Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
ചൈനയില്‍ ഉയ്ഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സമാനതകളില്ലാത്ത ക്രൂരത; ബലാത്സംഗങ്ങളുടെയും കൊടിയ പീഡനങ്ങളുടെയും നേര്‍സാക്ഷ്യമായി വെളിപ്പെടുത്തല്‍ (വീഡിയോ)

February 04, 2021

February 04, 2021

മുന്നറിയിപ്പ്: ഈ റിപ്പോർട്ട് സ്ത്രീകൾക്കെതിരായ ക്രൂരമായ പീഡനങ്ങളെ കുറിച്ചുള്ളതാണ്.
ഇതിലെ വിവരണങ്ങൾ വായനക്കാരെ അ
സ്വസ്ഥരാക്കിയേക്കാം. 

'അന്ന് കൊവിഡ്-19 മഹാമാരി ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങളുടെ അടുത്ത് വരുന്ന ചൈനീസ് പുരുഷന്മാര്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ചിരുന്നു. സ്യൂട്ടുകളാണ് അവരുടെ വേഷം; പൊലീസ് യൂനിഫോമുകള്‍ അല്ല. ചില ദിവസങ്ങളില്‍ പാതിരാത്രി അവര്‍ സെല്ലുകളില്‍ എത്തും. എന്നിട്ട് അവര്‍ക്ക് വേണ്ട സ്ത്രീകളെ തെരഞ്ഞെടുത്ത് താഴെയുള്ള 'ബ്ലാക്ക് റൂം' എന്ന മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകും. ഇത്തരം മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടാകില്ല.' -തുര്‍സുനെ സിയാവുഡന്‍ എന്ന ഉയ്ഗൂര്‍ വംശജയായ മുസ്‌ലിം യുവതി പറയുന്നു. 

ചൈനയിലെ രഹസ്യവും വിശാലവുമായ തടങ്കല്‍പ്പാളയങ്ങളാണ് സിന്‍ജിയാങ് പ്രവിശ്യയിലുള്ളത്. കോൺസൻട്രേഷൻ ക്യാമ്പുകൾ. ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ ഒമ്പതു മാസമാണ് തുര്‍സുനെ സിയാവുഡന്‍ കൊടും ക്രൂരതകള്‍ അനുഭവിച്ചത്. സ്വതന്ത്രമായ കണക്കുകള്‍ പ്രകാരം ഇത്തരം ജയിലുകളില്‍ ചൈന പൂട്ടിയിട്ടിരിക്കുന്നത് പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പുരുഷന്മാരെയുമാണ്. ഉയ്ഗൂറുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും 'പുനര്‍വിദ്യാഭ്യാസത്തിനു' വേണ്ടിയാണ് ഇത്തരം തടവുകേന്ദ്രങ്ങളെന്നാണ് ചൈന വിശദീകരിക്കുന്നത്. 

ഉയ്ഗൂറുകളുടെ മതവിശ്വാസം ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ചൈനീസ് സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. കൂട്ടമായി നിരീക്ഷിക്കുക, തടവില്‍ പാര്‍പ്പിക്കുക, നിര്‍ബന്ധിതമായി മതവിശ്വാസത്തിന് എതിരായ കാര്യങ്ങള്‍ പഠിപ്പിക്കുക, നിര്‍ബന്ധിത വന്ധ്യംകരണം നടത്തുക തുടങ്ങിയവയാണ് ഈ അടിച്ചമര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്. 

ഉയ്ഗൂര്‍ വിഘടനവാദികള്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെതിരെ 2014 ല്‍ നടത്തിയ ഭീകരാക്രമണത്തിനു ശേഷമാണ് ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ ദുരിതം ആരംഭിച്ചത്. ഇതിനു ശേഷമാണ് ചൈനീസ് സര്‍ക്കാര്‍ ഉയ്ഗൂറുകളെ അടിച്ചമര്‍ത്തുക എന്ന നയം സ്വീകരിച്ചത്. 'ഒരിറ്റ് ദയയില്ലാതെ' പ്രവര്‍ത്തിക്കുക എന്നാണ് പ്രസിഡന്റ് സി ജിന്‍പിങ് പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ പറയുന്നത്. 


സി ജിന്‍പിങ്

ചൈനയുടെ നടപടി വംശഹത്യയിലേക്ക് നയിക്കുന്നതാണെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ ഉയ്ഗൂറുകളെ കൂട്ടാമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്നും നിര്‍ബന്ധിത വന്ധ്യംകരിക്കുന്നുവെന്നുമെല്ലാമുള്ളത് പച്ചക്കള്ളങ്ങളും അസംബന്ധങ്ങളുമാണെന്നാണ് പതിവ് പോലെ ചൈന പ്രതികരിച്ചത്. 

തുര്‍സുനെ സിയാവുഡന്‍ അനുഭവിച്ച യാതനകള്‍

ചൈനയുടെ തടങ്കല്‍പാളയത്തില്‍ നിന്ന് മോചിതയായ ശേഷം ജീവന്‍ കയ്യില്‍ പിടിച്ച് നാട് വിടുകയായിരുന്നു തുര്‍സുനെ സിയാവുഡന്‍. ഇവര്‍ ഇപ്പോള്‍ യു.എസ്സിലാണ് താമസിക്കുന്നത്. താനുള്‍പ്പെടെയുള്ളവര്‍ അനുഭവിച്ച ക്രൂരതകള്‍ വിവരിക്കുമ്പോള്‍ തുര്‍സുനെ സിയാവുഡന്റെ വാക്കുകളില്‍ പോലും ഭീതി നിഴലിക്കുന്നു. 

