Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പുതിയ അധ്യയന വർഷം നാളെ തുടങ്ങും,കുട്ടികൾ ക്‌ളാസുകളിൽ എത്തുന്നതിന് മുമ്പ് മുന്നൊരുക്കങ്ങൾ അറിയാം

August 28, 2021

August 28, 2021

അജു അഷ്‌റഫ്,ന്യൂസ്‌റൂം സെൻട്രൽ ഡെസ്‌ക് 
ദോഹ : കോവിഡ് പ്രതിസന്ധി ഇനിയും പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും, വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഖത്തറിലെ വിദ്യാലയങ്ങൾ. ഇതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസവകുപ്പിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫൗസിയ അബ്ദുൽ അസീസ് അൽ ഖാതിർ അറിയിച്ചു.അതേസമയം,ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ നേരത്തെ തന്നെ ക്‌ളാസുകൾ ആരംഭിച്ചിട്ടുണ്ട്.

50 ശതമാനം വിദ്യാർത്ഥികളെ വീതം റൊട്ടേഷൻ വ്യവസ്ഥയിൽ പങ്കെടുപ്പിച്ചാവും ക്ലാസുകൾ നടത്തുക. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. ക്ലാസിൽ നേരിട്ടെത്താത്ത പകുതി ശതമാനം വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ ഓൺലൈനായി പഠിക്കാനാകും.. ഇതിനായി മൈക്രോസോഫ്റ്റിന്റെ സഹായം ഖത്തർ വിദ്യാഭ്യാസമന്ത്രാലയം തേടിയിട്ടുണ്ട്. അതേസമയം വിദ്യാർത്ഥികൾ കുറവുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലും, ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കൂളിലും മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസുകളിൽ ഹാജരാവാനും നിർദ്ദേശമുണ്ട്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കോവിഡിനെ പറ്റിയുള്ള ബോധവത്കരണം കൃത്യമായ ഇടവേളകളിൽ നൽകാനും ധാരണയായി.

സ്കൂളുകൾക്കകത്തും പുറത്തും മികച്ച സുരക്ഷാമാർഗങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. സന്ദർശകരും, സ്കൂളിലെ ഉദ്യോഗസ്ഥരും ഇഹ്തരാസ് ആപ്പ് ആദ്യം അധികൃതർക്ക് മുന്നിൽ കാണിച്ചുകൊടുക്കുകയും, ശരീര ഊഷ്മാവ് അളക്കുകയും വേണം. ശേഷം മാത്രമാണ് അകത്തേക്കുള്ള പ്രവേശനം. ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കണം. സ്ഥിതി വിലയിരുത്തിയ ശേഷം ഈ സ്കൂളിനെ 100 ശതമാനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമോ എന്ന് ആരോഗ്യമന്ത്രാലയം തീരുമാനിക്കും. ഓരോ രണ്ട് തുടർച്ചയായ ആഴ്ചകളിലും അഞ്ചുദിവസം കുട്ടികൾ ക്ലാസുകളിൽ ഹാജരാവണം. അധ്യാപകർ ആഴ്ചയിൽ മുപ്പത് സെഷനുകൾ പഠിപ്പിക്കണം. സ്കൂൾ സമയം 7:15 മുതൽ 12:30 വരെ ആക്കി ചുരുക്കാനും ധാരണയായി. 45 മിനിറ്റുകൾ വീതമുള്ള സെഷനുകളും 25 മിനിറ്റിന്റെ ഇടവേളയുമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.

കായിക ഇനങ്ങളുടെ നടത്തിപ്പിലും മറ്റും പരീക്ഷിച്ചു വിജയിച്ച ബയോബബിൾ എന്ന സംവിധാനമാവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്കൂളുകളിൽ പ്രയോഗിക്കുക. ഇത്തവണ ഇതിനെ സ്കൂൾ ബബിൾ എന്ന് വിശേഷിപ്പിക്കാം. വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പ്രയോഗിക്കുന്നതിലും മികച്ച പ്രതിരോധ രീതി ആണ് ബബിൾ സിസ്റ്റത്തിന്റേത്. ക്ലാസ് റൂമുകൾ തുടർച്ചയായി നിരീക്ഷിക്കപ്പെടും . കൂട്ടം ചേരലുകൾ ഒഴിവാക്കാനായി വിദ്യാർത്ഥികൾ ക്ലാസ്സിൽ പ്രവേശിക്കുന്നതിനും  പുറത്ത് കടക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഇതിനൊപ്പം തന്നെ മറ്റ് പ്രതിരോധ നടപടികളും പഴയപടി തുടരും. സ്കൂളുകളിൽ എത്തുന്ന കുട്ടികളിൽ വാക്‌സിൻ എടുത്തവരും എടുക്കാത്തവരും ഉള്ളതിനാൽ പ്രതിരോധ നടപടികൾ  എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും.
വാക്‌സിൻ എടുത്തു എന്ന കാരണത്താൽ ഇളവുകൾ ലഭിക്കില്ല. ഏറെ പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും, ഈ അധ്യയനവർഷം മികച്ചതാവുമെന്ന പ്രതീക്ഷയോടെ, ആരംഭം കുറിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും, ഒപ്പം അധ്യാപകരും.


Latest Related News