Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഈ മൂന്ന് സിഗ്നലുകൾ തരും,അപകടം ഒഴിവാക്കാനുള്ള നിർദേശങ്ങളുമായി കേരള പോലീസ്

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപരം :24 മണിക്കൂറും നമ്മൾ കയ്യിൽ കൊണ്ടുനടക്കുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ വര്ധിച്ചുവരികയാണ്.ഉറങ്ങുമ്പോൾ ചിലർ തലയിണക്കടിയിൽ വരെ സൂക്ഷിക്കുന്ന ഈ ഉപകരണം ദുരന്തകാരണമാകുന്ന വാർത്തകൾ മൊബൈൽ ഫോൺ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു മാസം മുമ്പാണ്  തൃശൂർ തിരുവില്വാമലയിൽ മൊബൈൽ പൊട്ടിത്തെറിച്ച് കൈക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റ് ആദിത്യശ്രീ എന്ന എട്ടുവയസ്സുകാരിക്ക് ജീവൻ നഷ്ടമായത്.പിന്നാലെ വ്യാഴാഴ്ച ഹോട്ടലിൽനിന്ന് ചായ കുടിക്കുന്നതിനിടെ, വയോധികന്റെ പോക്കറ്റിൽ നിന്ന് ഫോൺ പൊട്ടിത്തെറിച്ച് തീ കത്തിയ സംഭവവും വലിയ തോതിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ മൊബൈൽ ഫോണുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ തടയാൻ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുകയാണ് കേരള പോലീസ്.

പൊട്ടിത്തെറിയടക്കമുള്ള അപകടം വരുന്നതിനു മുമ്പേ മൊബൈൽ ഫോൺ  പലവിധത്തിലും സിഗ്‌നൽ തരാറുണ്ടെന്നും ചുരുങ്ങിയത് മൂന്ന് കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ഫോണിന് പതിവിലും ചൂട് കൂടുക, ചാർജ് പെട്ടെന്ന് തീരുക, ചാർജ് കയറാൻ കൂടുതൽ താമസം എടുക്കുക എന്നിവ മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ലഭിക്കുന്ന ആദ്യ സൂചനയാണ്.

കേരള പോലീസിന്റെ എഫ്.ബി കുറിപ്പ് :

 മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ.

 കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നൽ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് - നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം - അയൺ ബാറ്ററികളാണ് സ്മാർട്ട് ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന.

 മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്‌പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്.
 
 അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാർട്ട്‌ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.

ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം - അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവർ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല.

 എല്ലായ്‌പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കും. കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല. ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും.

 സ്മാർട്ട്‌ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്‌ക് ഇരട്ടിയാക്കുമെന്ന് ഓർക്കുക. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News