Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ത്രില്ലറിനൊടുവിൽ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ

September 21, 2021

September 21, 2021

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ മലർത്തിയടിച്ച് രാജസ്ഥാൻ.അവസാനഓവർ വരെ ആവേശം അലതല്ലിയ കളിയിൽ കാർത്തിക് ത്യാഗിയുടെ മികവാണ് കൈവിട്ടെന്ന് കരുതിയ വിജയം രാജസ്ഥാന് നേടിക്കൊടുത്തത്. വിക്കറ്റുകൾ അനവധി കയ്യിൽ ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ പഞ്ചാബ് കളി കൈവിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185 റൺസ് എടുത്തപ്പോൾ, പഞ്ചാബിന് നിശ്ചിതഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 

രണ്ട് ടീമിലുമായി നാല് താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ച മത്സരത്തിൽ ടോസ് ഭാഗ്യം പഞ്ചാബിനൊപ്പമായിരുന്നു. എതിർ ടീമിനെ ബാറ്റിങ്ങിന് അയക്കാനുള്ള രാഹുലിന്റെ തീരുമാനം പാളിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. അരങ്ങേറ്റക്കാരൻ എവിൻ ലൂയിസും, യുവതാരം യശ്വസി ജൈസ്വാളും ചേർന്ന് സ്വപ്‍നസമാനമായ തുടക്കമാണ് ടീമിന് നൽകിയത്. എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റൺസെടുത്ത ലൂയിസിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു അനാവശ്യ ഷോട്ടിന് ശ്രമിച്ച് വേഗം പുറത്തായതോടെ പഞ്ചാബ് കളിയിൽ പിടിമുറുക്കും എന്ന പ്രതീതി ഉയർന്നു. എന്നാൽ, മഹിപാൽ ലോംലോറിന്റെ കടന്നാക്രമണമാണ് പിന്നീട് കണ്ടത്. ജയ്‌സ്വാളിനെ ഒരറ്റത്ത് നിർത്തി ആഞ്ഞടിച്ച ലോംലോർ, ദീപക് ഹൂഡ എറിഞ്ഞ പതിനാറാം ഓവറിൽ 24 റൺസാണ് അടിച്ചെടുത്തത്. അർദ്ധസെഞ്ചുറിക്ക് ഏഴ് റൺസ് അകലെ ലോംലോറും, ഒരു റൺ അകലെ ജയ്‌സ്വാളും വീണതോടെ രാജസ്ഥാന് അവസാന ഓവറുകളിൽ അധികം റൺസ് കണ്ടെത്താനായില്ല. ഷമിയും അർഷ്ദീപ് സിങ്ങും ചേർന്ന് വാലറ്റത്തെ വരിഞ്ഞു മുറുകിയതോടെ രാജസ്ഥാൻ 185 റൺസിന് ഓൾഔട്ടായി. അർഷ്ദീപ് സിംഗ് അഞ്ചുവിക്കറ്റുകൾക്ക് അവകാശിയായപ്പോൾ, ഷമി മൂന്ന് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്.

അവസാന ഓവറുകളിലെ ബൗളർമാരുടെ പ്രകടനത്തിൽ നിന്നും ഊർജമുൾക്കൊണ്ടാണ് രാഹുലും അഗർവാളും മറുപടി ബാറ്റിങിനിറങ്ങിയത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും, കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തും ഇരുവരും സ്കോർ അതിവേഗം ചലിപ്പിച്ചു. രാജസ്ഥാൻ ഫീൽഡർമാരുടെ ഉദാരമനസ്കതയും ഇന്നിങ്സിന് കരുത്തേകി. ആദ്യ ആറ് ഓവറുകൾക്കിടെ മൂന്ന് തവണയാണ് കെഎൽ രാഹുലിനെ പുറത്താക്കാനുള്ള അവസരം രാജസ്ഥാൻ ഫീൽഡർമാർ തുലച്ചുകളഞ്ഞത്. 49 റൺസെടുത്ത രാഹുലിനെ ഒടുവിൽ ചേതൻ സക്കറിയ പുറത്താക്കിയെങ്കിലും, അഗർവാൾ തുടർന്നും ആക്രമണമൂഡിൽ തന്നെ മുന്നേറി. 67 റണ്ണെടുത്ത അഗർവാളും പുറത്തായതോടെ രാജസ്ഥാന് നേരിയ ആശ്വാസം ലഭിച്ചെങ്കിലും, നിക്കോളാസ് പൂരനും, മാർക്കമും ക്രീസിൽ ഉറച്ചുനിന്നതോടെ പഞ്ചാബ് കളിയിൽ മേധാവിത്വം സ്ഥാപിച്ചു. എന്നാൽ, റൺസ് വിട്ടുകൊടുക്കുന്നതിൽ രാജസ്ഥാൻ ബൗളർമാർ പിശുക്ക് കാണിക്കാൻ ആരഭിച്ചതോടെ മത്സരം വീണ്ടും ആവേശഭരിതമായി. മുസ്തഫിസുർ എറിഞ്ഞ പതിനേഴാം ഓവറിൽ നിക്കോളാസ് പൂരൻ ഒരു സിക്‌സും ഫോറും പറത്തിയതോടെ പഞ്ചാബ് പിന്നെയും ഡ്രൈവിംഗ് സീറ്റിലെത്തി. ത്യാഗി എറിഞ്ഞ അവസാനഓവറിൽ കേവലം നാല് റൺസായിരുന്നു പഞ്ചാബിന് വേണ്ടത്. എന്നാൽ, ആദ്യ മൂന്ന് പന്തിൽ ഒരുറൺ മാത്രം വിട്ടുകൊടുത്ത ത്യാഗി പൂരനെ പുറത്താക്കുകയും ചെയ്തു. അടുത്ത പന്തിൽ ഹൂഡയ്ക്ക് റണ്ണെടുക്കാൻ കഴിയാഞ്ഞതോടെ രണ്ട് പന്തിൽ വേണ്ടിയിരുന്നത് മൂന്ന് റൺസ്. തൊട്ടടുത്ത പന്തിൽ ഹൂഡയേയും ത്യാഗി സഞ്ജുവിന്റെ കൈകളിൽ എത്തിച്ചതോടെ അവസാനപന്തിൽ വേണ്ടത് മൂന്ന് റൺസ്. ക്രീസിലെത്തിയ ഫാബിയാൻ അലൻ ത്യാഗിയുടെ യോർക്കറിന് മുന്നിൽ പതറിയതോടെ പത്തരമാറ്റുള്ള വിജയം രാജസ്ഥാൻ പോക്കറ്റിലാക്കി.


Latest Related News