Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് പുരസ്കാരം കെനിയൻ സ്വദേശി അന്ന ഖബാലെ ദുബക്ക്,സമ്മാനത്തുക 250,000 യുഎസ് ഡോളർ

May 13, 2022

May 13, 2022

ദുബായ്: പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. അന്താരാഷ്ട്ര നഴ്‍സസ് ദിനത്തില്‍ ദുബായില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍, അലീഷ മൂപ്പന്‍, ടി.ജെ. വില്‍സണ്‍ എന്നിവരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.250,000 യുഎസ് ഡോളറാണ്  സമ്മാനത്തുക.

184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരുമായി മത്സരിച്ചാണ് അന്ന ഖബാലെ ദുബ വിജയിയായത്. അവാര്‍ഡിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകളെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് ഫൈനലിസ്റ്റു പൊതു വോട്ടിങ് പ്രക്രിയയ്ക്ക് വിധേയരാക്കുകയും, ഗ്രാന്‍ഡ് ജൂറി അന്തിമ വിലയിരുത്തല്‍ നടത്തുകയും ചെയ്തു. മറ്റ് ഒന്‍പത് ഫൈനലിസ്റ്റുകള്‍ക്കുള്ള സമ്മാനത്തുകയും ചടങ്ങില്‍ കൈമാറി. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകകളിലൊന്നായ 250,000 യു.എസ് ഡോളര്‍ ജേതാവിന് സമ്മാനിക്കുന്ന ഈ അവാര്‍ഡ്, ആരോഗ്യ പരിചരണ രംഗത്തെ മികച്ച സംഭാനകള്‍ക്കുള്ള സുപ്രധാന അവാര്‍ഡുകളിലൊന്നാണ്.ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വീഡിയോ സന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു.

ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു.

യുഎഇ ക്യാബിനറ്റ് അംഗവും ആരോഗ്യ-പ്രതിരോധ മന്ത്രിയും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫയേഴ്‍സ് മന്ത്രിയുമായ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ അവാദ് സഗീര്‍ അല്‍ കെത്ബി, ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ സിഇഒ ഡോ. അമര്‍ അഹമ്മദ് ഷെരീഫ്, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദ്രായി, ദുബായ് കെയര്‍സ് സിഇഒ ഡോ. താരിഖ് അല്‍ ഗുര്‍ഗ്, മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വിഐപികള്‍, യുഎഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രശസ്ത വ്യക്തികള്‍, 600 ഡെലിഗേറ്റുകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

മുന്‍ മിസ് ടൂറിസം കെനിയ ആയിരുന്ന അന്ന ഖബാലെ ദുബ, തന്റെ ഗ്രാമത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ വനിതയും, സ്വന്തം കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കിയ ഏക പെണ്‍കുട്ടിയുമാണ്. ഖബാലെ ദുബ ഫൗണ്ടേഷനിലൂടെ അവര്‍ നടത്തിയ ധീരമായ പരിശ്രമങ്ങളിലൂടെ, സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദവും, നേരത്തെയുള്ള വിവാഹങ്ങളും കുറച്ചുകൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു.  2020ല്‍, അവരുടെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഏറ്റവും സ്വാധീനമുള്ള 100 യുവ ആഫ്രിക്കന്‍ വ്യക്തിത്വങ്ങളുടെ പട്ടികയിലും അന്ന ഖബാലെ ദുബ ഇടം നേടി.
 
അഭിമാനകരമായ ഈ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം അന്ന ഖബാലെ ദുബ പറഞ്ഞു.  
'പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ജേതാവായ അന്ന ഖബാലെ ദുബക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ പരിചരണ മേഖലയ്ക്കും, നഴ്സിങ്ങ് സമൂഹത്തിനും അന്ന ഖബാലെ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്നും അന്ന ഖബാലെയുടെ ജീവിത കഥ അനേകമാളുകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാക്കിയുള്ള ഒന്‍പത് ഫൈനലിസ്റ്റുകളായ, കെനിയയില്‍ നിന്നുള്ള ദിദ ജിര്‍മ ബുള്ളെ, യു.കെ സ്വദേശിയായ ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, യുഎഇയില്‍ നിന്നുള്ള ജാസ്മിന്‍ മുഹമ്മദ് ഷറഫ്, യു.കെയില്‍ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിംഗ്, ഇന്ത്യയില്‍ നിന്നുള്ള ലിന്‍സി പടിക്കാല ജോസഫ്,മഞ്ജു ദണ്ഡപാണി, ഓസ്ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, യുഎസില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News