിപ്പിച്ചു. തളര്‍ച്ചയ്ക്കായി ഗുളികയും കൊടുത്തു. ചാത്തന്നൂരിലെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത് . ഫാം ഹൗസിലേക്ക് പോയിട്ടില്ല. വൈകിട്ട് ചാത്തന്നൂരിലെ വീട്ടില്‍ എത്തിച്ച ശേഷം കുട്ടിയില്‍ നിന്ന് അമ്മയുടെ നമ്പര്‍ വാങ്ങി ഓട്ടോയില്‍ പാരിപ്പള്ളിയില്‍ എത്തി കടയുടമയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയെ വിളിച്ചു. ആറ് വയസ്സുകാരിയെ ചാത്തന്നൂരിലെ പ്രതികളുടെ വീട്ടില്‍ മകള്‍ അനുപമയെ ഏല്‍പ്പിച്ചാണ് പ്രതികള്‍ പാരിപ്പള്ളിയിലേക്ക് പോയത്. പിന്നീടാണ് സംഭവത്തിലെ മാധ്യമങ്ങളുടെ ഇടപെടല്‍ പ്രതികള്‍ക്ക് വ്യക്തമായത്. 


 കുട്ടിയെ ഉപേക്ഷിച്ചത് ഗത്യന്തരമില്ലാതെ; ഉപേക്ഷിക്കുന്നതിലും പ്ലാനിംഗ് 

മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടുകൂടി  ഗത്യന്തരമില്ലാതെയാണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നതിലും വ്യക്തമായ പ്ലാനിംഗ് നടത്തി. ഉപേക്ഷിച്ച ദിവസം രാവിലെ 11 മണിയോടെ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മൂന്ന് പേരും നീല കാറിലെത്തി. പിന്നീട് അവിടെ നിന്ന് അനിതാകുമാരി ഒരു ഓട്ടോയില്‍ ലിങ്ക് റോഡില്‍ നിന്ന് കുട്ടിയുമായി ആശ്രമാത്ത് എത്തി. കുട്ടിയെ ഉപേക്ഷിച്ചു. ഇവര്‍ക്ക് പിറകെ പത്മകുമാര്‍ മറ്റൊരു ഓട്ടോയില്‍ അവിടെ എത്തി. കുട്ടി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും അവിടെ നിന്ന് മറ്റൊരു ഓട്ടോയില്‍ കയറി ബിഷപ്പ് ജെറോം നഗറിലേക്ക് പോയി. അവിടെ അനിതകുമാരിയെ നിര്‍ത്തിയ ശേഷം മറ്റൊരു ഓട്ടോയില്‍ ലിങ്ക് റോഡിലേക്ക് പോയി കാറെടുത്ത ശേഷം മൂവരും ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങി. 


 സൂചനകളിലൂടെ പ്രതികളിലേക്ക്; പോലീസിനെ വഴിതെറ്റിക്കാനും ശ്രമം; ഒരു ഘട്ടത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഇല്ല 


കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച ഫോണ്‍ കോളില്‍ നിന്ന് പോലീസ് സുപ്രധാന സൂചന ലഭിച്ചു. ശബ്ദരേഖ ഇവരുടെ വീടിന് സമീപത്തെ ഒരു പൊതുപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിച്ചു. ഈ സൂചനയില്‍ നിന്ന് പ്രതികളിലേക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ അനാലിസിസ്, പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരം എന്നിവയും പ്രതികളിലേക്ക് എത്താന്‍ സഹായിച്ചു. സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഒറിജിനല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. കുട്ടിയെ മോചിപ്പിച്ച സമയത്ത് ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ ആശ്രാമത്ത് ഉള്ളതായും പോലീസ് കണ്ടെത്തി. 

യാത്രയില്‍ ഒരു ഘട്ടത്തിലും പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നതാണ് പ്രധാനം. പോലീസിനെ വഴിതെറ്റിക്കാനും കൃത്യമായ ആസൂത്രണം നടന്നു. പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റും. കൃത്യം നടത്തി വീണ്ടും ഹൈവേയില്‍ എത്തി കൃത്യമായ നമ്പര്‍പ്ലറ്റ് വെയ്ക്കും. ഇതായിരുന്നു രീതി.  സിനിമകളും മാധ്യമങ്ങളും കണ്ട് കൃത്യത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കി. പോലീസിനെ പറ്റിക്കാനും പിടിക്കപ്പെടാതിരിക്കാനും ഉള്ള എല്ലാകാര്യങ്ങളും ചെയ്തു.


