March 03, 2024
March 03, 2024
റിയാദ്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ഒരുക്കം തുടങ്ങി. ഔദ്യോഗിക ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തതായി സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ. saudi2034bid.com എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ നടത്തിയത്.
ഔദ്യോഗിക നാമനിർദേശ കത്ത് ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷന് (ഫിഫ) സൗദി ഫുട്ബോൾ ഫെഡറേഷൻ സമർപ്പിച്ചിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ ഏറ്റവും ത്വരിതഗതിയിലുള്ള വളർച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവർത്തനവും ധ്വനിപ്പിക്കുന്നതാണ് ലോഗോയെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
‘ഒരുമിച്ച് മനുഷ്യരുടെ കഴിവുകൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ഫുട്ബോൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ആശയവിനിമയത്തിന്റെ പാലങ്ങൾ വികസിപ്പിക്കാൻ’ എന്നീ മൂന്ന് പ്രധാന സ്ലോഗണുകൾ ഉൾപ്പെടുന്നതാണ് സൗദി നാമനിർദേശ ഫയൽ. ലോഗോയുടെ രൂപകൽപന രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനേയും ഊർജസ്വലമായ സമൂഹത്തിനേയും പ്രതിഫലിപ്പിക്കുന്നതാണ്.
ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത് ലോകകപ്പിന്റെ 25ാം പതിപ്പായ 2034ലെ ടൂർണമെന്റിനെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്ന സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്റെ ആകൃതിയിലാണ് ലോഗോ. ഇത് സൗദി സമൂഹത്തെയും രാജ്യത്തിന്റെ ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച്, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ്, ലാവെൻഡർ പൂവിന്റെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ എന്നിവയാണ് നിറങ്ങൾ. നിലവിലെയും മുൻകാല ഫുട്ബോൾ താരങ്ങളുടെയും പങ്കാളിത്തത്തോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ചതാണ് ലോഗോയുമായി ബന്ധപ്പെട്ട വീഡിയോ.
2034 ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള സൗദി നാമനിർദേശ ഫയൽ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ Saudi2034bid.com വെബ്സൈറ്റ് സന്ദർശിക്കാം. SaudiNomination2034, TogetherWeGrow എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് ആരാധകർക്ക് സ്ഥാനാർഥിത്വ കാമ്പയിനെ പിന്തുണക്കാനും കഴിയും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F