Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ജോലി വാഗ്ദാനം : വയനാട് കൽപറ്റയിൽ അഭിമുഖത്തിനിടെ സംഘർഷം

December 14, 2021

December 14, 2021

കല്‍പറ്റ: ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ കൂടിക്കാഴ്ചക്കിടെ സംഘര്‍ഷം.അഭിമുഖം തട്ടിപ്പാണെന്ന് ആരോപിച്ച്‌ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഉദ്യോഗാര്‍ഥികളും ഇന്‍റര്‍വ്യൂ നടത്താന്‍ എത്തിയവരും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. കല്‍പറ്റ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. വിസക്ക് പണം വേണ്ടെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇടനിലക്കാര്‍ 50,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. കല്‍പറ്റയിലെ സമസ്ത ജില്ല കാര്യാലയത്തില്‍ നടന്ന അഭിമുഖമാണ് വിവാദത്തില്‍ കലാശിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ആയിരത്തിലധികം പേരാണ് അഭിമുഖത്തിനായി എത്തിയത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ വിദൂര ജില്ലകളില്‍നിന്നുവരെ ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. ഖത്തര്‍, ജി.സി.സി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ സുവര്‍ണാവസരം എന്ന് കോഴിക്കോട് വെസ്റ്റ് നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ആളുകള്‍ എത്തിയത്.

തിങ്കളാഴ്ച രാവിലെ അഭിമുഖം ആരംഭിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ട് ഇന്‍റര്‍വ്യൂ ബോര്‍ഡ് വാങ്ങിവെച്ചു. അടുത്ത ദിവസം കൊച്ചിയില്‍ മറ്റൊരു ടെസ്റ്റ് നടക്കുമെന്നും ഉദ്യോഗാര്‍ഥികളെ അറിയിച്ചു. കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഇടനിലക്കാര്‍ വിസക്ക് 50,000 രൂപ ആവശ്യപ്പെട്ടതായി ആക്ഷേപമുയര്‍ന്നത്.

പറഞ്ഞതിലും കുറവ് ശമ്പളമാണ് ഇന്റർവ്യൂ സമയത്ത് അറിയിച്ചതെന്നുള്ള ആക്ഷേപവും ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തി. ഇന്‍റര്‍വ്യൂ നടത്തിയവര്‍ക്ക് അതിനുള്ള അനുമതിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 25ഓളം ഉദ്യോഗാര്‍ഥികള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. അനുമതിയില്ലെന്ന് വ്യക്തമായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. രജിസ്‌ട്രേഷന്‍ ഫീസായി 150ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് സംഘാടകര്‍ 200 രൂപ വീതം ഈടാക്കിയിരുന്നു. ഇത് തിരിച്ചുകൊടുപ്പിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 


Latest Related News