എല്ലാ രാത്രികളിലും സ്ത്രീകളെ സെല്ലുകളില്‍ നിന്ന് കൊണ്ടുപോകുമെന്ന് അവര്‍ പറയുന്നു. ഈ സ്ത്രീകളെ മുഖംമൂടി ധരിച്ച ഒന്നോ അതിലധികമോ ചൈനീസ് പുരുഷന്മാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കും. തന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം മൂന്ന് തവണ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയെന്ന് തുര്‍സുനെ ഓര്‍മ്മിക്കുന്നു. ഓരോ തവണയും രണ്ടോ മൂന്നോ ആളുകളാണ് ബലാത്സംഗം ചെയ്തതെന്നും നിറകണ്ണുകളോടെ അവര്‍ പറഞ്ഞു. 

മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുള്ള വ്യക്തിയാണ് തുര്‍സുനെ സിയാവുഡന്‍. കസാക്കിസ്ഥാനില്‍ നിന്നാണ് അവര്‍ മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചത്. ചൈനയിലേക്ക് തിരിച്ചയക്കപ്പെടുമോ എന്ന ഭയത്തോടെയാണ് ഓരോ നിമിഷവും താന്‍ കസാക്കിസ്ഥാനില്‍ ജീവിച്ചതെന്ന് അവര്‍ പറയുന്നു. താന്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ക്രൂരമായ ലൈംഗിക പീഡനങ്ങളുടെ വ്യാപ്തി ലോകത്തോട് വെളിപ്പെടുത്തിയതിനാല്‍ സിന്‍ജിയാങ്ങിലേക്ക് തിരിച്ചയക്കപ്പെടുകയും മുമ്പത്തേക്കാള്‍ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമോ എന്നായിരുന്നു തന്റെ പേടിയെന്ന് അവര്‍ പറയുന്നു. 


തുര്‍സുനെ സിയാവുഡന്‍

രാത്രികാലങ്ങളില്‍ സെല്ലുകളില്‍ നിന്ന് കൊണ്ടുപോകുന്ന പല സ്ത്രീകളും പിന്നീട് ഒരിക്കലും തിരിച്ചെത്തിയിട്ടില്ല. എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മറ്റുള്ളവരോട് പറയരുതെന്ന് തിരികെ സെല്ലിലേക്ക് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 

'എന്താണ് സംഭവിച്ചത് എന്ന് ആരോടും പറയാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല. നിശബ്ദരായി കിടക്കാന്‍ മാത്രമേ കഴിയൂ. എല്ലാവരുടെയും ആത്മാവിനെ വരെ നശിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.' -തുര്‍സുനെ സിയാവുഡന്‍ പറഞ്ഞു. 

വെളിപ്പെടുത്തലുകളുടെ ആധികാരികത

ചൈനയില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമാണ് ഉള്ളത്. അതിനാല്‍ തന്നെ സിയാവുഡന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് അസാധ്യമാണ്. എന്നാല്‍ അവരുടെ യാത്രാരേഖകളും ബി.ബി.സിക്ക് നല്‍കിയ ഇമിഗ്രേഷന്‍ രേഖകളും അവര്‍ പറയുന്ന അനുഭവങ്ങളുടെ സമയരേഖയുമായി ഒത്തുപോകുന്നതാണ്. സിന്‍യുവാന്‍ കൗണ്ടിയിലെ  ക്യാമ്പിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ശരിയാണെന്ന് ബി.ബി.സി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമ്പിലെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങള്‍ മറ്റ് മുന്‍ തടവുകാര്‍ വെളിപ്പെടുത്തിയതിനോട് യോജിക്കുന്നുവെന്നതും സിയാവുഡന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്. 

ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ 'വിദ്യാഭ്യാസത്തിലൂടെ പരിവര്‍ത്തനം ചെയ്യുക' എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ ബി.ബി.സിയോട് പറഞ്ഞത്. 'മസ്തിഷ്‌കങ്ങളെ കഴുകിയെടുക്കുക, ഹൃദയങ്ങളെ ശുദ്ധീകരിക്കുക, നീതി ശക്തിപ്പെടുത്തുക, തിന്മയെ ഉന്മൂലനം ചെയ്യുക' എന്നാണ് വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ചൈന നല്‍കുന്ന നിര്‍വ്വചനമെന്ന് സിന്‍യുവാന്‍ കൗണ്ടിയിലെ നീതിന്യായ സംവിധാനത്തില്‍ നിന്നുള്ള ആഭ്യന്തര രേഖകളില്‍ പറയുന്നു. 


ക്യാമ്പിലെ ഓര്‍മ്മകള്‍ പോലും തുര്‍സുനെ
സിയാവുഡനെ അസ്വസ്ഥയാക്കുന്നു

ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് ഇപ്പോള്‍ ലഭിച്ചത് ഭയാനകമായ തെളിവുകളാണെന്ന് ചൈനീസ് രാഷ്ട്രീയത്തില്‍ വിദഗ്ധനായ അഡ്രിയാന്‍ സെന്‍ പറയുന്നു. 

'ലൈംഗിക ചൂഷണത്തിനും പീഡനത്തിനുമുള്ള ആധികാരികമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചത്. മുസ്‌ലിം തുര്‍ക്കി വിഭാഗക്കാരായ ന്യൂനപക്ഷമാണ് ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലുള്ള 11 ദശലക്ഷം പേരാണ് ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍. കസാക്കിസ്ഥാന്റെ അതിര്‍ത്തിയായ ഈ പ്രദേശത്ത് നിരവധി കസാഖുകളും താമസിക്കുന്നു. 42 വയസുകാരിയാണ് തുര്‍സുനെ സിയാവുഡന്‍. അവരുടെ ഭര്‍ത്താവ് ഒരു കസാഖാണ്.' -അഡ്രിയാന്‍ സെന്‍ പറഞ്ഞു. 

