Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റഹീം മൗലവിയുടെ ഓർമയിൽ പ്രവാസലോകം,ബഷീർ സി.വിയുടെ ഹൃദയസ്പർശിയായ ഫെയ്‌സ്ബുക്ക് കുറിപ്പ്

September 11, 2021

September 11, 2021

ദോഹ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും ഗ്രന്ഥകാരനും പ്രഭാഷകനുമായ റഹീം കുറ്റ്യാടിയുടെ വിയോഗം പ്രവാസ ലോകത്തും കടുത്ത വേദനയും നടക്കവുമാണ് ഉണ്ടാക്കിയത്.മലയാളികൾ നെഞ്ചേറ്റിയ നിരവധി ഗാനങ്ങളുടെ രചയിതാവെന്ന നിലയിലും  ഇസ്‌ലാഹി പ്രസ്ഥാനത്തിനായി നിരന്തരം പ്രവർത്തിച്ചിരുന്ന മതപണ്ഡിതനെന്ന നിലക്കും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി അദ്ദേഹത്തിന് അത്രമാത്രം ഇഴയടുപ്പമുണ്ടായിരുന്നു.ഇതിനിടെ,ആറു വർഷത്തോളം ഖത്തറിൽ പ്രവാസ ജീവിതം നയിച്ച റഹീം മൗലവിയുടെ അനിതര സാധാരണമായ പ്രഭാഷണ ചാതുരിയെ കുറിച്ചാണ് ദോഹയിലെ ഇസ്‌ലാഹി പ്രവർത്തകർക്ക് പറയാനുള്ളത്.ഖത്തറിലെ നിരവധി പള്ളികളിൽ അദ്ദേഹം നിരന്തരമായി ജുമുഅ ഖുതുബയുടെ പരിഭാഷ നിർവഹിച്ചിരുന്നു.ഖത്തരി ഇസ്‌ലാഹി സെന്റർ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹം എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ മദ്രസാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
റഹീം മൗലവിയുടെ ഒമാൻ സന്ദർശനത്തിനിടെ ഏതാനും ദിവസങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ താമസിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് എഴുത്തുകാരൻ കൂടിയായ ബഷീർ സി.വി.റഹീം മൗലവിയുടെ നിര്യാണവാർത്തയറിഞ്ഞു അദ്ദേഹം ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം :
 
ഒരു കുല മുന്തിരി :
കൂത്ത്പറമ്പു സ്വദേശി റഹീം സാഹിബ് കൊള്ളാവുന്ന ഒരു മനുഷ്യനാണ്. ഒരു വെള്ളിയാഴ്ച ഒമാനിലെ റുവി ഖാബൂസ് പള്ളിക്ക് അടുത്തുള്ള 'മലയാളി മുക്കില്' നിന്ന് പരിചയപ്പെട്ടതാണ് 'ഒമാൻ ഏവിയേഷ'നിൽ ജോലിചെയ്യുന്ന, മെലിഞ്ഞു നീണ്ട, അദ്ദേഹത്തെ.
വിമാനക്കമ്പനിയില് ജോലി ലഭിക്കുക എന്നൊക്കെ വച്ചാല് വലിയ സംഗതിയാണ്. ഇടക്കൊക്കെ ചെറിയ പൈസക്ക് നാട്ടിലേക്ക് പറക്കാം. കുഞ്ഞു കുട്ടീ പരാധീനതകളെയും പള്ളിക്കമ്മറ്റിക്കാരെയും നേരിട്ട് കാണുകയും നാട്ടിൽ രണ്ടു കല്യാണം കൂടുകയും ചെയ്യാം. ആകെ മൊത്തം അതൊരു പത്രാസുമാണ്.
ഇടക്കിടെ നാട്ടിൽ പോയി വരുന്ന ആള് എന്ന നിലക്ക് നാട്ടില് നിന്ന് വേണ്ടത്ര ഹലുവയും ലുങ്കിയും തോർത്ത് മുണ്ടും കായ വറുത്തതും കൂട്ടത്തിൽ, സന്തോഷവും സങ്കടവും എഴുതി മുത്തി മണത്ത് ഒട്ടിച്ച് പ്രിയത്തോടെ കൊടുത്തയച്ച, മറ്റുള്ളവരുടെ കത്തുകളും കൊണ്ടുവരാം. വാർത്താ വിനിമയ സൗകര്യങ്ങൾ വേണ്ടത്ര വികസിച്ചു പൊട്ടാത്ത കാലത്താണ് കഥ നടക്കുന്നത് എന്ന്‌ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.
