Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിനെ എതിർത്തവർ എന്തുകൊണ്ട് ഇത് കാണാതെ പോകുന്നു, ലോകകപ്പിന് ആതിഥ്യം വഹിക്കാൻ അമേരിക്കക്ക് അർഹതയില്ലെന്ന് ഗ്വാണ്ടനാമോയിലെ മുൻ തടവുകാരൻ

January 13, 2023

January 13, 2023

ന്യൂസ്‌റൂം ബ്യുറോ 

വാഷിംഗ്ടൺ : വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കിടയിലും 2026 ൽ യുഎസ് സംയുക്തമായി ലോകകപ്പിന്  ആതിഥേയത്വം വഹിക്കുന്നതിനെതിരെ വിമർശനവുമായി അമേരിക്കയിലെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോയിലെ മുൻ  തടവുകാരൻ രംഗത്തെത്തി.യൂണിയൻവൽക്കരണം, തൊഴിലാളി സംരക്ഷണം, ജീവിക്കാനാകുന്ന വേതനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ യുഎസിന്റെ പ്രശ്‌നങ്ങളിലേക്കുള്ള മഞ്ഞുമലയുടെ അഗ്രമാണെന്നും 'ഭീകരക്കെതിരായ യുദ്ധം'എന്ന പേരിൽ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്ക ഈ കുറ്റകൃത്യങ്ങൾക്കൊന്നും ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്നും  കുറ്റം ചുമത്താതെ 14 വർഷം ജയിലിൽ കഴിഞ്ഞ യെമൻ പൗരനായ മൻസൂർ അദയ്‌ഫി മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

‘മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു തീരുമാനമാകുന്നത് വരെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയെ അനുവദിക്കരുത്, അവര്‍ക്കതിനുള്ള യോഗ്യതയില്ല’-അദ്ദേഹം പറഞ്ഞു.

2026 ഫുട്‌ബോള്‍ ലോകകപ്പിന് കാനഡക്കും മെക്‌സിക്കോക്കുമൊപ്പം അമേരിക്ക വേദിയാകുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

2026 ലോകകപ്പിന് യു.എസ് വേദിയാകുന്നതിനെതിരെയാണ് അമേരിക്കക്ക് കീഴിലുള്ള ഗ്വാണ്ടനാമോ ജയിലിലെ മുന്‍ തടവുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിലെ തടവുകാരെ ചൂഷണം ചെയ്യുന്നതടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന അമേരിക്കയെ പോലൊരു രാജ്യത്തിന് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

‘ഭീകരതക്കെതിരായ പോരാട്ടം’ എന്ന പേരില്‍ കഴിഞ്ഞ 21 വര്‍ഷത്തിലേറെയായി ഗ്വാണ്ടനാമോ ജയിലില്‍ യു.എസ് നിയമവിരുദ്ധമായി ആളുകളെ തടവിലിടുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിമര്‍ശനങ്ങള്‍.

”2026 ലോകകപ്പിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, അത് അമേരിക്കയില്‍ നടക്കുന്നത് ശരിയായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തരമൊരു ഇവന്റ് സംഘടിപ്പിക്കാന്‍ യു.എസിന് ഒരു യോഗ്യതയുമില്ല.

യു.എസിന്റെ നേതൃത്വത്തിലുള്ള വിദേശത്തെ ജയിലുകളാണ് ‘ബാക്ക് സൈറ്റ്സ്’ എന്ന പേരിലറിയപ്പെടുന്നത്.അദയ്ഫിയുടെ പ്രതികരണം തുടരുന്നതിങ്ങനെയാണ്;

”എന്താണ് സംഭവിച്ചത് എന്നതിന് ഒരു സ്ഥിരീകരണമോ നീതിയോ ഉത്തരവാദിത്തമോ ഉണ്ടായിട്ടില്ല. ‘ഭീകരതയ്ക്കെതിരായ പോരാട്ട’ത്തിന്റെ ഫലമായി ഒരു ദശലക്ഷത്തിലധികം പേര്‍ മരിച്ചു, ദശലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യപ്പെട്ടു, പതിനായിരക്കണക്കിനാളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും അനിശ്ചിതമായി തടവിലിടുകയും ചെയ്തു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒരു തീരുമാനമാകുന്നത് വരെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയെ അനുവദിക്കരുത്.

2026ലെ ലോകകപ്പ് യു.എസിലോ മനുഷ്യാവകാശ പ്രശ്‌നങ്ങളുള്ള മറ്റേതെങ്കിലും രാജ്യത്തോ ആണ് നടക്കുന്നതെങ്കില്‍ ലോകരാജ്യങ്ങളും ജനങ്ങളും അത് ബഹിഷ്‌കരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.

