Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഉയിഗൂർ ക്യാമ്പുകളിൽ നടക്കുന്ന മുസ്‌ലിം വംശഹത്യയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

May 29, 2022

May 29, 2022

ബീജിംഗ്: ഉയിഗൂർ മുസ്ലിംകൾക്ക് നേരെ ചൈനീസ് ഭരണകൂടം നടത്തുന്ന നഗ്നമായ വംശഹത്യയുടെ തെളിവാണ് ഉയിഗൂർ ക്യാമ്പുകൾ. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ക്യാമ്പുകളിൽ നടക്കുന്നതെന്നാണ് ചൈന പുറംലോകത്തിന് നല്‍കിയിരിക്കുന്ന ചിത്രമെങ്കിലും ഈ ക്യാമ്പുകളിൽ നടക്കുന്ന ക്രൂരതയുടെ ചിത്രങ്ങൾ ഇടക്കിടെ മാധ്യമങ്ങൾ പുറത്തുവിടാറുണ്ട്..ക്യാമ്പുകളിൽ നടക്കുന്നത് കടുത്ത മനുഷാവകാശ ലംഘനങ്ങളാണെന്ന് മിക്ക ലോകനേതാക്കന്മാര്‍ക്കും അറിയാമെങ്കിലും ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ല.

ചൈനയുടെ പൊലീസിന്റെ ഡേറ്റാ സേര്‍വറില്‍ നിന്നും ഏകദേശം അയ്യായിരത്തോളം വരുന്ന ചിത്രങ്ങളടങ്ങിയ രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ ഉയിഗൂര്‍ ക്യാമ്പുകളിൽ നടക്കുന്ന ഞെട്ടിക്കുന്ന ക്രൂരതകള്‍ തെളിവുകൾ സഹിതം പുറത്തേക്ക് വരികയാണ്.. ഷിന്‍ജിയാംഗ് പൊലീസ് ഫയലുകള്‍ എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ഫയലുകളില്‍ ഉയിഗൂര്‍ മുസ്‌ലിംകൾ ഉൾപെടെയുള്ള ന്യൂനപക്ഷത്തിനെതിരെ ചൈനയിലെ അധികാരികള്‍ കാണിക്കുന്ന ക്രൂരതകളുടെ വിശദാംശങ്ങളാണ് ഉള്ളത്.
അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അഡ്രിയാന്‍ സെന്‍സ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഈ രേഖകള്‍ പുറത്തുവിട്ടത്. ചൈനയില്‍ നിന്നും ഈ രേഖകള്‍ കൈക്കലാക്കിയ ഹാക്കര്‍മാര്‍ അവ അഡ്രിയാന്‍ സെന്‍സിന് കൈമാറുകയായിരുന്നു. വര്‍ഷങ്ങളായി ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സെന്‍സ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ തലവന്‍ മിഷേല്‍ ബാച്ചലെറ്റ് ഷിന്‍ജിയാംഗ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ രേഖകള്‍ പുറത്തായിരിക്കുന്നത്.

അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 2018 ജനുവരി - ജൂലായ് മാസങ്ങള്‍ക്കുമിടയില്‍ എടുത്ത 5000 ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകളിലെ പ്രധാന തെളിവുകള്‍. ഇതില്‍ ചുരുങ്ങിയത് 2800 ഫോട്ടോകളെങ്കിലും ക്യാമ്പിൽ തടവില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടേതാണ്. ഇതിനുപുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും പൊലീസ് സേനയുടെ ആഭ്യന്തര രേഖകളും പുറത്തുവന്ന തെളിവുകളില്‍ ഉള്‍പ്പെടുന്നു.

ക്യാമ്പിലെ തടവുകാരെ ബാറ്റണ്‍ ഉപയോഗിച്ച്‌ മര്‍ദ്ദിക്കുന്നതിന്റെ  ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.ക്യാമ്പിലെ അന്തേവാസികളെ മറ്റ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുകയാണെങ്കിൽ അവരുടെ കണ്ണുകള്‍ രണ്ടും കെട്ടിയ ശേഷം കാലുകളും കൈകളും ചങ്ങലയിട്ട് ബന്ധിച്ച നിലയിലായിരിക്കുമെന്നും ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. ക്യാമ്പിൽ  പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും അന്തേവാസികളായിട്ട് ഉണ്ടെന്നതും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. നിലവിൽ ക്യാമ്പുകളിൽ കഴിയുന്ന അന്തേവാസികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്ക് 15 വയസും പ്രായം കൂടിയ വ്യക്തിക്ക് 73 വയസുമാണുള്ളത്.

അതേസമയം ക്യാമ്പിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത രീതിയിലുള്ള പീഡനങ്ങളാണ് നേരിടേണ്ടി വരിക. പുറത്തുവന്ന ചില ശബ്ദ രേഖകളില്‍ അന്തേവാസികളായ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് നേരില്‍ കണ്ടതായി ചില സ്ത്രീകള്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം തങ്ങള്‍ അവരെ കണ്ടിട്ടില്ലെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

42കാരിയായ ടുര്‍സുനായ് സിയാവുദ്ദീന്‍ എന്ന ഉയിഗൂര്‍ വനിത പറഞ്ഞതനുസരിച്ച്‌ നാലു തവണയാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇവരെ പ്രത്യേക മുറിയിലേക്ക് ചൈനീസ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. അവിടെ വച്ച്‌ അവര്‍ തന്നെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഷോക്ക് അടിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി വോയിസ് ഒഫ് അമേരിക്ക എന്ന മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടുര്‍സുനായ് പറഞ്ഞു. ഇതിനു പുറമേ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍  ആരായാലും വെടിവച്ചുകൊന്നേക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന മേലധികാരിയുടെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അതേസമയം പുറത്തുവന്ന രേഖകളെ ചൈനീസ് ഭരണകൂടം തള്ളിക്കളഞ്ഞു. ഇതെല്ലാം കെട്ടിച്ചമച്ച രേഖകളാണെന്നും യാതൊരു തരത്തിലുമുള്ള ആധികാരികതയും ഈ രേഖകള്‍ക്കില്ലെന്നും ചൈനീസ് അധികൃതര്‍ പ്രതികരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News