അങ്ങനെ പലതരത്തില് ഉള്ള സൌഭാഗ്യങ്ങള് ഉള്ള സംഭവമാണ് മേപ്പടി ജോലി. വിമാനത്തിലെ ആകാശാതിഥേയർ ആയി ജോലി ചെയ്യുന്ന മൊഞ്ചത്തി പെണ്ണുങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ജോലി എങ്കിലും ആള് വലിയ ഭക്തനാണ്. എന്ന് വച്ചാല് വഹാബി, മുജാഹിദ്. ഇന്നത്തെ പോലെ ആണുങ്ങളുടെ താടികൃഷിയും പെണ്ണുങ്ങളുടെ ഗാര്ബേജ് ബാഗ് വേഷവും ഒന്നും ആയിരുന്നില്ല അന്ന് 'മുജാഹിദ്' എന്ന് പറഞ്ഞാല്. ഒക്കെ ഒരുമാതിരി ഉല്പതിഷ്ണുക്കളും അത്യാവശ്യം സാമാന്യ ബുദ്ധി ഉള്ളവരും പുരോഗമന വാദികളും ആയിരുന്നു.
കോഴിക്കോട് പട്ടാളപ്പള്ളിയിലെക്ക് ജുമുആക്കു പോകുന്ന പെണ്ണുങ്ങള് സാരിയും തട്ടവും ഒക്കെ ആയിരുന്നു പള്ളിക്ക് പുറത്ത് ധരിച്ചിരുന്നത്. കയ്യില് നമസ്കാര കുപ്പായം തൂക്കി ഇട്ടിരിക്കും, പള്ളിയിൽ കയറുമ്പോൾ ധരിക്കും, പള്ളിയിൽ നിന്ന്‌ ഇറങ്ങിയാൽ തിരിച്ച് ഊരിയെടുത്ത് കയ്യിൽ തൂക്കും. അത്ര തന്നെ!
പറഞ്ഞ് വന്നത് റഹീം സാഹിബിനെ കുറിച്ചാണ്. എനിക്ക് 'ശരികത് ഫെന്നിയ' എന്ന കമ്പനിയിൽ പുതിയ ജോലി ലഭിച്ച ശേഷം ഒരു 'എക്സികൂട്ടിവ് ബാച്ച്ലർ താമസ സൗകര്യം' അന്വേഷിച്ച് നില്ക്കുമ്പോഴാണ് റഹീം സാഹിബ് ഒരു കൈ സഹായവും ആയി എത്തുന്നത്. അദ്ദേഹം, ഓകെ സെന്റർ എന്നും ഒസി സെന്റർ എന്നും ഒക്കെ അറിയപ്പെട്ടിരുന്ന കെട്ടിട സമുച്ചയത്തിന്റെ നേരെ എതിർ വശത്ത്, മൂന്നു മുറികള് ഉള്ള ഒരു ഫ്ലാറ്റ് വാടകക്ക് എടുത്തിട്ടുണ്ട്. ഒന്നില് അദ്ദേഹം സ്വന്തം നിലക്ക് താമസം ഉറപ്പിച്ചിട്ടുണ്ട്. അതിൽ ലാൻഡ് ഫോണ് റെഫ്രിജറേറ്റർ ടെലിവിഷൻ തുടങ്ങിയ ജമണ്ഡൻ സൗകര്യങ്ങൾ ഉണ്ട്. ടെലിവിഷൻ ഉണ്ടായിരുന്നു എങ്കിലും അധിക സമയവും അതൊരു കറുത്ത തുണി കൊണ്ട് മൂടിയിട്ടിരുന്നു. മറ്റൊരു മുറി ഒരു അച്ചായന് മറു വാടകക്ക് കൊടുത്തിരിക്കുന്നു. ഖാബൂറായിലെയും സഹാമിലേയും 'മല്ലു ലോക്കൽ ഡിസ്റ്റിലറി' കളിൽ ഏവർഡി ബാറ്ററി യും അഴുകിയ ചക്കരയും ഒക്കെ ചേർത്ത് വാറ്റി എടുത്ത ചാരായത്തിൽ നിന്ന്‌ നാലു ടേബിൾ സ്പൂണ് കഴിക്കാതെ അച്ചായൻ ഉറങ്ങാറില്ല. അതൊക്കെ ആരും പരസ്പരം പറയാത്ത എല്ലാവർക്കും അറിയാവുന്ന രഹസ്യങ്ങൾ ആയിരുന്നു.
അടുക്കള പൊതുവായി ഉപയോഗിക്കാം. ഒഴിഞ്ഞു കിടക്കുന്ന മുറിയില് എനിക്ക് താമസിക്കാം. മാന്യമായ വാടക കൊടുത്താല് മതി. മൂപ്പർക്ക് ചെറിയൊരു ലാഭം ന്യായമായും ഉണ്ട് എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.
