Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ : ആദ്യ നാലു മണിക്കൂറിൽ മാത്രം വിറ്റുപോയത് 24,000 ടിക്കറ്റുകൾ 

December 04, 2019

December 04, 2019

ദോഹ : ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ നാളെ നടക്കുന്ന സെമിഫൈനൽ മത്സരം കാണാനുള്ള ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടം. ആദ്യത്തെ നാല് മണിക്കൂറിൽ മാത്രം 24,000 ടിക്കറ്റുകൾ വിറ്റുപോയതായി സംഘാടക സമിതി മാർക്കറ്റിങ് വിഭാഗം മേധാവി ഖാലിദ് അൽ ഖുവാരി അറിയിച്ചു. ഇന്നലെ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച ടിക്കറ്റ് വിൽപന ആദ്യത്തെ നാല് മണിക്കൂർ പൂർത്തിയാക്കിയപ്പോൾ 18,000 ടിക്കറ്റുകളാണ് വിവിധ കേന്ദ്രങ്ങൾ വഴി വിറ്റുപോയത്. 6,000 ടിക്കറ്റുകൾ ഓൺലൈൻ വഴി വിറ്റു. ഖത്തർ ടെലിവിഷനിലെ 'അവർ ലൈഫ് പ്രോഗ്രാ'മിൽ സംസാരിക്കുന്നതിനിടെയാണ് ഖാലിദ് അൽ ഖുവാരി ഇക്കാര്യം പറഞ്ഞത്.

ആദ്യ നാല് മണിക്കൂറിനുള്ളിൽ തന്നെ അറുപത് ശതമാനം ടിക്കറ്റുകളും വിറ്റു തീരുന്നത് ഇതാദ്യമായാണ്. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവരുടെ തിരക്ക് കൂടിയതിനാൽ പലപ്പോഴും വെബ്‌സൈറ്റിൽ സാങ്കേതിക തടസ്സം അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ട് ടിക്കറ്റ് വിൽപന ആരംഭിച്ചതായി ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ അറിയിച്ചത് മുതൽ  വില്ലാജിയോ മാൾ,മാൾ ഓഫ് ഖത്തർ,ദോഹ ഫെസ്റ്റിവൽ സിറ്റി,സൂഖ് വാഖിഫ്,കത്താറ എന്നീ കേന്ദ്രങ്ങളിൽ ആരാധകരുടെ വൻ തിരക്കനുഭവപ്പെട്ടു. നീണ്ട നിരയിൽ മണിക്കൂറുകളോളം വരി നിന്നാണ് ആവേശപ്പോരാട്ടത്തിന് നേർസാക്ഷികളാകാനുള്ള ടിക്കറ്റുകൾ പലരും  സ്വന്തമാക്കിയത്. ഈ ഭാഗങ്ങളിൽ വർധിച്ച ഗതാഗത കുരുക്കിനും ഇതിടയാക്കി.

ഇക്കഴിഞ്ഞ രണ്ടിന് നടന്ന ഗ്രൂപ് എ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ യു.എ.ഇ യെ പരാജയപ്പെടുത്തിയിരുന്നു. ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ഖലീഫാ രാജ്യാന്തര സ്റ്റേഡിയം അന്ന് സാക്ഷ്യം വഹിച്ചത്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുമായി നാളെ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും ഫൈനലിൽ പ്രവേശിക്കാനുള്ള അവസാന ടിക്കറ്റ് കൂടിയായതിനാൽ മത്സരത്തിന് വീറും വാശിയും കൂടുമെന്ന് ഉറപ്പാണ്.

ഗ്രൂപ് എ യിൽ ആറു പോയിന്റുകളുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് ഖത്തർ നാളെ സെമി ഫൈനലിനായി ബൂട്ടണിയുന്നത്. ഗ്രൂപ് ബി യിൽ തുല്യശക്തിയായി ആറു പോയിന്റുകളുമായാണ് സൗദി നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരെ നേരിടാനെത്തുന്നത്. ഗ്രൂപ് എ യിൽ 7 പോയിന്റുമായി ഇറാഖാണ് മുന്നിൽ.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആദ്യറൗണ്ടിലെ അവസാനമത്സരങ്ങളിൽ ഖത്തർ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യു.എ.ഇ യെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദി അറേബ്യ ഒമാനെയും പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബഹ്‌റൈൻ കുവൈത്തിനെ കെട്ടുകെട്ടിച്ചപ്പോൾ ഇറാഖ് - യമൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News