ബുദ്ധികേന്ദ്രം അനിതാകുമാരി; യൂട്യൂബ് വരുമാനം നിലച്ചത് പദ്ധതി വേഗത്തിലാക്കി 


അഞ്ച് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പത്മകുമാറിന്റെ അവകാശാവാദം. 10 ലക്ഷം രൂപ പെട്ടെന്ന് ആവശ്യം വന്നു. അത് ആരില്‍ നിന്നും കിട്ടാതായതോടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പദ്ധതിയിട്ടത്. സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയുടെ മാതാപിതാക്കളെ വിളിക്കാത്തത് അന്വേഷണം വഴി തെറ്റിക്കാനെന്നും പ്രതികള്‍. 

പത്മകുമാറിന് കട ബാധ്യതയേക്കാള്‍ കൂടുതല്‍ ആസ്തിയുണ്ട്. പക്ഷെ അതെല്ലാം പലയിടത്തായി പണയത്തിലാണ്. അതോടൊപ്പം ഇയാളോട് അടുത്ത കുറച്ച് ആളുകള്‍ക്ക് അടുത്തിടയായി സാമ്പത്തിക വളര്‍ച്ച ഉണ്ടായി. അത് ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിലൂടെയാണ് എന്നാലോചിച്ച് എന്തുകൊണ്ട് തങ്ങള്‍ക്കും ഇങ്ങനെ ചെയ്തുകൂടാ എന്ന് ചിന്തിച്ചാണ് കുറ്റകൃത്യത്തിലേക്ക് എത്തിയതെന്നാണ് മൊഴി.

 അനിതകുമാരിയാണ് പദ്ധതിക്കുള്ള ബുദ്ധികേന്ദം. പിന്നീട് മൂന്ന് പേരും കൂടി ആസൂത്രണം ചെയ്തു. ആദ്യം പത്മകുമാറിന്റെ അമ്മ എതിര്‍ത്തു. ഇക്കഴിഞ്ഞ ജൂണില്‍ അമ്മ മരണപ്പെട്ടതോടെ വീണ്ടും പദ്ധതി ആസൂത്രണം ചെയ്തു. 

യൂട്യൂബില്‍ നിന്ന് വരുമാനമുണ്ടായിരുന്ന മകള്‍ അനുപമ ആദ്യം എതിരായിരുന്നു. യൂട്യൂബില്‍ ആക്ടീവായതോടെ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മൊണിറ്റൈസേഷന്‍ നഷ്ടപ്പെട്ടു. ഇതില്‍ വിഷമിതയായ അനുപമ ഒന്നരമാസം മുന്‍പ് പ്ലാനില്‍ ആക്ടീവായി. പദ്ധതി വേഗത്തിലായി


 വിജയിച്ചിരുന്നെങ്കില്‍ മറ്റ് പദ്ധതികളും പ്ലാനില്‍ ; ഒടുവിൽ റിമാന്റിൽ 


ആറ് വയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി വിജയമായിരുന്നെങ്കില്‍ മറ്റു പദ്ധതികളും പ്രതികള്‍ പ്ലാന്‍ ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ല.  ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിലെ അന്വേഷണത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പ്രതികള്‍. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് പ്രതികളെ റിമാന്റ് ചെയ്തത്. പ്രതികള്‍ക്കായി രണ്ട് അഭിഭാഷകര്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരായി. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരിയേയും മകള്‍ അനുപമയേയും അട്ടക്കുളങ്ങര വനിത ജയിലിലേക്കും മാറ്റി. ജീവപര്യന്തം തടവുകള്‍ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപ്രദ്രവമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
 

അച്ഛന് പങ്കില്ല ;രേഖചിത്രം നിർണായകം 


കുട്ടിയുടെ അച്ഛന്‍ റെജിക്കും മറ്റ് ബന്ധുക്കൾക്കും തട്ടിക്കൊണ്ടുപോകലുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി.  കേസില്‍ സുപ്രധാന പങ്ക് വഹിച്ച രേഖാ ചിത്രം വരച്ചവരേയും പോലീസ് അഭിനന്ദിച്ചു. ആറ് വയസ്സുകാരി പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് പ്രതികളുടേതെന്ന് സാമ്യമുള്ള കൃത്യതയുള്ള രേഖാചിത്രമാണ് പോലീസിന് ലഭിച്ചത്. കൊല്ലം സ്വദേശികളായ അര്‍ ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവുമാണ് രേഖാചിത്രം വരച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News