മുറിയൊക്കെ ഇഷ്ടമായി. സാമാന്യം വിശാലമാണ്. കട്ടിലും കിടക്കയും ഏസി യും കൂടാതെ ഒന്ന് രണ്ടു കസേരകള്. ചെറിയൊരു മേശ. പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാത്ത എനിക്ക് അതൊക്കെ ധാരാളം എന്ന് അദ്ദേഹം കമന്റു പറഞ്ഞു. പിടക്കോഴി ഒക്കെ ആവുമ്പോൾ ഒരു ഫ്ലാറ്റ് തന്നെ എടുക്കാമല്ലോ. തൽക്കാലം ചേവലിന് ഈ ഒരു മുറി തന്നെ ധാരാളം.
സായാഹ്‌നങ്ങളിൽ ടെലിഫോണ് ബൂത്തിനു മുൻപിൽ ക്യൂ നിന്ന് നാട്ടിലേക്ക് വിളിച്ച് ഒരു റിയാലിന് ഒരു മിനുറ്റ് കരഞ്ഞും, പഴയ ചില സുഹൃത്തുക്കളെ സന്ദര്ശിച്ചും ഒരാഴ്ച ജഗ ജഗാന്ന് പോയി. അടുത്ത വെള്ളിയാഴ്ച ഖാബൂസ് പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് ഇറങ്ങിയ റഹീം സാഹിബ് എനിക്ക് ഒരു മൌലവിയെ പരിചയപ്പെടുത്തി തന്നു. വിരോധമില്ലെങ്കില് എന്റെ മുറിയില് കുറച്ചു ദിവസം താമസിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
സംഗതി മൌലവിയാണ്. എങ്ങനെ എന്താവുമോ എന്തോ! എന്റെ വ്യക്തിപരമായ കാര്യങ്ങളില് ഇടപെടില്ല എങ്കില് താമസിക്കട്ടെ എന്ന് ഞാന് പറഞ്ഞു. മൗലവി രാത്രി തന്നെ പുതപ്പും കോസടിയുമായി എത്തി. ഞങ്ങള് സഹ മുറിയന്മാരായി. ഒറ്റക്ക് കിടക്കുന്ന ഭയം മാറ്റാന് കാസറ്റ് പ്ലെയറില് മുഹമ്മദ് റാഫിയും സുരയ്യയും നൂര്ജഹാനും പങ്കജ് ഉധാസും ഒക്കെ പാടിയിരുന്നു. ഇടക്ക് ഞാന് ഉറക്കെ പാടുകയും ചെയ്തിരുന്നു. മൗലവി വന്ന ശേഷം ആ പരിപാടി നിര്ത്തേണ്ടി വന്നു.
എന്നാലും എന്തെങ്കിലും ഒക്കെ സംസാരിച്ചു കിടക്കാന് ഒരാള് ആയല്ലോ - ഞാന് അങ്ങനെ ആശ്വസിച്ചു. ധാരാളം യാത്ര ആവശ്യമുള്ള ജോലി ആയതിനാല് വാഹനത്തില് നിന്ന് ധാരാളം പാട്ടുകള് കേള്ക്കുകയും പാകിസ്ഥാനിയുടെ മെസില് നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു വന്നു.
ഒരു രാത്രി അദ്ദേഹം എന്നോട് ചോദിച്ചു.
"നിനക്ക് സ്വര്ഗത്തില് പോവാന് ആഗ്രഹമില്ലേ?"
"ആഗ്രഹം മാത്രം ഉണ്ടായിട്ടു എന്താ കാര്യം! അതിനു വേണ്ടി ആരാധിക്കാനും മിനക്കെടാനും ഒന്നും എനിക്ക് വയ്യ" ഞാന് പറഞ്ഞു.
"ദാഹിച്ചു വലഞ്ഞ പട്ടിക്ക് വെള്ളം കൊടുത്തു സ്വര്ഗത്തില് പോയ ഒരു വേശ്യയുടെ കഥ കേട്ടിട്ടില്ലേ?"
"കഥയോകെ കേട്ടിട്ടുണ്ട്. പക്ഷെ പറ്റിയ ഒരു പട്ടിയെ ഇതുവരെ തരത്തില് കിട്ടിയിട്ടില്ല" ഞാന് പറഞ്ഞു.
"നീ കൊള്ളാലോ ചെക്കാ" എന്ന ഭാവത്തില് അദ്ദേഹം എന്നെ ആകമാനം ഒന്ന് നോക്കി.
എന്റെ ഔദാര്യത്തില് താമസിക്കുന്നത് കൊണ്ടാവാം, പിന്നെ അദ്ദേഹം ഒന്നും സംസാരിച്ചില്ല. അതി കാലത്ത് എഴുന്നേറ്റ് അദ്ദേഹം പള്ളിയില് പോകും. ഞാന് ഓഫീസില് പോയി കഴിഞ്ഞേ അദ്ദേഹം ഫ്ലാറ്റില് വരാറുള്ളൂ. കാര്യങ്ങള് അങ്ങനെ ഒരാഴ്ച പോയി.
