Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തര്‍ ഉപരോധം അവസാനിച്ചെങ്കിലും ബഹ്‌റൈനുമായുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നത് എന്തുകൊണ്ട്?

February 01, 2021

February 01, 2021

ദോഹ: ഖത്തറിനെതിരായ നാല് അറബ് രാജ്യങ്ങളുടെ ഉപരോധം ജനുവരി അഞ്ചിനാണ് അവസാനിച്ചത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഉപരോധം സൗദിയിലെ ചരിത്ര നഗരമായ അള്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവച്ച കരാറോടെയാണ് ഒത്തുതീര്‍ന്നത്. സൗദിയും ബഹ്‌റൈനും ഉള്‍പ്പെടെ ജി.സി.സിയിലെ എല്ലാ രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഒപ്പുവച്ചെങ്കിലും ബഹ്‌റൈനിന് ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 

ഇറാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും ആരോപിച്ചാണ് നാല് അറബ് രാജ്യങ്ങള്‍ 2017 ജൂണ്‍ മുതല്‍ ഖത്തറിനെ ഉപരോധിച്ചത്. ഖത്തറുമായുള്ള എല്ലാ ബന്ധവും അവര്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കി. നാല് രാജ്യങ്ങളിലെയും ഖത്തര്‍ പൗരന്മാരെ പുറത്താക്കി. ഉപരോധം പിന്‍വലിക്കാനായി 13 ആവശ്യങ്ങളുടെ പട്ടിക അറബ് രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വച്ചെങ്കിലും ഖത്തര്‍ അത് തള്ളുകയായിരുന്നു.

അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക സാന്നിദ്ധ്യം അവസാനിപ്പിക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ട് വച്ചത്. ഒടുവില്‍ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ തന്നെ അറബ് രാജ്യങ്ങള്‍ അല്‍ ഉല ഉച്ചകോടിയില്‍ ഖത്തറുമായുള്ള സൗഹൃദം പുനഃസ്ഥാപിച്ചു. 


സൗദി കിരീടാവകാശി, ഖത്തര്‍ അമീര്‍

ഉപരോധം അവസാനിച്ചു. എല്ലാ അറബ് രാജ്യങ്ങളുമായും ഖത്തര്‍ നല്ല രീതിയില്‍ ബന്ധം പുനരാരംഭിച്ചു. വിമാനസര്‍വ്വീസുകള്‍ വീണ്ടും തുടങ്ങി. അതിര്‍ത്തികള്‍ തുറക്കപ്പെട്ടു. വാണിജ്യ, നയതന്ത്ര ബന്ധങ്ങളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും റിയാദില്‍ നിന്നും കെയ്‌റോയില്‍ നിന്നുമെല്ലാം ദോഹയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ പറന്നു തുടങ്ങി. 

പക്ഷേ ബഹ്‌റൈന്റെ ഭാഗത്ത് നിന്ന് മാത്രം സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് ദോഹയില്‍ നിന്നും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല. ജനുവരി 11 നു തന്നെ തങ്ങളുടെ വ്യോമാതിര്‍ത്തി തുറക്കുമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. 

ഖത്തറുമായുള്ള ബന്ധം 2017 ജൂണ്‍ അഞ്ചിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ രാജ്യവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഖത്തര്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് സയാനി ആരോപിച്ചതോടെ ഉഭയകക്ഷിബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ ദൃശ്യമായി. 

ബഹ്‌റൈനിലേക്ക് കരമാര്‍ഗമുള്ള ഒരേയൊരു വഴിയാണ് സൗദി അറേബ്യയില്‍ നിന്ന് കടല്‍ മുറിച്ച് കടന്ന് പോകുന്ന കിങ് ഫഹദ് കോസ്‌വേ. ഇതുവഴി ഖത്തരികള്‍ക്ക് ബഹ്‌റൈനിലേക്ക് പ്രവേശനം നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സയാനി ആരോപണവുമായി രംഗത്തുവന്നത്. ദോഹ ഗ്ലോബ് ഉള്‍പ്പെടെയുള്ള രണ്ട് പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയോട് ഖത്തര്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. 


കിങ് ഫഹദ് കോസ്‌വേയുടെ ആകാശ ദൃശ്യം


കിങ് ഫഹദ് കോസ്‌വേ

അതുപോലെ തന്നെ ബഹ്‌റൈന്റെ ഭാഗത്ത് നിന്നുണ്ടായ മറ്റൊരു പ്രകോപനമാണ് ഖത്തര്‍ രാജ കുടുംബാഗങ്ങളുടെ ബഹ്‌റൈനിലെ സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാതൃസഹോദരന്‍ ഖാലിദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ മിഡ്‌നാസിന്റെ മക്കളുടെ 130 സ്വത്തുവകകളാണ് ബഹ്‌റൈന്‍ നഗര മന്ത്രാലയം പിടിച്ചെടുത്തതായി ബഹ്‌റൈന്‍ ഗസറ്റിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

