Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കൊൽക്കത്തൻ കരുത്തിന് മുന്നിൽ നിലതെറ്റി ബാംഗ്ലൂർ

September 20, 2021

September 20, 2021

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം. ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ബാംഗ്ലൂരിനെ കേവലം 92 റൺസിന് ചുരുട്ടിക്കെട്ടിയ കൊൽക്കത്ത 60 പന്തുകൾ ശേഷിക്കെ, ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. 

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായി നീല ജേഴ്‌സി അണിഞ്ഞാണ് ബാംഗ്ലൂർ കളത്തിലിറങ്ങിയത്. ടോസ് നേടിയ നായകൻ വിരാട് കോഹ്ലി രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണയെ മനോഹരമായൊരു കവർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച് തുടങ്ങിയ നായകൻ പക്ഷേ തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അരങ്ങേറ്റക്കാരൻ ശ്രീകാർ ഭരതിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് പടിക്കൽ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. പവർപ്ലേയിലെ അവസാനപന്തിൽ ദേവ്ദത്തിനെ ലോക്കി ഫെർഗൂസൻ, ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചതോടെയാണ് ബാംഗ്ലൂരിന്റെ തകർച്ച ആരംഭിച്ചത്. ഒൻപതാം ഓവറിൽ ആന്ദ്രേ റസൽ ബാംഗ്ലൂരിന് ഇരട്ടപ്രഹരമേല്പിച്ചു. ആദ്യപന്തിൽ തന്നെ അലസമായൊരു ഷോട്ടിന് ശ്രമിച്ച് ഭരത് പുറത്ത്, പിന്നാലെ എത്തിയ സൂപ്പർ താരം ഡിവില്ലിയേഴ്സ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. ലെഗ് സ്റ്റമ്പിനെ ലക്ഷ്യം വെച്ചെത്തിയ കൃത്യതയാർന്ന യോർക്കറിലാണ് ഡിവില്ലിയേഴ്‌സിന് അടിതെറ്റിയത്. ഐപിഎല്ലിലെ തന്റെ ആദ്യമത്സരത്തിനിറങ്ങിയ ശ്രീലങ്കൻ ഓൾറൗണ്ടർ ഹസരംഗയും നേരിട്ട ആദ്യപന്തിൽ തന്നെ മടങ്ങി. പിന്നാലെ വന്നവർക്കൊന്നും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയതോടെ ഓരോവർ ബാക്കി നിൽക്കെ, ടീം സെഞ്ചുറിക്ക് 8 റൺസകലെ ബാംഗ്ലൂരിന്റെ ബാറ്റിംഗ് അവസാനിച്ചു. കൊൽക്കത്തയ്ക്കായി റസലും വരുൺ ചക്രവർത്തിയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ടോപ്സ്‌കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗില്ലിനൊപ്പം അരങ്ങേറ്റക്കാരൻ വെങ്കടേഷ് അയ്യരാണ് ഓപ്പണിങ്ങിനിറങ്ങിയത്. മുഹമ്മദ്‌ സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അയ്യർ രണ്ട് ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്തു. മികച്ച മാർജിനിൽ വിജയം കണ്ടെത്താൻ കഴിഞ്ഞാൽ പ്ലേഓഫ് പ്രതീക്ഷകൾ കൂടുതൽ വർണ്ണാഭമാവുമെന്ന തിരിച്ചറിവിനാൽ കരുതലോടെയാണ് കൊൽക്കത്ത സ്കോർ പിന്തുടർന്നത്. ഓപ്പണർമാരിരുവരും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് അതിർത്തി വര കടത്താൻ ആരംഭിച്ചതോടെ മത്സരം പൂർണമായും കൊൽക്കത്തയുടെ വരുതിയിലായി. കിവി താരം കെയിൽ ജാമിയേഴ്‌സന്റെ ആദ്യരണ്ട് ഓവറുകളിൽ നിന്നും 26 റണ്ണാണ് ഗിൽ-അയ്യർ സഖ്യം അടിച്ചെടുത്തത്. അർഹിച്ച അർദ്ധസെഞ്ചുറിക്ക് രണ്ട് റൺസകലെ ശുഭ്മാൻ ഗിൽ പുറത്തായെങ്കിലും അരങ്ങേറ്റം അവിസ്മരണീയമാക്കിയ അയ്യറും, വൺഡൗണായെത്തിയ ആന്ദ്രേ റസലും ചേർന്ന് ടീമിനെ പത്താം ഓവറിൽ വിജയതീരത്തെത്തിച്ചു. റസലിന് ഒരു പന്ത് പോലും നേരിടാൻ അവസരം കൊടുക്കാതിരുന്ന അയ്യർ ഇരട്ടബൗണ്ടറികളോടെയാണ് വിജയറൺ കണ്ടെത്തിയത്.


Latest Related News