Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഒരുമിച്ച് മുന്നോട്ട്,ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ സൗദി എംബസി തുറന്നു

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്:നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം  സൗദി അറേബ്യ ഇറാനിലെ തെഹ്‌റാനില്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിനെത്തുടര്‍ന്ന് ഇറാനും സൗദി അറേബ്യയും നയതന്ത്രബന്ധം പുനരാരംഭിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും തീരുമാനിച്ചിരുന്നു.

ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ റിയാദ് വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2016ലാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. സൗദി അറേബ്യയുടെ തെഹ്‌റാന്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഇറാനിലെ സ്റ്റേറ്റ് മീഡിയ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിനെത്തുടര്‍ന്നാണ് ഇറാനും സൗദി അറേബ്യയും നയതന്ത്രബന്ധം പുനരാരംഭിക്കാനും അതത് എംബസികള്‍ വീണ്ടും തുറക്കാനും സമ്മതിച്ചത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇറാനിലെ സൗദി അറേബ്യയുടെ എംബസി ഔദ്യോഗികമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന (ഐആര്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് റിയാദില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ ജൂണില്‍ റിയാദിലെ ഇറാന്റെ എംബസി വീണ്ടും തുറന്നിരുന്നു. 2016ലെ പ്രതിഷേധത്തിനിടെ തെഹ്‌റാനിലെ സൗദി എംബസി കെട്ടിടം തകര്‍ന്നത് കാരണമാണ് വീണ്ടും തുറക്കാന്‍ വൈകുന്നതിന് കാരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇറാന്റെ തലസ്ഥാനത്തെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് ജോലി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിനു പിന്നാലെ സൗദി അറേബ്യ ഇറാന്റെ സഖ്യകക്ഷിയായ സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിരുന്നു. യെമനില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി സേനയ്‌ക്കെതിരെ വര്‍ഷങ്ങളായി സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി,

പശ്ചിമേഷ്യയില്‍ വര്‍ഷങ്ങളായി ഇറാനും സൗദി അറേബ്യയും രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ വിരുദ്ധചേരിയില്‍ നിലയുറപ്പിക്കുകയും എതിര്‍കക്ഷികളെ പിന്തുണയ്ക്കുകയും ചെയ്യുകയാണ്. സമുദ്രാതിര്‍ത്തിയിലെ അല്‍ ദുര്‍റ വാതകപ്പാടത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇറാന്‍ സൗദി അറേബ്യയുമായും കുവൈത്തുമായും ഭിന്നത തുടരുന്നതിനിടെയാണ് നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാവുന്നത്.

ഇറാന്റെ പുതിയ അംബാസഡര്‍ കഴിഞ്ഞയാഴ്ച കുവൈത്തില്‍ ചുമതലയേറ്റിരുന്നു. പുതിയ അംബാസഡര്‍ മുഹമ്മദ് ടോട്ടോഞ്ചിയെ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അബ്ദുല്ല അല്‍ സബാഹ് സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അല്‍ ദുര്‍റ വാതകപ്പാടം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് കുവൈത്ത് വിദേശകാര്യ മന്ത്രിയെ അംബാസഡര്‍ തെഹ്‌റാനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കടല്‍ത്തീരത്തുള്ള ഗ്യാസ് ഫീല്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കം സൗദി അറേബ്യ, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള പ്രകോപന പ്രസ്താവനകള്‍ക്ക് ഇടയാക്കിയിരുന്നു. സൗദിക്കും കുവൈത്തിനും മാത്രം അവകാശപ്പെട്ടതാണ് ഈ പാടമെന്ന് ഇരു രാജ്യങ്ങളും പറയുമ്പോള്‍ ഇറാന്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News