Breaking News
നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ |
ഇസ്രായേലിന്റെ നരനായാട്ട്, അറബ് പാർലമെന്റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ

November 23, 2023

Qatar_Malayalam_News

November 23, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ - ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ കുറിച്ച് ഉടനടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അറബ് പാർലമെന്റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പരാതി നൽകുമെന്ന് അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽഅസൂമി പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടാനുള്ള അറബ് പാർലമെന്റിന്റെ അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽഅസൂമി. വാർത്താ സമ്മേളനത്തിൽ അറബ് ലീഗിലെ ഫലസ്തീൻ പ്രതിനിധി അംബാസഡർ മുഹന്നദ് അൽ അക്‌ലോക്കും പങ്കെടുത്തിരുന്നു. 

യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാ സമിതി പരാജയപ്പെട്ട പശ്ചാത്തലത്തിൽ 'യൂണിയൻ ഫോർ പീസ്' എന്ന പേരിൽ യു.എൻ ജനറൽ അസംബ്ലി ചേരാൻ ആവശ്യപ്പെടുന്ന പ്രമേയം നടപ്പാക്കുന്നതും അറബ് പാർലമെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ഇസ്രായേലിന്റെ നിയമ ലംഘനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകണമെന്ന് ഫലസ്തീനോടും ആവശ്യപ്പെടും. ഇസ്രായേലിന്റെ നിയമ ലംഘനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിബൂത്തിയും കോമറോസും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നൽകിയ പരാതികളെ അറബ് പാർലമെന്റ് പിന്തുണച്ചു. 

റിയാദിൽ ചേർന്ന അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങളെ അറബ് പാർലമെന്റ് പ്രശംസിച്ചു.. ആക്രമണം നിർത്താനും അന്താരാഷ്ട്ര നിയമ സാധുതകളുടെ അടിസ്ഥാനത്തിൽ സമാധാന പ്രക്രിയ ആരംഭിക്കാനും ഏതാനും രാജ്യങ്ങളുടെ വിദേശ മന്ത്രിമാർ ശക്തമായ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കണക്കുകൾ ശേഖരിക്കാൻ പ്രത്യേക നിയമ കമ്മിറ്റി രൂപീകരിക്കാനുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനം എത്രയും വേഗം നടപ്പാക്കുകയും, ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കക്ഷികൾക്കും നിയമ മെമ്മോറാണ്ടം തയാറാക്കുകയും, ശക്തമായ നിയമ ഫയൽ തയാറാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സമർപ്പിക്കുമെന്നും  അറബ് പാർലമെന്റ് ഊന്നി പറഞ്ഞു. 

ഗസയിലെ ഇസ്രായേലി കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയുടെ ഉപദേശക അഭിപ്രായം തേടാൻ യു.എൻ ജനറൽ അസംബ്ലിയെ പ്രേരിപ്പിക്കാൻ അറബ് പാർലമെന്റ് ശ്രമിക്കുന്നതായും, ഫലസ്‌തീനികൾക്കെതിരെയുള്ള കൂട്ടക്കുരുതികളിൽ അന്വേഷണം നടത്തുന്നതിന് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണമെന്ന് യു.എന്നിന് കീഴിലെ മനുഷ്യാവകാശ കൗൺസിലിനോട് അറബ് പാർലമെന്റ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അറബ് പാർലമെന്റ് പൂർണമായും നിരാകരിക്കുന്നതായും സ്പീക്കർ പറഞ്ഞു. ആശുപത്രികളും സ്‌കൂളുകളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും അവ സൈനിക ആസ്ഥാനങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിലൂടെ ഇസ്രായേൽ പുതിയ യുദ്ധ നിയമങ്ങൾ നിർമിക്കുകയാണെന്ന് ഫലസ്തീൻ പ്രതിനിധി അംബാസഡർ മുഹന്നദ് അൽ അക്‌ലോക് പറഞ്ഞു. കര, കടൽ, ആകാശം എന്നീ മാർഗങ്ങളിലൂടെ ഗസയിലെ ഉപരോധം തകർക്കാനും, ഫലസ്തീൻ ജനതക്ക് അടിയന്തിര ദുരിതാശ്വാസ സഹായം എത്തിക്കാനുമുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനം നടപ്പാക്കും. 

അതേസമയം, ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരായ നിയമ നടപടികൾക്കായി ഖത്തറും രേഖാമൂലമുള്ള അഭിപ്രായങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.ജെ) സമർപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിന് പുറമെ മറ്റ് 14 രാജ്യങ്ങളും അന്താരാഷ്ട സംഘടനകളും ഇസ്രായേൽ അധിനിവേശത്തിനെതിരായ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഖത്തർ, ജോർദാൻ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ, ബെലീസ്, ബംഗ്ലാദേശ്, ഫലസ്തീൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ, ചിലി, അറബ് ലീഗ്, ഈജിപ്ത്, അൾജീരിയ, ഗ്വാട്ടിമാല, നമീബിയ എന്നിവരാണ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. 

കൂടാതെ, ഇസ്രയേലിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ പ്രതിനിധീകരിച്ച് ഒരു കൂട്ടം അഭിഭാഷകരും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ നടപടികൾ വംശഹത്യയുടെ കുറ്റകൃത്യമാണെന്ന് വാദിച്ചു കൊണ്ടാണ് കേസ് ഫയൽ ചെയ്തത്. നവംബർ 13നാണ് (തിങ്കളാഴ്ച) ഡച്ച് നഗരമായ ഹേഗിൽ മുതിർന്ന ഫ്രഞ്ച് അഭിഭാഷകൻ ഗില്ലെസ് ഡെവേഴ്‌സ് പ്രോസിക്യൂട്ടർക്ക് പരാതി സമർപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News