Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കെ.ആർ ഗൗരിയമ്മ അന്തരിച്ചു 

May 11, 2021

May 11, 2021

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെ ആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്ബാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.

 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. നിയമം പഠിച്ച്‌ വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം. ഒളിവു ജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്ബില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ സ്വാധീനത്താല്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്രവയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. പി കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം നല്‍കിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1952 ലും 54 ലും തിരുകൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി വി തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയില്‍ അംഗമായിരുന്നു ടി വിയും. 1964-ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സി പി എമിനൊപ്പവും ടിവി സി പി ഐക്കൊപ്പവുമായിരുന്നു. തുടര്‍ന്ന് ടിവിയുമായി പിരിഞ്ഞു.

പതിനേഴ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.

ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍കാര്‍ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍കാര്‍ ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.

സി പി എമിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സി പി എമില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെ എസ് എസ് രൂപീകരിച്ചു. യു ഡി എഫിലായിരുന്ന അവര്‍ 2016-ല്‍ യു ഡി എഫുമായി ഇടഞ്ഞു മുന്നണി വിട്ടു. അവസാന കാലത്ത് സി പി എമുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സി പി എമിന്റെ വനിതാ മതിലില്‍ അടക്കം ഗൗരിയമ്മ പങ്കെടുത്തു. പാര്‍ടിയിലേക്കു തിരിച്ചു വിളിക്കണമെന്ന തരത്തില്‍ സി പി എമില്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ല്‍ കേരള സാഹിത്യ അകാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News