സിയാവുഡന്‍ ക്യാമ്പിലെത്തുന്നു

അഞ്ച് വര്‍ഷം കസാക്കിസ്ഥാനില്‍ താമസിച്ച ശേഷം 2016 ലാണ് അവര്‍ സിന്‍ജിയാങ്ങിലെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയും ചെയ്തുവെന്ന് സിയാവുഡന്‍ പറഞ്ഞു. പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തടവുകേന്ദ്രത്തിലെ ആദ്യസമയങ്ങളില്‍ അവര്‍ക്ക് നല്ല ഭക്ഷണവും ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദവുമെല്ലാം ലഭിച്ചു. പിന്നീട് ഒരു മാസത്തിനു ശേഷം വയറില്‍ അള്‍സര്‍ പിടിപെട്ടപ്പോള്‍ അവരെ മോചിപ്പിച്ചു. ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും അയാള്‍ കസാക്കിസ്ഥാനിലേക്ക് ജോലിക്കായി പോകുകയും ചെയ്തു. എന്നാല്‍ സിയാവുഡന്റെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചില്ല. അവരെ സിന്‍ജിയാങ്ങില്‍ കുടുക്കിയിടുകയായിരുന്നു. 

പിന്നീട് 2018 മാര്‍ച്ച് ഒമ്പതിന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്താന്‍ അവരോട് അധികൃതര്‍ ആവശ്യപ്പെട്ടു. 'കൂടുതല്‍ വിദ്യാഭ്യാസം' വേണമെന്ന് പൊലീസ് സിയാവുഡനോട് പറഞ്ഞു. തുടര്‍ന്ന് ആദ്യം തടവിലാക്കിയ അതേ സ്ഥലത്തേക്ക് അവരെ വീണ്ടും കൊണ്ടുപോയി. 


ക്യാമ്പിന്റെ ഉപഗ്രഹ ചിത്രം. ഇടതു ഭാഗത്തുള്ളത്
2017 ല്‍ എടുത്തതും വലതു ഭാഗത്തുള്ളത് 2019 ല്‍
എടുത്തതും. തുര്‍സുനെ സിയാവുഡന്‍ ചിത്രങ്ങള്‍
ക്യാമ്പിന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


അവിടെയെത്തുന്ന സ്ത്രീകളുടെ ആഭരണങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും. സിയാവുഡന്റെ കമ്മലുകള്‍ അവര്‍ പറിച്ചെടുത്തതിനെ തുടര്‍ന്ന് ചെവിയില്‍ രക്തസ്രാവം ഉണ്ടായി. പിന്നീട് സ്ത്രീകളുടെ മുറിയിലേക്ക് കൊണ്ടുപോയി. ഗാര്‍ഡുകള്‍ സിയാവുഡന്റെ ശിരോവസ്ത്രം അഴിച്ചു മാറ്റി. നീളമുള്ള വസ്ത്രം ധരിച്ചതിന് അവര്‍ക്കുനേരെ ആക്രോശിച്ചു. ഉയ്ഗൂറുകള്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നത് അറസ്റ്റ് ചെയ്യപ്പെടാവുന്ന കുറ്റമായി മാറി. 

'എനിക്കൊപ്പമുണ്ടായിരുന്ന വൃദ്ധയായ സ്ത്രീയുടെ വസ്ത്രങ്ങള്‍ അവര്‍ അഴിച്ചു മാറ്റി. അടിവസ്ത്രം മാത്രം ധരിച്ച് ആ വൃദ്ധയ്ക്ക് നില്‍ക്കേണ്ടി വന്നു. കൈകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വൃദ്ധയോട് അവര്‍ പെരുമാറിയ രീതി കണ്ട് ഞാന്‍ വളരെയധികം കരഞ്ഞു. ആ വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മഴ പോലെ വരുന്നുണ്ടായിരുന്നു.' -സിയാവുഡന്റെ വാക്കുകള്‍. 

ആദ്യ ഒന്ന് രണ്ട് മാസങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. സെല്ലുകളില്‍ നിന്ന് ചൈനയുടെ പ്രചരണ പരിപാടികള്‍ നിര്‍ബന്ധിതമായി കാണിച്ചു. ബലം പ്രയോഗിച്ച് മുടി പറ്റെ വെട്ടി. പിന്നീടാണ് ക്രൂരതകള്‍ ആരംഭിക്കുന്നത്. ചോദ്യം ചെയ്യല്‍ എന്ന പേരില്‍ തന്നെ അവര്‍ മര്‍ദ്ദിക്കാന്‍ ആരംഭിച്ചുവെന്ന് സിയാവുഡന്‍ പറയുന്നു. 

ക്രൂരമായ പീഡനമുറകള്‍

'ആദ്യം ഞാന്‍ കരുതിയത് പൊലീസ് എന്നെ എന്തോ വസ്തു ഉപയോഗിച്ച് അടിക്കുകയാണെന്നാണ്. പൊലീസിന്റെ ബൂട്ടുകള്‍ വളരെ കഠിനവും ഭാരമേറിയതുമാണ്. ആ ബൂട്ടുകള്‍ ഉപയോഗിച്ച് എന്റെ വയറില്‍ ചവിട്ടി മെതിക്കുകയായിരുന്നുവെന്ന് പിന്നീട് ഞാന്‍ മനസിലാക്കി. ഞാന്‍ മരിച്ചുവെന്ന് പോലും അപ്പോള്‍ എനിക്ക് തോന്നി. രക്തം കട്ടപിടിച്ചിട്ടുണ്ടാകുമെന്ന് ക്യാമ്പിലെ ഡോക്ടര്‍ എന്നോട് പറഞ്ഞു. ഒപ്പമുള്ളവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ 'സ്ത്രീകള്‍ക്ക് രക്തസ്രാവം സാധാരണമാണ്' എന്ന മറുപടിയാണ് ഗാര്‍ഡുകള്‍ നല്‍കിയത്.'

ഓരോ സെല്ലിലും 14 സ്ത്രീകളാണ് ഉള്ളത്. സെല്ലിലെ സാഹചര്യം വളരെ മോശമാണ്. കിടക്കാനുള്ളത് മോശം കട്ടിലുകളാണ്. നിലത്ത് ദ്വാരമിട്ടത് പോലെയാണ് കക്കൂസുകള്‍. സ്ത്രീകളെ രാത്രികാലങ്ങളില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് ആദ്യം മനസിലായില്ല. അവരെ മറ്റെവിടെയേക്കെങ്കിലും മാറ്റുകയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും സിയാവുഡന്‍ ബി.ബി.സിയോട് പറഞ്ഞു. 


