Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഡോ.എം.കെ മുനീറിന് ഭീഷണിക്കത്ത്,ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകരുതെന്ന് മുന്നറിയിപ്പ്

August 25, 2021

August 25, 2021

 

കോഴിക്കോട്: താലിബാന്‍ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.അതേസമയം,മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും തീവ്രവാദത്തെ പിന്തുണക്കുന്നവരാണെന്ന് വരുത്തിത്തീർക്കാനും ലക്ഷ്യമാക്കി സംഘപരിവാർ ശക്തികൾ തന്നെയായിരിക്കാം ഇത്തരത്തിൽ ഭീഷണിക്കത്ത് അയച്ചതെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.

'താലിബാന്‍ ഒരു വിസ്മയം' എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തിന്‍റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്നും എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താലിബാനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്.

താലിബാൻ വിഷയത്തിലെ ഡോ.മുനീറിന്റെ പോസ്റ്റ് :

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്.

ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?

താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക!

അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു.

അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ...

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News