Thursday, October 29, 2020
Breaking News
ഖത്തറിൽ 244 പേർ കൂടി കോവിഡ് മുക്തരായി,മരണമില്ല  | ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 206 പേർക്ക്  | കരുതിയിരിക്കുക,ഫോണിലും കറൻസിയിലും കൊറോണാ വൈറസ് 28 ദിവസം വരെ അതിജീവിക്കുമെന്ന് റിപ്പോർട്ട്  | ആലപ്പുഴ ഹരിപ്പാട് സ്വദേശി ദോഹയിൽ നിര്യാതനായി | ഖത്തറിൽ 219 പേർ കൂടി കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു  | ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു  | ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ അവസരങ്ങൾ,വസ്തുക്കൾ സ്വന്തം പേരിൽ വാങ്ങാം | ഖത്തറിൽ ഇന്നും കോവിഡ് മരണമില്ല,രോഗമുക്തിയിൽ കുറവ്  | ഖത്തറിലെ കമ്പനികൾക്ക് മെട്രാഷ് ടു വഴി ജീവനക്കാരുടെ താമസരേഖ സ്വമേധയാ പുതുക്കാം  | ഖത്തറിൽ ഇനി കോവിഡ് പോസറ്റിവ് ആയി തുടരുന്നത് 2812 പേർ മാത്രം  |

Home / News View

കരാറായി,ഇനി ഇസ്രയേലുമായി ചങ്ങാത്തം

16-09-2020

വാഷിംഗ്ടൺ : അറബ് ലോകത്തിന്റെ താൽപര്യപ്രകാരം കഴിഞ്ഞ 48 വർഷമായി തുടരുന്ന വിലക്കിന് അന്ത്യം കുറിച്ച് യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര കരാറിൽ ഒപ്പുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചാണ് അബ്രഹാം ഉടമ്പടിയെന്ന് അറിയപ്പെടുന്ന കരാറിൽ ഇതാദ്യമായി രണ്ട് ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ചത്. ഇസ്രയേലിനെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രണ്ടു ഗൾഫ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇസ്രയേലുമായുള്ള സമ്പൂർണ സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎഇ കരാറില്‍ ഒപ്പുവച്ചത്. ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. തുടര്‍ന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബെഞ്ചമിന്‍ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോര്‍ദാനുമാണ് നേരത്തെ തന്നെ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍.

മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചടങ്ങിന് സാക്ഷിയായത്.ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ജറുസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥനക്കെത്താന്‍ കരാര്‍ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു.സമാധാനത്തിലേക്കുള്ള ചരിത്ര ദിനം എന്നായിരുന്നു ട്രംപ് ഈ ദിനത്തെ വിശേഷിപ്പിച്ചത്. യുഎഇയുടെയും ബഹ്‌റൈന്റെയും പാതയില്‍ കുടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലുമായുള്ള തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972ലെ പതിനഞ്ചാം നമ്പർ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികൾക്കും ഇസ്രയേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രയേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും സാധിക്കും. ഇസ്രയേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ധാരണയിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഫലസ്തീനും അറബ് ലോകവും ഇനിയും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.പുതിയ സമാധാന ഉടമ്പടിയിലൂടെ കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചത്.

അതേസമയം, കരാറിനെതിരേ വൈറ്റ്ഹൗസിനു മുമ്പിലും ഫലസ്തീനിലും ശക്തമായ പ്രതിഷേധം നടന്നു.യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിക്കെതിരേ അറബ് സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനെതിരേയുള്ള ഫലസ്തീന്‍ ചാര്‍ട്ടറില്‍ രണ്ട് ലക്ഷത്തിലേറെ പേരാണ് ഒപ്പുവച്ചത്. സയണിസ്റ്റ് രാഷ്ട്രം ഒരു അധിനിവേശ, വംശീയ രാഷ്ട്രമാണെന്നും അല്‍ അഖ്‌സയും ഫലസ്തീന്‍ ഭൂമിയും പിടിച്ചെടുത്ത ഇസ്രായേലുമായുള്ള ബന്ധം ചതിയാണെന്നും ഫലസ്തീന്‍ ചാര്‍ട്ടറില്‍ പറയുന്നു. 20ഓളം ഫലസ്തീന്‍ അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ചാര്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ബുദ്ധി ജീവികളും മാധ്യമ പ്രവര്‍ത്തകരും ചാര്‍ട്ടറില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാകാതെ ഇസ്രയേലുമായി ബാന്ധവം കൂടില്ലെന്ന് വക്തമാക്കി ഖത്തർ
ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ സൗദി ഉൾപെടെ മിക്ക ഗൾഫ് രാജ്യങ്ങളും കൃത്യമായ നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുടക്കം മുതൽ ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഖത്തർ പ്രകടിപ്പിച്ചിരുന്നു.ഫലസ്തീനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഒരുക്കമല്ലെന്നാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖാതിർ കഴിഞ്ഞ ദിവസം ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കുന്നത് ഇസ്രയേല്‍ - പലസ്തീന്‍ പോരാട്ടത്തിനുള്ള ഉത്തരം ആയിരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക