Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അത്തമായി,പ്രവാസ ലോകത്തും 'നല്ലോണ'മുണ്ടാവണം ജാഗ്രത

August 22, 2020

August 22, 2020

അൻവർ പാലേരി   
ദോഹ : ഇന്ന് അത്തം ഒന്ന്.കോവിഡ് കാലത്ത് ജാഗ്രതയുടെ മുനമ്പിൽ നിന്ന് ആളും ആരവവുമില്ലാത്ത ഓണത്തിനായി അത്തത്തെ വരവേൽക്കാനൊരുങ്ങുകയാണ് പ്രവാസ ലോകവും.ഗൾഫിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലെല്ലാം അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കൾ ഇത്തവണയും ഇന്ത്യയിൽ നിന്നും വിമാനം കയറി എത്തിയിട്ടുണ്ട്.ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി, അരളി തുടങ്ങി വ്യത്യസ്തങ്ങളായ നാടൻ പൂക്കൾ പ്രധാന ഹൈപ്പർ മാർക്കറ്റുകളിലെ പൂവട്ടികളിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്.കേരളത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്ക് നിയന്ത്രണമുള്ളതിനാൽ തോവാളത്തു നിന്നുൾപ്പെടെ അന്യസംസ്ഥാനങ്ങളിലെ പൂവിപണി ഇത്തവണ ഗൾഫ് വിപണിയെയാണ് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത്. വില്ലകളിലും ഫ്ളാറ്റുകളിലുമുള്ള ഇത്തിരിപ്പോന്ന സ്ഥലങ്ങളിൽ പൂക്കളമൊരുക്കിയാണ് ഖത്തറിലെ പ്രവാസി മലയാളികൾ ഇത്തവണയും ഓണം ആഘോഷിക്കുക.

അതേസമയം,ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേർപാടിന്റെ നൊമ്പരമുണർത്തുന്നത് കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം.അവധിക്കും മറ്റാവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോയ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല.തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരും വിസാ കാലാവധി കഴിഞ്ഞു തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയവരും നിരവധി.കോവിഡ് ബാധിച്ചു വിവിധ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ടവരുടെ ഓർമകളും യു.എ.ഇയിൽ കരിപ്പൂർ ദുരന്തത്തിലേക്ക് പറന്നിറങ്ങിയ ഉറ്റവരെ ഓർത്തുള്ള വേദനയും ഈ ഓണക്കാലത്ത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്‌. നിലവിൽ ഗൾഫിൽ തുടരുന്നവരിൽ തന്നെ വലിയൊരു വിഭാഗം തൊഴിൽ സംബന്ധിച്ച ആശങ്കകളും അനിശ്ചിതത്വവും പരസ്പരം പങ്കുവെക്കുന്നവരാണ്.കോവിഡ് ഗൾഫ് സമ്പദ്ഘടനയിലുണ്ടാക്കിയ വെല്ലുവിളികളെ അതിജീവിക്കാൻ കുവൈത്ത്,സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സ്വദേശിവത്കരണം ഊർജിതമാക്കുന്നതും ഗൾഫ് മലയാളികളിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകൾ സെപ്തംബർ ആദ്യവാരത്തോടെ നിലവിൽ വരികയാണെങ്കിൽ ഓണസദ്യകൾക്ക് അൽപം മാറ്റു കൂടുമെന്നത് ആശ്വാസമാണ്. തിരുവോണ നാളിൽ സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റുകളിൽ പോയി ഓണസദ്യ കഴിക്കുന്നവർക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ കടുത്ത നിയന്ത്രണങ്ങളോടെ റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുമതിയുണ്ടെങ്കിലും പലരും ഇതിനു തയാറായിട്ടില്ല. സെപ്തംബറിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നതോടെ സാധാരണ നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പലരും കാത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷവും നിനച്ചിരിക്കാതെ വന്ന പ്രളയമാണ് ഓണത്തിന്റെ നിറം കെടുത്തിയതെങ്കിൽ ഇത്തവണ കോവിഡാണ് ഓണത്തപ്പന് മുന്നിൽ വില്ലനായത്. ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് അതുകൊണ്ടുതന്നെ ഇത്തവണത്തേത് വ്യത്യസ്തമായ ഓണക്കാലമായിരിക്കുമെന്ന് ഉറപ്പ്. പ്രവാസ ലോകത്തെ ഓണാഘോഷങ്ങളിലും ഈ വ്യത്യസ്തത പ്രകടമാകും.വെബിനാർ ഓണക്കൂട്ടായ്മകളും ഓൺലൈൻ പൂക്കള മത്സരങ്ങളുമൊക്കെ ഒരുക്കി പറ്റാവുന്ന വിധത്തിൽ ഇത്തവണയും ഓണത്തിന്റെ നിറപ്പകിട്ടു നിലനിർത്താൻ തന്നെയാവും ശ്രമം.

പ്രളയവും കോവിഡും തകർത്തെറിഞ്ഞ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അത്തച്ചമയങ്ങളിൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ടെങ്കിലും പ്രവാസ ലോകത്തു നിന്നുള്ള വരുമാനം തന്നെയാണ് നാട്ടിലുള്ളവർക്ക് ഈ ഓണക്കാലത്തും പ്രതീക്ഷയാകുന്നത്. ഇതിനിടെ,തൊഴിൽ നഷ്ടപ്പെട്ടും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോകാൻ കഴിയാതെയും ആയിരക്കണക്കിന് പ്രവാസി സഹോദരങ്ങളാണ് നാട്ടിൽ തുടരുന്നത്.വറുതിക്കാലത്തും നന്മയുടെയും കരുതലിന്റെയും സ്നേഹപ്പൂക്കളമൊരുക്കി ഇവരെ കൂടി ചേർത്തുപിടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News