Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ വധശിക്ഷ വിധിച്ച മലയാളിക്ക് മാപ്പ് നല്‍കാന്‍ രണ്ടു മാസത്തിനകം 33 കോടി രൂപ ദയാധനം ആവശ്യപ്പെട്ട് സൗദി കുടുംബം

February 24, 2024

news_malayalam_death_penalty_in_saudi

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ് - സൗദിയിൽ വധശിക്ഷ വിധിച്ച കോഴിക്കോട് സ്വദേശിക്ക് മാപ്പ് നല്‍കാന്‍ സൗദി കുടുംബം ദയാധനം ആവശ്യപ്പെട്ടു. രണ്ടു മാസത്തിനകം 15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. മലയാളം ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യന്‍ എംബസി ഇക്കാര്യം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസില്‍ കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെയാണ് സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. 16 വര്‍ഷമായി റിയാദ് ജയിലിലാണ് റഹീം. 

2006 നവംബര്‍ 28 ന് 26 ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്‌രിയുടെ മകന്‍ അനസ് ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു  അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. എപ്പോഴും പ്രകോപിതനാകുമായിരുന്ന അനസിനെ പരിചരിക്കുന്നതിലെ പ്രയാസവും ഭയവും റഹീം ജോലിക്ക് കയറിയ സമയത്ത് വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. 

2006 ഡിസംബര്‍ 24ന് അനസിനെയും കൂട്ടി റഹീം ജിഎംസി വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ്  വഴക്കിടാൻ തുടങ്ങി. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞു. ആ സമയം റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. കണ്ണിലായപ്പോള്‍ തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി മനസ്സിലായത്. 

ഉടന്‍ മാതൃ സഹോദര പുത്രനായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി.

നിലവിൽ റഹീം വധശിക്ഷ കാത്ത് അല്‍ഹായിര്‍ ജയിലിൽ കഴിയുകയാണ്. വിവിധ ഘട്ടങ്ങളിലായി മൂന്ന് പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളില്‍ മൂന്ന് സൗദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫര്‍, അബൂ ഫൈസല്‍ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ അലി ഖഹ്താനിയാണ് അഭിഭാഷകന്‍. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകള്‍ കാരണമാണ് കുടുംബം മാപ്പിന് തയ്യാറായത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News