ക്യാമ്പിലെ സെല്ലുകള്‍: ഒരു ആക്റ്റിവിസ്റ്റ് ഗ്രൂപ്പ്
ശേഖരിച്ച, രഹസ്യമായി പകര്‍ത്തപ്പെട്ട ചിത്രം.

'പിന്നീട് 2018 മെയ് മാസത്തിലെ ഏതോ ഒരു ദിവസം എന്നെയും ഒപ്പമുണ്ടായിരുന്ന ഇരുപതുകാരിയായ പെണ്‍കുട്ടിയെയും രാത്രിയില്‍ പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഞങ്ങളെ മുഖംമൂടി ധരിച്ച ഒരു ചൈനീസ് പുരുഷന് കൈമാറി. എനിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ അയാള്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.' 

'മുറിയിലേക്ക് കൊണ്ടുപോയ ഉടന്‍ അവള്‍ ഉറക്കെ നിലവിളിക്കാന്‍ ആരംഭിച്ചു. അത് എങ്ങനെയാണ് നിങ്ങളോട് വിശദീകരിക്കുക എന്ന് എനിക്ക് അറിയില്ല. അയാള്‍ അവളെ മര്‍ദ്ദിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. ബലാത്സംഗം ചെയ്യുകയായിരിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ല.'

'ഞങ്ങളെ സെല്ലില്‍ നിന്ന് കൊണ്ടുവന്ന സ്ത്രീ എന്റെ രക്തസ്രാവത്തെ കുറിച്ച് അവിടെയുള്ള പുരുഷന്മാരോട് പറഞ്ഞു. മുഖംമൂടി ധരിച്ച് വന്ന ഒരു ചൈനക്കാരന്‍ എന്നെ ഇഡാര്‍ക്ക് റൂമിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ഇരുപതുകാരിയെ കൊണ്ടുപോയ മുറിയുടെ അടുത്ത മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അവരുടെ കൈവശം ഒരു ഇലക്ട്രിക് സ്റ്റിക് ഉണ്ടായിരുന്നു. അത് എന്തായിരുന്നുവെന്ന് ആദ്യം എനിക്ക് മനസിലായില്ല. ആ ഇലക്ട്രിക് സ്റ്റിക് അവര്‍ എന്റെ ജനനേന്ദ്രിയത്തിലേക്ക് കുത്തിക്കയറ്റി എന്നെ ഷോക്കടിപ്പിച്ചു.'

'ആദ്യ ദിവസത്തെ പീഡനം അത് മാത്രമായിരുന്നു. ആരോഗ്യാവസ്ഥ പരിഗണിച്ച് എന്നെ സെല്ലിലേക്ക് തിരികെ കൊണ്ടുവന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ആദ്യം കൊണ്ടുപോയ ഇരുപതുകാരിയെയും തിരികെ കൊണ്ടുവന്നു. എന്നാല്‍ തിരിച്ചെത്തിയ അവള്‍ ആകെ മാറിയിരുന്നു. ആരോടും ഒന്നും സംസാരിച്ചില്ല. ശാന്തമായി 'ട്രാന്‍സ് അവസ്ഥ'യിലെന്ന പോലെയായിരുന്നു അവള്‍. ഇത്തരത്തില്‍ മനസ് തകര്‍ന്ന ധാരാളം പേര്‍ ആ സെല്ലില്‍ ഉണ്ടായിരുന്നു.' 

അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മറ്റൊരു വനിത

ചൈനയുടെ ക്യാമ്പില്‍ 18 മാസം തടവിലാക്കപ്പെട്ട സിന്‍ജിയാങ്ങില്‍ നിന്നുള്ള കസാഖ് യുവതിയായ ഗുല്‍സിറ ഔല്‍ഖാനും ബി.ബി.സിയോട് തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി. ഉയ്ഗൂര്‍ മുസ്‌ലിങ്ങളായ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നരാക്കാനും അവരെ കൈവിലങ്ങ് അണിയിക്കാനും താന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഇതിനു ശേഷം ഇത്തരത്തില്‍ നഗ്നരാക്കപ്പെട്ട സ്ത്രീകളെ ചൈനീസ് പുരുഷന്മാര്‍ക്കൊപ്പം ഒറ്റയ്ക്ക് വിടുമെന്നും പിന്നീട് മുറികള്‍ വൃത്തിയാക്കുന്നത് ഉള്‍പ്പെടെ തന്റെ ജോലിയായിരുന്നുവെന്നും അവര്‍ പറയുന്നു.


ഗുല്‍സിറ ഔല്‍ഖാന്‍

'ഉയ്ഗൂര്‍ സ്ത്രീകളുടെ അരയ്ക്ക് മേലെയുള്ള വസ്ത്രങ്ങള്‍ നീക്കി അവരെ കൈവിലങ്ങ് അണിയിക്കുന്നതായിരുന്നു എന്റെ ജോലി. കൈവിലങ്ങ് ധരിപ്പിച്ചാല്‍ അവര്‍ക്ക് അനങ്ങാന്‍ കഴിയില്ല. ഇതിനു ശേഷം സ്ത്രീകളെ ഞാന്‍ മുറിയില്‍ ഒറ്റയ്ക്കാക്കി മടങ്ങും. അപ്പോള്‍ ആ മുറിയിലേക്ക് ഒരു പുരുഷന്‍ പ്രവേശിക്കും. ഇയാള്‍ പുറത്തുനിന്നുള്ള ഒരു ചൈനക്കാരനോ അല്ലെങ്കില്‍ പൊലീസുകാരനോ ആയിരിക്കും. പിന്നീട് ഞാന്‍ നിശബ്ദയായി വാതില്‍ക്കല്‍ ഇരിക്കും. അയാള്‍ മുറിവിട്ട് പോകുമ്പോള്‍ ഞാന്‍ അകത്ത് കയറി ആ സ്ത്രീയെ കുളിക്കാനായി കൊണ്ടുപോകും.'

