Breaking News
മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു |
ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ ശവപ്പറമ്പാകുന്നു

May 13, 2022

May 13, 2022

അൻവർ പാലേരി
ദോഹ : ഇസ്രായേൽ സൈന്യത്തിന്റെ തോക്കിൻ മുനയിൽ അവസാനിക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പായി മാറുകയാണ് ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീൻ.ലോകത്തില്‍ ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നായി അധിനിവിഷ്ട ഫലസ്തീൻ മാറിക്കൊണ്ടിരിക്കുമ്പോഴും യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം കുറ്റകരമായ അനാസ്ഥ തുടരുകയാണ്.പേരിന് ഒരു പ്രസ്താവനയിലോ പ്രമേയത്തിലോ അവസാനിക്കുന്ന വാചകക്കസർത്ത് മാത്രമായി ഇത്തരം പ്രതികരണങ്ങൾ അവസാനിക്കുമ്പോൾ ഓരോ വർഷവും ഗസയിൽ ജൂതപട്ടാളത്തിന്റെ വെടിയേറ്റുവീഴുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിലോമകരമായ നിലപാടുകൾ തന്നെയാണ് ഇവിടെയും പ്രകടമാവുന്നത്.

ഫലസ്തീനിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ നീണ്ട നിരയിലെ ഏറ്റവും പുതിയ പേര് മാത്രമാണ് ഷിറിൻ അബു അഖ്‌ലെയുടേത്.ഫലസ്തീൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2000 മുതൽ 45 മാധ്യമപ്രവർത്തകരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്.പലസ്തീൻ ജേണലിസ്റ്റ്സ് യൂണിയൻറെ കണക്കനുസരിച്ച് ഇക്കാലയളവിലെ  മരണസംഖ്യ 55 ആണ്.

കഴിഞ്ഞ വർഷം, 2021 മെയ് മാസത്തിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ,വോയ്‌സ് ഓഫ് അൽ-അഖ്‌സ റേഡിയോയിൽ ബ്രോഡ്‌കാസ്റ്ററായ യൂസഫ് അബു ഹുസൈൻ കൊല്ലപ്പെട്ടു.ഗാസ മുനമ്പിലെ അദ്ദേഹത്തിന്റെ വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.മെയ് 10 മുതൽ മെയ് 21 വരെ നീണ്ട 11 ദിവസത്തെ ബോംബാക്രമണത്തിൽ 260 ഫലസ്തീനികൾ കൊല്ലപ്പെട്ടു.തുടർച്ചയായ ആക്രമണത്തിനിടെ, മെയ് 15 ന്,അൽ ജസീറയുടെയും മറ്റ് മാധ്യമ സ്ഥാപനങ്ങളുടെയും ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ശക്തമായ ആക്രമണം അന്താരാഷ്ട്ര  മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും ഇസ്രായേൽ ഭരണകൂടവും സൈന്യവും ഇപ്പോഴും മാധ്യമവേട്ട തുടരുകയാണ്.

2018ൽ രണ്ട് ഫലസ്തീനിയൻ മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം വകവരുത്തിയത്.ഗാസ ആസ്ഥാനമായുള്ള ഐൻ മീഡിയ ഏജൻസിയിലെ ഫോട്ടോഗ്രാഫറായ യാസർ മുർത്തജ, ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് പരിക്കേറ്റതിനെ തുടർന്ന് ഏപ്രിൽ 7 ന് ആശുപത്രിയിൽ മരിച്ചു.ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖുസായിൽ പ്രതിഷേധം കവർ ചെയ്യുന്നതിനിടെയാണ് "പ്രസ്സ്" എന്ന് അടയാളപ്പെടുത്തിയ നീല ഫ്ലാക്ക് ജാക്കറ്റ് ധരിച്ച 30 കാരനായ മുർതജക്ക് സൈന്യത്തിന്റെ വെടിയേറ്റത്.

ഏപ്രിൽ 13 ന് ജെബാലിയയ്ക്ക് സമീപം ഗാസ ആസ്ഥാനമായുള്ള വോയ്‌സ് ഓഫ് പീപ്പിൾ റേഡിയോ സ്റ്റേഷന്റെ ഫോട്ടോഗ്രാഫറായ അഹമ്മദ് അബു ഹുസൈൻ എന്ന 24 കാരൻ വയറിന് വെടിയേറ്റാണ് മരിച്ചത്.ഗാസ അതിർത്തിയിൽ നടന്ന പ്രതിഷേധ റാലി  റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഹുസൈനെ ഇസ്രായേൽ സൈന്യം വെടിവച്ചത്. ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ച്  ഹുസൈനും 'പ്രസ്സ്' എന്ന് അടയാളപ്പെടുത്തിയ ജാക്കറ്റ് ധരിച്ചിരുന്നു.

