Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഗൾഫ് പ്രതിസന്ധി,ബഹ്‌റൈനെ 'ചാവേറാ'ക്കി അനുരഞ്ജന നീക്കം പൊളിക്കാൻ നീക്കം  

December 20, 2020

December 20, 2020

അൻവർ പാലേരി

ദോഹ: ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിൽ ചേരാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ ബഹ്‌റൈനെ മുൻനിർത്തി അനുരഞ്ജന നീക്കം പൊളിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്.ഖത്തറും സൗദിയും തമ്മിൽ വീണ്ടും അടുക്കുന്നതിൽ അസ്വസ്ഥതയുള്ള ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സൗദിയും ഖത്തറും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈജിപ്തും അബുദാബിയും അസ്വസ്ഥത പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഖത്തറിനെതിരെ കടുത്ത ആക്ഷേപവുമായി ബഹ്‌റൈൻ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയോട് അടുക്കുകയാണെന്നും അടുത്ത ഗൾഫ് ഗൾഫ് ഉച്ചകോടിയിൽ ഇതിനുള്ള അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ്  ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ ഈയിടെ അറിയിച്ചിരുന്നു.സൗദിയും ലോകനേതാക്കളും ഈ നീക്കത്തെ അഭിനന്ദിച്ചു രംഗത്തെത്തിയതിനു പിന്നാലെ ഉപരോധത്തിൽ പങ്കാളികളായ യു.എ.ഇയിലെ ചില നേതാക്കളും അനുകൂല നിലപാട് അറിയിച്ചത് ശുഭസൂചനയായാണ് എല്ലാവരും കണ്ടത്. എന്നാൽ ഇതിനു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡൻറ് ഫത്താഹ് അല്‍ സിസിയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയീദ് രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അനുരഞ്ജനം നീക്കം പൊളിക്കാനുള്ള ഗൂഡാലോചനകൾ നടന്നതായാണ് മിഡിൽ ഈസ്റ്റ് ഐ ഉൾപെടെയുള്ള ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഗൾഫ്പ്രതിസന്ധി പരിഹരിക്കാൻ ആഗോള തലത്തിൽ തന്നെ കടുത്ത സമ്മർദം ഉയരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരാതിരിക്കാൻ അനുരഞ്ജന നീക്കത്തെ തുറന്ന് എതിർക്കുന്നതിന് പകരം ഈജിപ്തുമായി ചേർന്ന്  യു.എ.ഇ അണിയറയിൽ മറ്റു ചില നീക്കങ്ങൾ നടത്തുന്നതായാണ് നിരീക്ഷണം.ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ബഹ്‌റൈനെ കളത്തിലിറക്കി ഖത്തറിനെതിരെ വ്യാപകമായ ആരോപണങ്ങൾ അഴിച്ചു വിടാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.ഇറാനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്താൻ ബഹ്‌റൈനെ മുന്നിൽ നിർത്തുന്നത് വഴി തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാനും വീണ്ടും അസ്വസ്ഥതകളുണ്ടാക്കി അനുരഞ്ജന നീക്കത്തിന് തടയിടാനും കഴിയുമെന്നാണ് ഒരു വിഭാഗം കണക്കുകൂട്ടുന്നത്.ഗൾഫ് മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള ഷിയാ ധ്രുവീകരണം ഉണ്ടാകുന്നതിനെ ബഹ്‌റൈൻ ഭയപ്പെടുന്നുണ്ട്.വർഷങ്ങളായി രാജ്യത്തെ ഭൂരിപക്ഷമായ ഷിയാ വിഭാഗത്തെ ഒതുക്കിനിർത്തി ഭരണം കയ്യാളുന്ന ഭരണകൂട താല്പര്യങ്ങൾക്ക് ഇറാനുമായി അടുപ്പം സൂക്ഷിക്കുന്ന ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തിയെ ആളിക്കത്തിച്ച് അനുരഞ്ജന ശ്രമങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് ഒരു വിഭാഗം കണക്കുകൂട്ടുന്നത്.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷും,അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസുഫ് അൽ ഉതൈബയും ഈജിപ്ത് വിദേശകാര്യ മാത്രാലയവും നിലപാട് മയപ്പെടുത്തിക്കൊണ്ടുള്ള ചില പരാമർശങ്ങൾ നടത്തിയിരുന്നെങ്കിലും ബഹ്‌റൈന്റെ ഇക്കാര്യത്തിലുള്ള  മൗനം അറബ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.എന്നാൽ ദിവസങ്ങൾക്കു ശേഷം ഈജിപ്ഷ്യൻ പ്രസിഡൻറ് ഫത്താഹ് അല്‍ സിസിയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയീദ് രാജകുമാരനും തമ്മിലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തറിനെതിരെ കടുത്ത ആരോപണങ്ങളുമായി ബഹ്‌റൈൻ രംഗത്തെത്തിയത് അനുരഞ്ജന നീക്കം പൊളിക്കാനുള്ള ചില ഗൂഢ നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ബഹ്‌റൈന്‍ മനുഷ്യാവകാശ കമീഷന്‍ മേധാവി അമ്മാര്‍ അല്‍ ബന്നായിയാണ് ഖത്തറിനെതിരെ രൂക്ഷ വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.ഖത്തറിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായും ഖത്തര്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും വളരെയധികം കാര്യങ്ങള്‍ ഒളിച്ചു വക്കുകയാനിന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.ഖത്തർ സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ട് പ്രാവശ്യം ഖത്തർ കോസ്റ്റ് ഗാർഡ് ബഹ്‌റൈൻ ബോട്ടുകളെ തടഞ്ഞു നിർത്തി മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.ഗൾഫ് മേഖലയിൽ പലപ്പോഴും ഇത്തരം സംഭങ്ങൾ നടക്കാറുണ്ട്.എന്നാൽ ,ബഹ്‌റൈന്റെ അതിർത്തി ലംഘനം ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ പോകുന്ന ഈ അവസരത്തിൽ ഉണ്ടാകുന്നത് സംശയം ജനിപ്പിക്കുന്നതായി ഖത്തറിലെ അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഖത്തറിന്റെ ചാനലായ അല്‍ ജസീറയ്‌ക്കെതിരെയായിരുന്നു ബഹ്‌റൈന്‍ ശൂറാ കൗൺസിലിന്റെ ആക്രമണം.. അല്‍ ജസീറയ്ക്ക് വിശ്വാസ്യത ഇല്ലെന്നും അരാജകത്വവും ഭീകരതയും വിതയ്ക്കുന്ന സമീപനമാണ് അല്‍ ജസീറയ്‌ക്കെന്നും ബഹ്‌റൈന്‍ ഷൂറ കൗണ്‍സില്‍ആരോപിച്ചു. .