'സുന്ദരികളായ യുവ തടവുകാരെ തെരഞ്ഞെടുക്കാനായി ചൈനീസ് പുരുഷന്മാര്‍ പണം നല്‍കും. ക്യാമ്പിലെ ചൈനീസ് ഗാര്‍ഡുകളെ സഹായിക്കാന്‍ അവര്‍ നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. ചെറുത്തു നില്‍ക്കാനോ അവരെ തടയാനോ എനിക്ക് ശക്തിയില്ലായിരുന്നു. ആസൂത്രിതമായ ബലാത്സംഗങ്ങളാണ് അവിടെ നടക്കുന്നത്.'

'ക്ലാസ് മുറി'കളും അധ്യാപികയുടെ വെളിപ്പെടുത്തലും

തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകള്‍ക്ക് പുറമെ ക്ലാസ് മുറികളും ക്യാമ്പുകളില്‍ ഉണ്ട്. തടവുകാരെ 'വീണ്ടും ബോധവല്‍ക്കരിക്കുന്ന'തിനാണ് ഈ ക്ലാസ് മുറികള്‍. ഇതിനായി അധ്യാപകരും ഇവിടെയുണ്ട്. ഉയ്ഗൂര്‍ മുസ്‌ലിങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉള്ളില്‍ നിന്ന് അവരുടെ തനത് സംസ്‌കാരം, ഭാഷ, മതം എന്നിവ നീക്കം ചെയ്ത് അവരെ മുഖ്യധാനാ ചൈനീസ് സംസ്‌കാരത്തിലേക്ക് എത്തിക്കുകയാണ് ഈ ക്ലാസ് മുറികളുടെ ലക്ഷ്യം. 

സിന്‍ജിയാങ്ങില്‍ നിന്നുള്ള ഉസ്‌ബെക്ക് വനിതയാണ് ഖെല്‍ബിനൂര്‍ സെദിക്. ചൈനീസ് ഭാഷാ അധ്യാപികയായ ഇവരെ ക്യാമ്പിലേക്ക് കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി  തടവുകാര്‍ക്ക് ക്ലാസെടുപ്പിച്ചു. ഇതിനു ശേഷം സെദിക് ചൈനയില്‍ നിന്ന് പാലായനം ചെയ്യുകയും തന്റെ അനുഭവങ്ങള്‍ പരസ്യമായി വിളിച്ച് പറയുകയും ചെയ്തു. 

വനിതകളുടെ ക്യാമ്പ് കര്‍ശനമായാണ് നിയന്ത്രിച്ചിരുന്നത് എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. ക്യാമ്പില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും അഭ്യൂഹങ്ങളും അവര്‍ കേട്ടിരുന്നു. ഒരു ദിവസം തനിക്ക് അറിയാവുന്ന ഒരു ചൈനീസ് വനിതാ പൊലീസിനെ ജാഗ്രതയോടെ സമീപിച്ച കാര്യം സെദിക് ബി.ബി.സിയോട് പങ്കുവച്ചു. 

'ഞാന്‍ പൊലീസുകാരിയോട് ചോദിച്ചു, 'ബലാത്സംഗത്തെ കുറിച്ചുള്ള ഭീകരമായ കഥകള്‍ ഞാന്‍ കേള്‍ക്കുന്നു. അതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?' ഉച്ചഭക്ഷണത്തിന്റെ സമയത്ത് നമുക്ക് മുറ്റത്ത് നിന്ന് സംസാരിക്കാം എന്നായിരുന്നു അവരുടെ മറുപടി.'

പൊലീസുകാരി പറഞ്ഞത്

'ഉച്ചഭക്ഷണത്തിന്റെ സമയത്ത് ഞാന്‍ മുറ്റത്തേക്ക് പോയി. അവിടെ നിരീക്ഷണ ക്യാമറകള്‍ ഇല്ലായിരുന്നു. പൊലീസുകാരി എന്നോട് പറഞ്ഞു, 'അതെ, ഇവിടെ ബലാത്സംഗം ഒരു സംസ്‌കാരമായി മാറിയിരിക്കുന്നു. കൂട്ട ബലാത്സംഗങ്ങളാണ് ഇവിടെ നടക്കുന്നത്. ചൈനീസ് പൊലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ഇലക്ട്രിക് ഷോക്ക് നല്‍കി അവരെ കൊല്ലുകയും ചെയ്യുന്നു.' അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. വിദേശത്ത് പഠിക്കുന്ന എന്റെ മകളെ കുറിച്ചോര്‍ക്കുകയായിരുന്നു ഞാന്‍. രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു.' -സെദിക് പറഞ്ഞു. 

സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ കടത്തി ഷോക്കടിപ്പിക്കുന്നതിനായി ഇലക്ട്രിക് സ്റ്റിക്കുകള്‍ ക്യാമ്പുകളില്‍ ഉണ്ടെന്ന് ഉയ്ഗൂര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്റ്റിനു മുമ്പാകെ സെദിക് സാക്ഷ്യം പറഞ്ഞിരുന്നു. ഇത് തുര്‍സുനെ സിയാവുഡന്‍ പങ്കുവച്ച അനുഭവങ്ങളെ ശരിവയ്ക്കുന്നു. 

'നാല് തരം ഷോക്കുകള്‍ ആണ് അവിടെ ഉള്ളത്. വൈദ്യുതി പ്രവഹിക്കുന്ന കസേര, കയ്യുറ, ഹെല്‍മറ്റ് എന്നവയ്ക്ക് പുറമെ ഇലക്ട്രിക് സ്റ്റിക്ക് മലദ്വാരത്തില്‍ കയറ്റിയും ഷോക്ക് നല്‍കും. ഷോക്കേല്‍ക്കുന്നവരുടെ നിലവിളി കെട്ടിടത്തിലുടനീളം പ്രതിധ്വനിച്ചിരുന്നു. ഉച്ചഭക്ഷണ സമയത്തും ചിലപ്പോള്‍ ക്ലാസെടുക്കുന്ന സമയത്തും ഞാന്‍ നിലവിളികള്‍ കേട്ടിരുന്നു.' -സെദിക് പറഞ്ഞ് നിര്‍ത്തി. 

