Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം മാറിയെത്തിയത് വാരണാസിയിൽ,കായംകുളത്ത് ദഹിപ്പിച്ചത് വാരാണസി സ്വാദേശിയുടെ മൃതദേഹം

October 07, 2022

October 07, 2022

ന്യൂസ്‌റൂം ബ്യുറോ
ദമ്മാം:സൗദിയിൽ നിന്ന് രണ്ടു വിമാനങ്ങളിലായി ഇന്ത്യയിലേക്കയച്ച രണ്ടു മൃതദേഹങ്ങൾ പരസ്പരം മാറി. കഴിഞ്ഞ ദിവസം കായംകുളത്തും വരാണസിയിലുമാണ് രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ പരസ്പരം മാറിയെത്തിയത്.

കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാന്‍ വയല്‍ വീട്ടില്‍ ഷാജി രാജന്റെയും (50), യു.പി വരാണസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തെത്തിയത്. ഷാജി രാജന്റേതെന്ന് കരുതി കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി.

വര്‍ഷങ്ങളായി കാര്‍ഗോ മേഖലയില്‍ ജോലിചെയ്യുന്ന ഒരാള്‍ക്ക് സംഭവിച്ച അബദ്ധമാണ് പ്രശ്നമായത്.മലയാളിയുടെയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങളുടെ പെട്ടികള്‍ക്ക് മുകളില്‍ പതിപ്പിച്ച സ്റ്റിക്കര്‍ മാറിപ്പോയതാണ് വിനയായത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സയില്‍ രണ്ടര മാസം മുമ്പ് മരിച്ച ഷാജി രാജന്റെയും സെപ്റ്റംബര്‍ 25ന് അല്‍-ഖോബാര്‍ ദോസരി ആശുപത്രിയില്‍ മരിച്ച മുഹമ്മദ് ജാവേദിന്റെയും മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനുള്ള രേഖകള്‍ പൂര്‍ത്തിയായത് ഒരേ ദിവസമാണ്. ഷാജി രാജന്റേത് അല്‍അഹ്സയിലെ നവോദയ പ്രവര്‍ത്തകരും ജാവേദിന്റേത് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കവുമാണ് പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 29ന് രാത്രി 10.30ന് കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ശ്രീലങ്കന്‍ എയര്‍വേയ്സില്‍ ഷാജി രാജന്റെയും 9.20ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ജാവേദിന്റെയും മൃതദേങ്ങള്‍ അയക്കാന്‍ കാര്‍ഗോ കമ്ബനി ഒരു ആംബുലന്‍സിലാണ് ദമ്മാം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ചത്.

അവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അതിന്റെ രേഖകള്‍ അടങ്ങുന്ന സ്റ്റിക്കര്‍ ഓരോ പെട്ടിയുടെയും മുകളില്‍ പതിപ്പിക്കാറുണ്ട്. ഇങ്ങനെ പതിപ്പിച്ചപ്പോള്‍ സ്റ്റിക്കര്‍ പരസ്പരം മാറുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള രേഖകള്‍ പ്രകാരം ഷാജിയുടെ മൃതദേഹം ഡല്‍ഹി വിമാനത്തിലും ജാവേദിന്റേത് ശ്രീലങ്കന്‍ എയര്‍വേയ്സിലും അയക്കുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള സ്റ്റിക്കറുകളിലെ വിവരങ്ങള്‍ നോക്കിയാണ് നാട്ടില്‍ മൃതദേങ്ങള്‍ കൈമാറുന്നത്. എന്നാല്‍, ഇരുപെട്ടികളുടെയും മുകളില്‍ ഇംഗ്ലീഷില്‍ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയവര്‍ അത് ശ്രദ്ധിച്ചില്ല.

വരാണസി സ്വദേശി ജാവേദിന്റെ ബന്ധുക്കള്‍ ഡല്‍ഹിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ തിരിക്കുന്നതിനിടെ പെട്ടിയുടെ മുകളില്‍ ഷാജി രാജന്‍ എന്ന പേര് കണ്ട് സംശയം തോന്നി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കവുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍, ഒപ്പം കിട്ടിയ രേഖയിലും സ്റ്റിക്കറിലും ജാവേദ് എന്നുമാണ് ഉണ്ടായിരുന്നത്. നാസ് ഉടന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വരാണസി കലക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കി. എന്നാല്‍, കായംകുളം പുതുപ്പള്ളിയില്‍ എത്തിയ മൃതദേഹം ദഹിപ്പിച്ചിരുന്നു.

രണ്ടര മാസം പഴക്കമുള്ള മൃതദേഹമായതിനാല്‍ തുറന്ന് ആരെയും കാണിക്കേണ്ടതില്ല എന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയും ഉടന്‍ ദഹിപ്പിക്കാന്‍ നടപടിയെടുക്കുകയുമായിരുന്നു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. ഷാജി രാജന്റെ രണ്ടാമത്തെ മകള്‍ ഇത് അച്ഛന്റെ മൃതദേഹമല്ലെന്ന് പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല. മൃതദേഹം മാറിപ്പോയെന്നറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ഗോ കമ്ബനി ഒരു ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സില്‍ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു. മൂന്നുദിവസം മുമ്പ്  യു.പിയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വീട്ടിലെത്തിയത്.

എന്നാല്‍, വാരണാസിയിലെ ജാവേദിന്റെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. യു.പിയിലെ സാമൂഹിക പ്രവര്‍ത്തകരും കലക്ടര്‍ ഉള്‍പ്പടെയുള്ള അധികാരികളും വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മാറിപ്പോയ ഗുരുതര സംഭവത്തെത്തുടര്‍ന്ന് സൗദി വിദേശകാര്യ മന്ത്രാലയം ദമ്മാമിലുള്ള കാര്‍ഗോ കമ്ബനിക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അധികാരികള്‍ കാര്‍ഗോ കമ്പനി ഓഫിസിലെത്തി പരിശോധനകള്‍ നടത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News