ഖത്തറിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് ബഹ്‌റൈന്‍ അതിക്രമിച്ചു കടന്നതായുള്ള നാല് സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് അല്‍ ഉല ഉച്ചകോടിക്ക് മുമ്പുള്ള അനുരഞ്ജന ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ടിരുന്നു. മൂന്ന് സംഭവങ്ങളില്‍ ബഹ്‌റൈനി മത്സ്യത്തൊഴിലാളികളെ ഖത്തര്‍ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഡിസംബറില്‍ ഖത്തറിന്റെ വ്ഓമാതിര്‍ത്തി ലംഘിച്ച് ബഹ്‌റൈന്റെ നാല് യുദ്ധവിമാനങ്ങളാണ് പറന്നതായി ദോഹ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നായിരുന്നു മനാമയില്‍ നിന്നുള്ള പ്രതികരണം. 

ബഹ്‌റൈനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഖത്തര്‍ പരിശഅരമിക്കുന്നില്ലെന്നാണ് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയം അടുത്തിടെ പ്രസ്താവനയില്‍ പറഞ്ഞത്. ഖത്തറിന്റെ നയങ്ങളുടെ ഫലമായി കഴിഞ്ഞ ദശകങ്ങളില്‍ ബഹ്‌റൈനുണ്ടായ നാശനഷ്ടങ്ങളെയും തീര്‍പ്പാക്കപ്പെടാത്ത ഫയലുകളെയുമാണ് പ്രസ്താവന സൂചിപ്പിച്ചത്. എന്നാല്‍ ഈ ഫയലുകള്‍ എന്തെല്ലാമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയില്ല. 

തീര്‍പ്പാകാത്ത വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാനുള്ള ബഹ്‌റൈന്റെ ക്ഷണത്തോട് ഖത്തര്‍ പ്രതികരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. 


ബഹ്റൈൻ വിദേശകാര്യമന്ത്രി

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ബഹ്‌റൈന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും സൗദിയുടെ നേതൃത്വത്തെ പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരായതുകൊണ്ടാണ് അല്‍ ഉല കരാറില്‍ ഒപ്പുവച്ചതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2001 ല്‍ പരിഹരിക്കപ്പെട്ട ഹവാര്‍ ദ്വീപുകളെ സംബന്ധിച്ച പ്രശ്‌നം ഉള്‍പ്പെടെ നിരവധി പ്രാദേശിക പ്രശ്‌നങ്ങള്‍ ബഹ്‌റൈനും ഖത്തറും തമ്മില്‍ ഉണ്ടായിരുന്നു. 

ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെ കുറിച്ചും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ഇറാന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമെല്ലാമുള്ള ആശങ്ക ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനി പ്രകടിപ്പിച്ചത് ഇസ്രയേലി വിദേശകാര്യ മന്ത്രി ഗബി അഷ്‌കെനസി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ്. ഇസ്രയിലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസാണ് കോണ്‍ഫറന്‍സ് നടത്തിയത്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് ഖത്തറും ബഹ്‌റൈനും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നത. യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗാര്‍ഗാഷും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

ഇതിന് നേരെ വിപരീതമാണ് ഖത്തറിന്റെ നിലപാട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തേണ്ട സമയമാണ് ഇതെന്നും ഇതിന് ഖത്തര്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അടുത്തിടെ പറഞ്ഞിരുന്നു. ഇതില്‍ നിന്ന് ഖത്തറിന്റെ നിലപാട് വ്യക്തമാണ്.


മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി

അല്‍ ഉല കരാറിനു ശേഷവും ഖത്തറുമായി ബഹ്‌റൈന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാത്തതിന് മറ്റൊരു കാരണമാണ് ചില വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. തീരുമാനങ്ങളെടുക്കുന്നതില്‍ ബഹ്‌റൈനു മേല്‍ സൗദി അറേബ്യയ്ക്കുള്ളതിനെക്കാള്‍ സ്വാധീനം ഇപ്പോള്‍ യു.എ.ഇയ്ക്കാണെന്നാണ് പല വിദഗ്ധരും പറയുന്നത്. 

ഇസ്രയേലുമായി ബഹ്‌റൈന്‍ നയതന്ത്ര ബന്ധഝം സ്ഥാപിച്ചത് അടുത്തിടെയാണ്. ഇസ്രയേലുമായി സമ്പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിക്കുന്ന ഗള്‍ഫിലെ രണ്ടാമത്തെ രാജ്യവും അറബ് ലോകത്തെ നാലാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍. എന്നാല്‍ ഇസ്രയേലിന്റെ കാര്യത്തില്‍ ഖത്തറിന് വിരുദ്ധ നിലപാടാണ് ഉള്ളത്. പലസ്തീനോടുള്ള പ്രതിബദ്ധതയും പിന്തുണയും ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണ്. 