മറ്റൊരു അധ്യാപിക

ക്യാമ്പുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായ മറ്റൊരു അധ്യാപികയാണ് സയരഗുല്‍ സായിത്‌ബേ. ബലാത്സംഗം എന്നത് ക്യാമ്പുകളില്‍ സര്‍വ്വസാധാരണമായിരുന്നു എന്നാണ് അവര്‍ ബി.ബി.സിയോട് പഞ്ഞത്. ചൈനീസ് ഗാര്‍ഡുകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടികളെയും യുവതികളെയും തെരഞ്ഞെടുത്ത് കൊണ്ടുപോകുമെന്നും അവര്‍ പറയുന്നു. 

കേവലം ഇരുപതോ ഇരുപത്തി ഒന്നോ വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പരസ്യമായി കൂട്ടബലാത്സംഗം ചെയ്ത സംഭവം അവര്‍ വിവരിച്ചു. കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ചുകൊണ്ട് പെണ്‍കുട്ടിയെ മറ്റ് 100 തടവുകാരുടെ മുമ്പാകെ കൊണ്ടുവരികയായിരുന്നു. 

'അവളെ കൊണ്ടുവന്ന ശേഷം എല്ലാവരുടെയും മുന്നില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയത്ത് ബാക്കി പൊലീസുകാര്‍ തടവുകാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ചെറുത്തു നില്‍ക്കുകയോ മുഷ്ടി ചുരുട്ടുകയോ കണ്ണടയ്ക്കുകയോ മറ്റെവിടേക്കെങ്കിലും നോക്കുകയോ ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കാനായി കൊണ്ടുപോകുകയാണ് അവര്‍ ചെയ്തത്. പെണ്‍കുട്ടി സഹായത്തിനായി അലറിക്കരഞ്ഞു. ഇത് തികച്ചും ഭയാനകമായിരുന്നു. ഞാന്‍ മരിച്ചു എന്നാണ് അപ്പോള്‍ എനിക്ക് തോന്നിയത്; തോന്നലല്ല, ഞാന്‍ മരിച്ചിരുന്നു.' -സയരഗുല്‍ സായിത്‌ബേ പറഞ്ഞു. 


സയരഗുല്‍ സായിത്‌ബേ

സിന്‍യുവാന്‍ കൗണ്ടിയിലെ ക്യാമ്പിലെ തടവുകാര്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് അവര്‍ പറയുന്നു. തടവുകാരുടെ തലമുടി മുറിച്ചു, ക്ലാസുകളിലേക്ക് അയച്ചു, എന്തിനാണെന്ന് വിശദീകരിക്കാത്ത വൈദ്യപരിശോധനകള്‍ക്ക് വിധേയരാക്കി, ഗുളികകള്‍ കഴിപ്പിച്ചു, ഓക്കാനം, മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന വാക്‌സിന്‍ ഓരോ 15 ദിവസത്തിലും നിര്‍ബന്ധിതമായി കുത്തിവച്ചു. 

'സ്ത്രീകളെ നിര്‍ബന്ധിതമായി ഐ.യു.ഡി ഘടിപ്പിക്കുകയോ വന്ധ്യംകരിക്കുകയോ ചെയ്തു. ഇരുപത് വയസുള്ള ഒരു പെണ്‍കുട്ടിയോട് പോലും അവര്‍ ഇത് ചെയ്തു. അവള്‍ക്ക് വേണ്ടി ഞങ്ങള്‍ ചൈനീസ് പൊലീസിനോട് യാചിച്ചിരുന്നു. പക്ഷേ അവരത് ചെവിക്കൊണ്ടില്ല.' -സയരഗുല്‍ സായിത്‌ബേ പറഞ്ഞു. 

ഇത്തരം ക്രൂരതകള്‍ക്ക് പുറമെ ക്യാമ്പിലെ തടവുകാരെ കൊണ്ട് ചൈനീസ് ദേശഭക്തിഗാനങ്ങള്‍ പാടിക്കുന്നതും പതിവായിരുന്നു. കൂടാതെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെ കുറിച്ചുള്ള ദേശഭക്തി നിറഞ്ഞ ടി.വി പരിപാടികള്‍ തടവുകാരെ മണിക്കൂറുകളോളം കാണിക്കുകയും ചെയ്തിരുന്നുവെന്നും സയരഗുല്‍ സായിത്‌ബേ പറഞ്ഞു.

അജ്ഞാതനായ മുന്‍ ഗാര്‍ഡ്

സി ജിന്‍പിങ്ങിനെ കുറിച്ചുള്ള പുസ്തകങ്ങളിലെ ഭാഗങ്ങള്‍ കൃത്യമായി മനഃപാഠമാക്കുന്നതില്‍ പരാജയപ്പെടുന്നത് പോലെയുള്ള 'കുറ്റങ്ങള്‍'ക്ക് തടവുകാര്‍ക്ക് ഭക്ഷണം നിഷേധിക്കുമെന്നാണ് ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരു ഗാര്‍ഡ് ബി.ബി.സിയോട് പറഞ്ഞത്. ചൈനയ്ക്ക് പുറത്തുള്ള ഒരു രാജ്‌യത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുന്‍ ഗാര്‍ഡ് ബി.ബി.സിയോട് സംസാരിച്ചത്. 

