Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൂന്നാം ലോക കേരളസഭ അവസാനിക്കുമ്പോൾ പ്രവാസികൾ ചോദിക്കുന്നു,ഞങ്ങളിനിയും എത്രകാലം യൂസഫലിക്ക് മുന്നിൽ കൈനീട്ടണം?

June 19, 2022

June 19, 2022

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനം സമാപിക്കുമ്പോൾ വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോലും എം.എ.യൂസഫ് അലിയെ പോലുള്ള വ്യവസായികളുടെ മുന്നിൽ കൈനീട്ടേണ്ടിവരുന്ന അവസ്ഥയാണെന്ന് വിമർശനം.വർഷങ്ങളായി പ്രവാസികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പോലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പതിവുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശമലയാളികളെ വിളിച്ചിരുത്തി ആദരിക്കുന്നു എന്നതൊഴിച്ചാല്‍ ഒരു പ്രവാസിയുടെയും പ്രശ്‌നങ്ങള്‍ക്ക് ഈ സമ്മേളനം സഹായിക്കുന്നില്ലെന്നുമാണ് പ്രവാസികളുടെ തന്നെ പക്ഷം.

കഴിഞ്ഞ ദിവസം ലോക കേരള സഭയുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തിനിടെ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സൗദിയില്‍ മരിച്ചെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകാത്ത സാഹചര്യമാണെന്നും ആ വ്യക്തിയുടെ മകന്‍ പരാതി പറഞ്ഞിരുന്നു. ഉടന്‍ വിഷയത്തില്‍ ഇടപെട്ട പ്രവാസി വ്യവസായി എംഎ യൂസഫലി അതില്‍ ഇടപെടാന്‍ തന്റെ ഓഫീസിന് നിര്‍ദേശം നല്‍കി.

അതേസമയം,ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോലും യൂസഫലിയെ പോലുള്ളവരുടെ സഹായം തേടേണ്ടിവരുന്ന അവസ്ഥയാണെങ്കിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ എന്തിനാണെന്ന പ്രസക്തമായ ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.എല്ലാവരെയും യൂസഫലിക്ക് ഇങ്ങനെ സഹായിക്കാനാകുമോ എന്നും ഇത്തരം വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതല്ലേ എന്നുമുള്ള പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് മൂന്നാമത് ലോകകേരള സഭയും അവസാനിച്ചത്.

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് മരണപ്പെടുന്നതെങ്കിൽ നിയമതടസ്സങ്ങൾ നേരിടാറുണ്ട്.സന്നദ്ധ പ്രവർത്തകരും സംഘടനകളും ഇടപെട്ട് അതാത് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാറുള്ളത്.മൃതദേഹം നാട്ടിലെത്തുമ്പോൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായില്ലെങ്കിൽ മാത്രം ഗൾഫിൽ തന്നെ സംസ്കരിക്കാറുമുണ്ട്.

ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയും നോർക റൂട്സും കഴിഞ്ഞ വർഷം അറിയിച്ചിരുന്നെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.ഗൾഫിൽ നിയമപ്രശ്ങ്ങൾ നേരിടുന്ന മലയാളികൾക്ക് ആവശ്യമായ നിയമ സഹായങ്ങൾ നൽകുമെന്നും സംസ്ഥാന സർക്കാരും നോർക്കയും അറിയിച്ചിരുന്നെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി.

ഇവിടെയാണ് ലോക കേരള സഭ പോലുള്ള ഫോറങ്ങള്‍ എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന്റെ പ്രസക്തി ഉയരുന്നത്. മൂന്നു വര്‍ഷം ലോക കേരള സഭ പോലെയുള്ള സംവിധാനം ഉള്ള കേരളത്തിലേക്ക് ഒരു മലയാളി മരിച്ചാല്‍ മൃതദേഹം എത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് ലോക കേരള സഭയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും നാണക്കേടാണ്.

യഥാര്‍ത്ഥ വിഷയം പഠിച്ച്‌ വിദഗദ്ധരുടെ അഭിപ്രായം കേട്ട് മാത്രമെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകൂ. ഈ പ്രശ്‌നങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുത്ത് വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പ്രവാസികളായ മലയാളികൾ ഇനിയും യൂസഫലിയെ പോലുള്ള നൻമ നിറഞ്ഞ വ്യവസായികളുടെ കരുണക്കായി കാത്തിരിക്കേണ്ടി വരും.

മൂന്നു ലോകകേരള സഭ കൂടിയിട്ടും ഇതിന് കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തെന്ന ചോദ്യം ഇനിയും ഉയരും. സംസ്ഥാന ഖജനാവില്‍ നിന്ന് ഇത്തവണ പൊടിച്ച 5.3 കോടി രൂപയും വെള്ളത്തില്‍ വരച്ച വരയല്ലെന്ന് ഉറപ്പാക്കാന്‍ പ്രവാസികളെങ്കിലും മുന്നിട്ടിറങ്ങണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News