'പലസ്തീന്‍ പ്രശ്‌നത്തിന്റെ കാതല്‍ എന്നത് പലസ്തീനികള്‍ അനുഭവിക്കുന്ന കടുത്ത യാതനകളാണ്. ഒരു രാജ്യമില്ലാത്ത ജനത, അധിനിവേശത്തില്‍ ജീവിക്കുകയാണ്.' -ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലോല്‍വ അല്‍ ഖാതെറിന്റെ വാക്കുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രയേലുമായുള്ള സാധാരണവല്‍ക്കരണം ജി.സി.സിയില്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയ സമയത്താണ് അവര്‍ ഇത് പറഞ്ഞത്. 


ലോല്‍വ അല്‍ ഖാതെർ

ഖത്തറിനെതിരായ ബഹ്‌റൈന്റെ പരാതികളില്‍ ആവര്‍ത്തിച്ച് വരുന്നത് ഇറാനെ സംബന്ധിച്ച വിഷയങ്ങളാണ്. 

ഖത്തറിനെ ഉപരോധിച്ച രാജ്യങ്ങളില്‍ മൂന്നിനും ഇറാനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബഹ്‌റൈന്റെ പ്രശ്‌നം കുറേക്കൂടി ആഴത്തിലുള്ളതായിരുന്നു.ഇറാനിലെ പോലെ തന്നെ ബഹ്‌റൈനിലെയും ജനസംഖ്യയില്‍ ഭൂരിപക്ഷം ഷിയ മുസ്‌ലിങ്ങളാണ്. ബഹ്‌റൈനില്‍ 60 ശതമാനത്തിലധികം പേരും ഷിയാക്കളാണ്. എന്നാല്‍ ബഹ്‌റൈന്‍ ഭരിക്കുന്ന കുടുംബം സുന്നിയാണ്. 

2014 ന് മുമ്പ് ബഹ്‌റൈനിലെ നിരവധി സുന്നി മുസ്‌ലിങ്ങള്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കിയിരുന്നു. ബഹ്‌റൈനിലെ ഭൂരിപക്ഷം വരുന്ന ഷിയ മുസ്‌ലിങ്ങള്‍ക്കെതിരെ സുന്നി മുസ്‌ലിങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബഹ്‌റൈന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. അതേസമയം മനുഷ്യാവകാശ ലംഘനങ്ങളെ ഷിയ മുസ്‌ലിങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ 'ഇറാന്റെ പ്രതിനിധികള്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് ബഹ്‌റൈന്‍ ചെയ്തത്. 

അറേബ്യന്‍ ഉപദ്വീപില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സൗദി-യു.എ.ഇ 'യുദ്ധ'വും ഒരു യാഥാര്‍ത്ഥ്യമാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ബഹ്‌റൈന്‍ പ്രധാനമായി ആശ്രയിക്കുന്നത് സൗദിയയെയാണ്. പരിഷ്‌കരണ നടപടികള്‍ ഉണ്ടെങ്കില്‍ പോലും ബഹ്‌റൈന് അയല്‍രാജ്യങ്ങളില്‍ നിന്ന് കൂടുതലായി സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 


ബഹ്റൈൻ രാജാവും യു.എ.ഇ കിരീടാവകാശിയും

സൗദിയോടുള്ള ബഹ്‌റൈന്റെ വിശ്വസ്തത യു.എ.ഇയിലേക്ക് മാറുന്നത് വിശദീകരിക്കാന്‍ ഈ സാമ്പത്തിക സാഹചര്യത്തിന് കഴിയും. 2011 നു ശേഷം ഈ ദശകത്തില്‍ ബഹ്‌റൈനില്‍ യു.എ.ഇ നടത്തിയത് ഗണ്യമായ തോതിലുള്ള നിക്ഷേപങ്ങളാണ്. എന്നാല്‍ സൗദി അറേബ്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ കുറവാണ്. അറേബ്യന്‍ ഉപദ്വീപിന്റെ ആധിപത്യത്തിനായുള്ള സൗദിയുടെയും യു.എ.ഇയുടെയും പോര്‍ക്കളമാണ് ബഹ്‌റൈന്‍ എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 

ബഹ്‌റൈന്റെ പ്രസ്താവനകളോടൊന്നും തന്നെ ഖത്തര്‍ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഖത്തറും അയല്‍രാജ്യങ്ങളായ യു.എ.ഇയും ബഹ്‌റൈനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. പോസിറ്റീവായ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയില്‍ നിന്ന് നല്ല സൂചനകളാണ് വരുന്നതെന്നും അവര്‍ പറയുന്നു. 

ഖത്തറും ചില ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ ശ്രദ്ധിക്കുന്നില്ലെന്നും ഗള്‍ഫ് ഐക്യത്തിലാണ് ശ്രദ്ധയെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗദി ജി.സി.സിയിലെ മറ്റ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അഭ്യൂഹങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നും ഖത്തര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News