'ജനാധിപത്യപരമായി ശുദ്ധീകരിക്കപ്പെട്ട ഒരു രാജ്യത്തു നിന്നാണ് അല്‍ ജസീറ വിഷം കുത്തി വെക്കുന്നത്. ജനാധിപത്യ രീതികള്‍ എങ്ങനെ ആരംഭിക്കാമെന്നും പിന്തുടരാമെന്നും അവര്‍ പഠിക്കേണ്ടതായുണ്ട്.' -ഷൂറ കൗണ്‍സിലിലെ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും ബഹ്‌റൈന്‍ ആരോപിക്കുന്നു. അവര്‍ക്ക് മതിയായ താമസ സൗകര്യം ഖത്തര്‍ നല്‍കുന്നില്ല. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒപ്പു വച്ച കരാര്‍ പാലിക്കാന്‍ ഖത്തറിനോട് ആവശ്യപ്പെടാന്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയെ ഇത് പ്രേരിപ്പിച്ചുവെന്നും ബഹ്‌റൈന്‍ പറയുന്നു.

എന്നാല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നേരിട്ട് അഭിനന്ദിച്ച തൊഴില്‍ നിയമ ഭേദഗതി അടുത്തിടെ അവതരിപ്പിച്ച രാജ്യമാണ് ഖത്തര്‍. ഖത്തറിന്റെ തൊഴില്‍ നിയമ ഭേദഗതി സ്വാഗതം ചെയ്യുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞിരുന്നു. പുതിയ ഭേദഗതി തൊഴിലാളികളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിലുടമകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതായാലും ഗൾഫ് മേഖലയിൽ കഴിഞ്ഞ മൂന്നു വർഷത്തിലധികമായി തുടരുന്ന പ്രതിസന്ധി അടുത്ത വർഷം തുടക്കത്തിൽ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ്  അറബ് ലോകവും മേഖലയിലെ പ്രവാസി സമൂഹവും.എന്നാൽ വരുന്ന രണ്ടാഴ്ചക്കാലം ഇക്കാര്യത്തിൽ ഏറെ നിർണായകമായിരിക്കും.അമേരിക്കയിലെ ഭരണമാറ്റവും ജോ ബൈഡന്റെ ഇറാനോടുള്ള മൃദുസമീപനവും അവസാന നിമിഷം ഗൾഫ് പ്രതിസന്ധി ഒത്തുതീർപ്പാക്കി മുഖം മിനുക്കാനുള്ള ട്രംപിന്റെ നീക്കവുമെല്ലാം കുവൈത്തിന്റെ അനുരഞ്ജന നീക്കങ്ങൾക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

TELEGRAM
https://t.me/s/newsroomme

FACEBOOK PAGE
https://www.facebook.com/newsroomme

WHATSAPP
https://chat.whatsapp.com/FwIAHeOKXjU5KpW8oWwC8C
 


Latest Related News