2014 ജൂലൈ 8 മുതൽ ഓഗസ്റ്റ് 26 വരെ ഗാസയിൽ ഇസ്രായേൽ സൈന്യം അതിന്റെ ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്.ആക്രമണത്തിൽ  2,100 പേർ കൊല്ലപ്പെടുകയും 11,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫലസ്തീനിൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വർഷം കൂടിയായിരുന്നു 2014.ഫലസ്തീൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 17 മാധ്യമപ്രവർത്തകരാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്.അബ്ദുല്ല ഫദൽ മുർതജ, അലി ഷെഹ്ത അബു അഫാഷ്, ഹമദ ഖാലിദ് മുഖത്ത്, സിമോൺ കാമെല്ലി, ഷാദി ഹംദി അയാദ്, അബ്ദുല്ല നാസർ ഖലീൽ ഫജ്ജാൻ, മുഹമ്മദ് മജീദ് ദാഹർ, മുഹമ്മദ് നൂർ അൽ-ദിൻ മുസ്തഫ അൽ-ദിരി, റാമി ഫാത്തി ഹുസൈൻ റയാൻ, സമേഹ്, മുഹമ്മദ് അഹെദ് അഫീഫ് സഖൗത്ത്, ഇസത്ത് സലാമ ദാഹിർ, ബഹാ അൽ-ദിൻ അൽ-ഗരീബ്, അബ്ദുൾ-റഹ്മാൻ സിയാദ് അബു ഹെയ്ൻ, ഖാലിദ് റിയാദ് മുഹമ്മദ് ഹമദ്, നഗ്ല മഹമൂദ് അൽ-ഹജ്ജ്, ഹമദ് അബ്ദുല്ല ഷെഹാബ് എന്നിവരാണ് 2014 ൽ ഫലസ്തീനിൽ ഇസ്രായേൽ സൈന്യം കൊന്നുതള്ളിയ മാധ്യമപ്രവർത്തകർ.

2000-ലെ രണ്ടാം ഇൻതിഫാദയുടെ തുടക്കം മുതൽ 2012 വരെ കുറഞ്ഞത് 25 മറ്റ് മാധ്യമപ്രവർത്തകരെയെങ്കിലും ഇസ്രായേൽ സൈന്യം വധിച്ചിട്ടുണ്ട്.റാഫേൽ സിരിയെല്ലൊ എന്ന ഇറ്റാലിയൻ പത്രപ്രവർത്തകനും ഇവരിൽ ഉൾപെടും.

മുഹമ്മദ് മൂസ അബു ഈഷ (2012), മഹമൂദ് അലി അഹമ്മദ് അൽ-കൗമി (2012), ഹുസാം മുഹമ്മദ് സലാമ (2012), സെവ്‌ഡെറ്റ് കിലിക്ലാർ (2010), അലാ ഹമ്മദ് മഹ്മൂദ് മുർത്തജ (2009), ഇഹാബ് ജമാൽ (2009), ഹസൻ അൽ-വാഹിദി (2009), 2009), ബാസിൽ ഇബ്രാഹിം ഫറജ് (2009), ഒമർ അബ്ദുൽ-ഹാഫിസ് അൽ-സിലാവി (2009), ഫദൽ സോബി ഷാന (2008), ഹസ്സൻ സിയാദ് ഷഖൗറ (2008), മുഹമ്മദ് അദേൽ അബു ഹലീമ (2004), ഖലീൽ മുഹമ്മദ് ഖലീൽ അൽ- സബെൻ (2004), ജെയിംസ് ഹെൻറി ഡൊമിനിക് മില്ലർ (2003), നാസിഹ് അദേൽ ദർവാസ (2003), ഫാദി നഷാത്ത് അലവ്‌നെ (2003), ഇസ്സാം മിത്ഖൽ ഹംസ അൽ-തലവി (2002), ഇമാദ് സോബി അബു സഹ്‌റ (2002), അംജദ് ബഹ്‌ജത്ത് (2002), ജമീൽ അബ്ദല്ലാഹ് നവാര (2002), അഹമ്മദ് നൊമാൻ (2002), റഫേൽ ചിരിലോ (2002), മുഹമ്മദ് അബ്ദുൾ-കരീം അൽ-ബിഷാവി (2001), ഒത്മാൻ അബ്ദുൽ-ഖാദർ അൽ-ഖതാനി (2001), അസീസ് യൂസഫ് അൽ- തൻ (2000) എന്നീ മാധ്യമപ്രവർത്തകരാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്.

ഏറ്റവുമൊടുവിൽ, ബുധനാഴ്ച ഷിറിൻ അബു അഖ്‌ലെ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രായേൽ സൈന്യവും ഭരണകൂടവും  മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന ഇത്തരം മാരകമായ ആക്രമണങ്ങളിൽ യു,എന്നിനോ അന്താരാഷ്ട്ര സമൂഹങ്ങൾക്കോ ചെറുവിരലനക്കാൻ പോലും കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
(വിവരങ്ങൾക്ക് അൽ ജസീറയോട് കടപ്പാട്)
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News