യാതൊരു കുറ്റവും ചുമത്താതെയായിരുന്നു അദെയ്ഫിയെ അമേരിക്ക 14 വര്‍ഷവും തടവിലിട്ടത്. കടുത്ത പീഡനമായിരുന്നു താനവിടെ നേരിട്ടിരുന്നതെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. 18ാം വയസില്‍ അഫ്ഗാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട അദെയ്ഫിയെ 2016ല്‍ യു.എസ് സെര്‍ബിയയിലേക്ക് നാടുകടത്തുകയായിരുന്നു.

നിലവില്‍ 39 തടവുകാരാണ് ഗ്വാണ്ടനാമോ ജയിലിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരെയും ഔദ്യോഗികമായി യാതൊരു കുറ്റവും ചുമത്താതെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തടവിലാക്കപ്പെട്ടവരില്‍ 55 ശതമാനം പേരും തങ്ങള്‍ യു.എസിനോ സഖ്യരാജ്യങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

2018ലായിരുന്നു 2026 ലോകകപ്പിന് വേദിയാകാനുള്ള ബിഡ്ഡില്‍ അമേരിക്ക വിജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിന് പിന്നാലെയാണ് അമേരിക്കയുടെ ലോകകപ്പ് ആതിഥേയത്വത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയരാന്‍ തുടങ്ങിയത്.

ഗ്വാണ്ടനാമോ ജയിലിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, കരീബിയന്‍ ദ്വീപില്‍ ക്യൂബയുടെ തെക്കുകിഴക്കന്‍ അറ്റത്തുള്ള ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ നേവി ബേസിലാണ് അമേരിക്കയ്ക്ക് കീഴിലുള്ള കുപ്രസിദ്ധമായ ഈ മിലിറ്ററി ജയിലുകള്‍ സ്ഥിതി ചെയ്യുന്നത്.

2002 ജനുവരി 11നാണ് ഗ്വാണ്ടനാമോ ജയിലുകള്‍ സ്ഥാപിക്കപ്പെടുന്നത്. അതീവ രഹസ്യസ്വഭാവം നിലനിര്‍ത്തുന്ന തരത്തില്‍ ഒരു തുരുത്തിനകത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് തടവറയുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ഹിറ്റ്ലറുടെ കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ വരെ ഓര്‍മപ്പെടുത്തുന്ന ക്രൂരതകള്‍ ഈ ജയിലിനുള്ളില്‍ നടക്കാറുണ്ടെങ്കില്‍ പോലും അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പുറത്തറിയാറ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2001ല്‍ അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു. ബുഷ് യുദ്ധത്തടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍ എന്ന പേരില്‍ ഗ്വാണ്ടനാമോ ജയില്‍ തുറക്കുന്നത്. ‘തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സന്ധിയില്ലാ യുദ്ധം’ എന്നപേരില്‍ അമേരിക്ക ആരംഭിച്ച ഈ തടവറ, പക്ഷെ നിരപരാധികളായ ഒരുപാട് പേര്‍, പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ നിരന്തരം ചൂഷണത്തിനിരയാകുന്ന തരത്തിലെത്തിയിരുന്നു.

2008ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ പ്രചരണ സമയത്ത് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒബാമ സര്‍ക്കാരിന് ഈ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

2003 ജൂണില്‍ ഏകദേശം 684 പേര്‍ ഗ്വാണ്ടനാമോയില്‍ തടവുകാരായി ഉണ്ടായിരുന്നു. ഒബാമ ഭരണമേറ്റെടുത്തതിന് ശേഷം ഇത് 242 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഗ്വാണ്ടനാമോ ജയിലിലേക്ക് കൂടുതല്‍ തടവുകാരെ എത്തിച്ചു.

വിചാരണ പോലുമില്ലാതെ തടവുകാരെ വര്‍ഷങ്ങളോളം ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിച്ചിരുന്നത് വലിയ വിവാദമായിരുന്നു. തടവുകാര്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് ഇവിടെ നേരിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ജോ ബൈഡന്‍ സര്‍ക്കാര്‍ ജയില്‍ അടച്ചുപൂട്ടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

49ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍. യു.എസ് -അഫ്ഗാന്‍ യുദ്ധത്തടവുകാരും ഇവിടെയുണ്ട്. പക്ഷേ ഇവരില്‍ പലരും സാധാരണ പൗരന്മാരാണെന്ന് പിന്നീട് തിരിച്ചറിയുകയും ഇതില്‍ പലരെയും വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News