'ഒരിക്കല്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്ത ആളുകളെയും കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് പോകുകയായിരുന്നു. അപ്പോള്‍ ആ പുസ്തകങ്ങള്‍ മനഃപാഠമാക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായത് ഞാന്‍ കണ്ടു. അത് മനഃപാഠമാക്കാന്‍ മണിക്കൂറുകളായി അവര്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും കയ്യില്‍ ഒരു പുസ്തകം ഉണ്ടായിരുന്നു.'

'നിങ്ങള്‍ ക്യാമ്പിലെ അന്തേവാസിയാണെങ്കില്‍ പുറംലോകത്തെ ജീവിതം നിങ്ങള്‍ മറക്കും. മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നതാണോ അതോ കുത്തിവയ്പ്പുകളുടെയും ഗുളികകളുടെയും പാര്‍ശ്വഫലമാണോ എന്ന് എനിക്കറിയില്ല, വയറ് നിറയെ ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്നതിനപ്പുറം മറ്റൊന്നും നിങ്ങള്‍ക്ക് ചിന്തിക്കാനാകില്ല. ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം അതിരൂക്ഷമാണ്.' -ക്യാമ്പിലെ ഗാര്‍ഡ് ആയിരുന്ന വ്യക്തി പറഞ്ഞു. 

'ഞാന്‍ ആ ക്യാമ്പുകളില്‍ പ്രവേശിച്ചു. തടവുകാരെ ക്യാമ്പുകളിലേക്ക് കൊണ്ടുപോയി. രോഗകളും ദയനീയാവസ്ഥയിലുള്ളവരെയും ഞാന്‍ അവിടെ കണഅടു. തീര്‍ച്ചയായും അവര്‍ പലതരം പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്.'


ഉയ്ഗൂറുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
ചെെനയ്ക്കെതിരെ ലോകത്ത് നടക്കുന്ന
പ്രതിഷേധങ്ങളിൽ ഒന്ന്.

മുന്‍ ഗാര്‍ഡിന്റെ ഈ തുറന്നു പറച്ചിലിന്റെ ആധികാരികതയും സ്വതന്ത്രമായി പരിശോധിക്കാന്‍ നമുക്ക് മാര്‍ഗമില്ല. എന്നാല്‍ ഒരു പ്രമുഖ ക്യാമ്പില്‍ ജോലി ചെയ്തിരുന്നത് സ്ഥിരീകരിക്കുന്ന രേഖകള്‍ അദ്ദേഹം നല്‍കി. പേരു വെൡപ്പെടുത്തില്ല എന്ന ഉറപ്പിന്മേലാണ് അദ്ദേഹം സംസാരിക്കാന്‍ തയ്യാറായത്. 

ബലാത്സംഗങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് ഗാര്‍ഡ് പറയുന്നത്. എന്നാല്‍ ക്യാമ്പുകളില്‍ ഷോക്കടിപ്പിക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊടിയ പീഡനങ്ങള്‍ക്കു ശേഷം തടവുകാര്‍ പലതരം കുറ്റസമ്മതങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായി. ആ കുറ്റസമ്മതങ്ങളെല്ലാം തന്റെ ഹൃദയത്തില്‍ ഉണ്ടെന്ന് മുന്‍ ഗാര്‍ഡ് പറഞ്ഞു. 

ബലാത്സംഗം, പീഡനം എന്നീ ആരോപണങ്ങളെ കുറിച്ചുള്ള ബി.ബി.സിയുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറായില്ല.

വീണ്ടും സിയാവുഡന്റെ വാക്കുകള്‍

തുര്‍സുനെ സിയാവുഡന്‍ ചൈനീസ് കോൺസൻട്രേഷൻ ക്യാമ്പിലെ തന്റെ ദുരനുഭവങ്ങൾ പറയുന്നത് തുടരുകയാണ്. 

'അവര്‍ ബലാത്സംഗം ചെയ്യുക മാത്രമല്ല, ശരീരത്തിലുടനീളം കടിക്കുകയും ചെയ്തു. അവര്‍ മനുഷ്യരാണോ മൃഗങ്ങളാണോ എന്ന് എനിക്ക് ഉറപ്പില്ല. തന്റെ ശരീരത്തിലെ ഒരു ഭാഗം പോലും അവര്‍ ഒഴിവാക്കിയില്ല. എല്ലായിടത്തും ഭയാനകമായ അടയാളങ്ങളാണ് അവശേഷിക്കുന്നത്. അവിടങ്ങളിലേക്ക് നോക്കുന്നത് പോലും എനിക്ക് അറപ്പുളവാക്കുന്നു.' -തുര്‍സുനെ സിയാവുഡന്‍ നിറകണ്ണുകളോടെ പറഞ്ഞു. 


തുര്‍സുനെ സിയാവുഡന്‍

'ഞാന്‍ അത് മൂന്ന് തവണ അനുഭവിച്ചിട്ടുണ്ട്. ക്യാമ്പില്‍ നിങ്ങളെ പീഡിപ്പിക്കുന്നത് ഒരു വേട്ടക്കാരന്‍ അല്ല.ഓരോ തവണയും അവര്‍ രണ്ടോ മൂന്നോ പുരുഷന്മാരായിരുന്നു.'

'സെല്ലില്‍ എനിക്കടുത്ത് കിടന്നിരുന്ന സ്ത്രീ എന്നോട് പറഞ്ഞത് അധികം കുട്ടികളെ പ്രസവിച്ചതിനാണ് അവളെ അറസ്റ്റ് ചെയ്തതെന്നാണ്. അവളെ മൂന്ന് ദിവസത്തേക്ക് കണാനില്ലായിരുന്നു. പിന്നീട് അവള്‍ തിരികെ എത്തിയപ്പോള്‍ അവളുടെ ശരീരത്തില്‍ നിറയെ അടയാളങ്ങള്‍ ഉണ്ടായിരുന്നു - എന്റെ ശരീരത്തിലുള്ള അതേ അടയാളങ്ങള്‍, അറപ്പുളവാക്കുന്ന അടയാളങ്ങള്‍.' 

