Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയുമായി ചർച്ചനടത്തിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രി,പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് സൂചന  

December 07, 2019

December 07, 2019

ദോഹ : നിലവിലെ ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി പറഞ്ഞു. സൗദിയുമായി നടത്തിയ ചർച്ചകളെ തുടർന്ന് രണ്ടു വർഷമായി തുടരുന്ന പ്രതിസന്ധിയിൽ രണ്ടു കക്ഷികളും ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും റോമിൽ കഴിഞ്ഞ ദിവസം നടന്ന ഫോറിൻ പോളിസി സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അൽ ജസീറ ന്യൂസ് നെറ്റ് വർക്കാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശകാര്യ മന്ത്രി സൗദിയുമായി ചർച്ച നടത്തിയ കാര്യം ഇതാദ്യമായാണ് ഒരു ഖത്തർ മാധ്യമം സ്ഥിരീകരിക്കുന്നത്.

അനുരഞ്ജന ചർച്ചകളിൽ ഇതുവരെയുണ്ടായിരുന്ന സ്തംഭനാവസ്ഥ നീങ്ങിയതായും കാര്യങ്ങൾ പുരോഗതിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഖത്തർ വിദേശകാര്യ മന്ത്രി സൗദിയുമായി ചർച്ച നടത്തിയതായി അമേരിക്കയിലെ വാൾസ്ട്രീറ്റ് ജേർണലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സന്ദർശനത്തിനിടെ, ഉന്നത സൗദി ഉദ്യോഗസ്ഥരുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നതായും ഉപരോധം പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഒരു മുതിർന്ന അറബ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം,ഖത്തർ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ഇതിനു പിന്നാലെയാണ് റിയാദിൽ ഈ മാസം പത്തിന് നടക്കുന്ന നാല്പതാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണപത്രം ഖത്തർ അമീറിനെ തേടിയെത്തിയത്. ദോഹയിൽ നടക്കുന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് മാറി അവസാന നിമിഷം സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തതും പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. ഉപരോധത്തിന് ശേഷം ഗൾഫ് കപ്പിനോടനുബന്ധിച്ച് സൗദിയിൽ നിന്നും ബഹ്‌റൈനിൽ നിന്നുമുള്ള വിമാനങ്ങൾ ആദ്യമായി ദോഹയിൽ പറന്നിറങ്ങിയതും പ്രതീക്ഷ നൽകിയിട്ടുണ്ട്.

2017 ജൂണിലാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര,വ്യോമ,ജലപാതകൾ നിഷേധിച്ചു കൊണ്ട് നടപ്പിലാക്കിയ ഉപരോധം പിൻവലിക്കാൻ പതിമൂന്ന് ഉപാധികളാണ് സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നത്. ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക,അൽ ജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധത്തിൽ കുറവ് വരുത്തുക എന്നിവയായിരുന്നു പ്രധാന ഉപാധികൾ. ഇതിന് സന്നദ്ധമാവാതിരുന്ന ഖത്തർ രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊണ്ടുള്ള ഏതുതരം സമവായ ചർച്ചകൾക്കും സന്നദ്ധമാണെന്ന് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News