മൗലവി അരസികന് ആണോ എന്ന് അറിയാന് എന്ന വണ്ണം ഞാന് രാത്രിയില് കിടക്കയില് കിടന്നൊരു പാട്ടു പാടി. വല്ലാതെ മുഷിപ്പിക്കരുത് എന്ന് കരുതി മാപ്പിള പ്പാട്ടാണ് പാടിയത്. പാട്ടു തകര്ത്തു പാടിയിട്ടും മൗലവി അനങ്ങുന്നില്ല. ആള് ഉറങ്ങിയിട്ടും ഇല്ല. ഞാന് ആ പാട്ടു മുഴുവന് പാടി. പിന്നെ വേറെ ഒന്ന് രണ്ടു പാട്ടുകളും.
നേരം പുലര്ന്നു. അന്ന് അവധി ദിവസം ആയിരുന്നു. ഞങ്ങള് ഒരുമിച്ച് പള്ളിയില് പോയി. കുറെ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെയുള്ള തമാശകള് പറഞ്ഞു. ഫ്ലാറ്റില് വന്നു വിശ്രമിക്കുമ്പോള് അദ്ദേഹം എനിക്ക് ചായയും കൊണ്ടു വന്നു. അത് എന്നെയൊരു വല്ലാത്ത അവസ്ഥയില് എത്തിച്ചു. സ്വയം ചെറുതായ പോലെ തോന്നി.
"നീ ഇന്നലെ പാടിയ പാട്ടൂകള് ഒന്ന് കൂടെ പാടിക്കേ" അദ്ദേഹം സൌമ്യനായി പറഞ്ഞു.
"ക്ഷമിക്കണം. ഞാന് അപ്പോഴത്തെ ഒരു ആവേശത്തിന് ..... ഇനി ഉണ്ടാവില്ല" ഞാന് പതം പറഞ്ഞു.
മൗലവി ചിരിച്ചു. ഒരു വല്ലാത്ത ചിരി!.
"പാട് മോനെ"
ഞാന് മുന്നിലെ കസേരയിൽ താളം പിടിച്ചു കൊണ്ട് മനസില്ലാ മനസോടെ പാടി.
"ഉണ്ട് സഖീ ഒരു കുല മുന്തിരി ......"
"വേറെയും പാടാം. എനിക്ക് ഹിന്ദിയാണ്‌ കൂടുതല് ഇഷ്ടം" ഞാന് പറഞ്ഞു.
"അതല്ല. ഇത് തന്നെ പാട്"
ഞാന് പാടി.
സൂക്ഷിച്ചു നോക്കുമ്പോള് മൗലവി കരയുന്നു.
"എന്ത് പറ്റി?" ഞാന് ചോദിച്ചു.
അതിനിടയില് റഹീം സാഹിബ് മുറിയിലേക്ക് കയറിവന്നു. ഞാന് ഒരുവക മിഴുങ്ങസ്യ ആയി ഇരിക്കുമ്പോള് റഹീം സാഹിബു പറഞ്ഞ് തുടങ്ങി.
"ഈ പാട്ടു എഴുതിയത് ആരാണ് എന്ന് അറിയാമോ?"
"ഇല്ല" ഞാന് പറഞ്ഞു.
"അദ്ദേഹമാണ് ഇദ്ദേഹം. വെറും മൗലവി അല്ല - ഇത് റഹീം കുറ്റ്യാടി" മൌലവിയെ ചൂണ്ടി റഹീം സാഹിബ് ഇങ്ങനെ പറഞ്ഞു.
അപ്പോഴേക്കും മൗലവി കണ്ണു തുടച്ചു പറഞ്ഞ് തുടങ്ങി.
"ഇന്നലെ രാത്രി ഇവന് ഈ പാട്ടു പാടിയത് മുതല് ഞാന് വേറെ ഏതോ ലോകത്ത് ആയിരുന്നു. ഞാന് അത് ആസ്വദിച്ചു. എന്റെ വരികള് എനിക്കറിയാത്ത ഒരാള് പാടുന്നു. അതും എന്റെ അടുത്ത് വച്ച്. എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. ഈ ചെക്കന് നന്നായി പാടുന്നുമുണ്ട്!"
'ആണോടാ ചെക്കാ' എന്ന മട്ടില് റഹീം സാഹിബ് എന്നെ നോക്കി.
ഇവരിൽ റഹീം കുറ്റിയാടി മൗലവി ഇന്ന് മരണപ്പെട്ടിരിക്കുന്നു


Latest Related News