'അവള്‍ക്ക് എന്നോടൊന്നും പറയാന്‍ കഴിഞ്ഞില്ല. എന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അവള്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു. പക്ഷേ അവള്‍ ഒന്നും പറഞ്ഞില്ല.' -തുര്‍സുനെ സിയാവുഡന്‍ പറഞ്ഞുനിര്‍ത്തി. 

ജീവിതത്തിലേക്കുള്ള മോചനം 

കസാക്കിസ്താനില്‍ ബന്ധുക്കളോ ജീവിതപങ്കാളികളോ ഉള്ള സഹതടവുകാര്‍ക്കൊപ്പം 2018 ഡിസംബറിലാണ് തുര്‍സുനെ സിയാവുഡന്‍ മോചിപ്പിക്കപ്പെട്ടത്. തനിക്ക് ഇപ്പോഴും പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയാത്ത നയപരമായ മാറ്റമാണ് ഇതെന്ന് അവര്‍ പറയുന്നു. 

ചൈനീസ് ഭരണകൂടം അവരുടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കി. തുടര്‍ന്ന് അവര്‍ കസാക്കിസ്ഥാനിലേക്കും പിന്നീട് ഉയ്ഗൂര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്റ്റിന്റെ പിന്തുണയോടെ യു.എസ്.എയിലേക്കും പലായനം ചെയ്തു. വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് വളരെ അകലെയുള്ള ശാന്തമായ ഒരു പ്രദേശത്താണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. വീട്ടുടമയായ സ്ത്രീ എല്ലാ പിന്തുണയുമായി സിയാവുഡന് ഒപ്പമുണ്ട്.


തുര്‍സുനെ സിയാവുഡന്‍ യു.എസിലെ
തന്റെ വീട്ടുടമയ്‌ക്കൊപ്പം

ആ വീട്ടിൽ രണ്ട് സ്ത്രീകള്‍ ഒന്നിച്ച് താമസിക്കുന്നു, ഒന്നിച്ച് പാചകം ചെയ്യുന്നു, വൈകുന്നേരങ്ങളില്‍ ഒന്നിച്ച് വീടിനു ചുറ്റുമുള്ള തെരുവുകളില്‍ നടക്കാനിറങ്ങുന്നു. സിയാവുഡന്‍ വീട്ടിലായിരിക്കുമ്പോള്‍ വിളക്കുകള്‍ വളരെ കുറച്ച് മാത്രമേ തെളിയിക്കൂ. കാരണം തിളക്കമേറിയ വിളക്കുകളായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. 

അമേരിക്കയിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി. വയറില്‍ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിമെതിച്ചതിന്റെ അനന്തരഫലമാണ് ഇതെന്ന് അവര്‍ പറയുന്നു.

'എനിക്ക് അമ്മയാവാനുള്ള അവസരം നഷ്ടപ്പെട്ടു.' വേദനയോടെ തുര്‍സുനെ സിയാവുഡന്‍ പറഞ്ഞു. തന്റെ ഭര്‍ത്താവും യു.എസിലേക്ക് വരണമെന്നാണ് അവരുടെ ആഗ്രഹം. അദ്ദേഹം ഇപ്പോള്‍ കസാക്കിസ്ഥാനിലാണ്. 

ക്യാമ്പില്‍ നിന്ന് മോചിതയായ ശേഷം നാടുവിട്ട് പോകുന്നതിന് മുമ്പ് തുര്‍സുനെ സിയാവുഡന്‍ സിന്‍ജിയാങ്ങില്‍ അല്‍പ്പ സമയം കാത്തുനിന്നു. വ്യവസ്ഥാപിതമായി ചൂഷണം ചെയ്യപ്പെടുന്ന മറ്റുള്ളവരെ അവര്‍ അവിടെ കണ്ടു.


Facebook Page  

Telegram Channel  

WhatsApp Group


സ്വതന്ത്രമായ പഠനങ്ങള്‍ പറയുന്നത് സിന്‍ജിയാങ്ങിലെ ജനനനിരക്ക് വര്‍ഷങ്ങളായി കുത്തനെ കുറയുകയാണ് എന്നാണ്. ജനസംഖ്യാപരമായ വംശഹത്യ (Demographic Genocide) എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. 

തന്റെ സമൂഹത്തിലെ പലരും മദ്യപാനത്തിലേക്ക് തിരിഞ്ഞതായി തുര്‍സുനെ സിയാവുഡന്‍ പറയുന്നു. സെല്ലില്‍ തന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി തെരുവില്‍ വീണ് കിടക്കുന്നത് കണ്ടിട്ടുണ്ട്. ക്യാമ്പിലെ പീഡനത്തിന്റെ ആദ്യരാത്രിയില്‍ തനിക്കൊപ്പം അവര്‍ കൊണ്ടുപോയ, താനിരുന്നതിന്റെ അടുത്ത മുറിയില്‍ നിന്ന് ഉറക്കെ നിലവിളിച്ച അതേ യുവതി. മദ്യം അവളെ പൂര്‍ണ്ണമായി വിഴുങ്ങി. 

'ആളുകളെ വിട്ടയച്ചതായാണ് അവര്‍ പറയുന്നത്. പക്ഷേ എന്റെ അഭിപ്രായത്തില്‍ ക്യാമ്പുകളില്‍ നിന്ന് പുറത്ത് പോകുന്നവര്‍ മരിച്ചതിനു തുല്യമായി ജീവിക്കുന്നവരാണ്. അത് തന്നെയാണ് അവരുടെ പദ്ധതി. നിരീക്ഷണം, തടവില്‍ പാര്‍പ്പിക്കല്‍, പ്രബോധനം, മനുഷ്യത്വരാഹിത്യം, വന്ധ്യംകരണം, കൊടിയ പീഡനം, ബലാത്സംഗം.'

'എല്ലാവരെയും നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എല്ലാവര്‍ക്കും അത് അറിയാം.' -തുര്‍സുനെ സിയാവുഡന്‍ പറഞ്ഞവസാനിപ്പിച്ചു.

വീഡിയോ:


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News