Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പുതിയ ഗള്‍ഫ് അനുരഞ്ജന ശ്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ത്? ഒരു അന്വേഷണം 

December 31, 2020

December 31, 2020

ദോഹ: നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം റിയാദില്‍ നടക്കുന്ന ഈ വര്‍ഷത്തെ ജി.സി.സി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

എന്തുകൊണ്ടാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടക്കുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇതിനു മുമ്പ് ഇതേ തീവ്രതയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടന്നില്ല? വിശദമായ ഉത്തരങ്ങളിലേക്കാണ് ഈ ചോദ്യങ്ങള്‍ നമ്മെ നയിക്കുന്നത്. 

ഇതാദ്യമായല്ല ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അനുരഞ്ജനശ്രമങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം, അതായത് 2020 ആദ്യം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് അവസാനിച്ചു. 

രാജ്യങ്ങള്‍ കൊവിഡ്-19 മഹാമാരി നേരിടുന്നതിലേക്ക് തങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധ ചെലുത്തിയതിനാലാണ് ഈ ശ്രമങ്ങള്‍ മുന്നോട്ട് പോകാതിരുന്നത്. ഈ വര്‍ഷം ഏതാണ്ട് മുഴുവനും കൊവിഡ് കൊണ്ടുപോയപ്പോള്‍ ഖത്തറും സൗദി നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യവും തമ്മിലുള്ള വിള്ളല്‍ മാറ്റമില്ലാതെ നിലനിന്നു. 

എന്നാല്‍ ഡിസംബര്‍ ആദ്യം തര്‍ക്ക പരിഹാരത്തിനുള്ള കരാര്‍ തയ്യാറാവുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ പ്രാഥമിക ഉടമ്പടി എന്തായിരിക്കുമെന്നും ഇതില്‍ ആരെല്ലാമാണ് ഉള്‍പ്പെട്ടതെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

റിയാദില്‍ ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന 41-ാമത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അറബ് രാജ്യങ്ങള്‍ കര, കടല്‍, വായു മാര്‍ഗങ്ങളിലൂടെ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി നാല് വര്‍ഷത്തിനു ശേഷമാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. 

ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപരോധത്തിന് വേണ്ടത്ര ന്യായീകരണങ്ങള്‍ ഇല്ലെന്നുമാണ് ഖത്തര്‍ പറഞ്ഞത്. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ പരമാധികാരത്തെ ആക്രമിക്കുകയാണെന്നും ഖത്തര്‍ ആരോപിച്ചിരുന്നു. 

ഇതിന് ശേഷം ഉപരോധം പിന്‍വലിക്കാനായി 13 ആവശ്യങ്ങളുടെ പട്ടിക അറബ് രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വച്ചു. ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനികതാവളം അടച്ചു പൂട്ടുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇവ ഖത്തര്‍ തള്ളുകയായിരുന്നു. 

ഇതേ തുടര്‍ന്ന് അപരിഹാര്യമായി നിലനിന്ന പ്രതിസന്ധി പരിഹരിക്കപ്പെടുന്നുവെന്ന സൂചനകള്‍ കണ്ടു തുടങ്ങിയത് ഈ മാസം ആദ്യമാണ്. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഗള്‍ഫ് പ്രതിതന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാല് അറബ് രാജ്യങ്ങളുടെയും ഒരു പ്രമേയം ഉണ്ട് എന്ന് പറഞ്ഞത്. അനുരഞ്ജനത്തിനായുള്ള അന്തിമ കരാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് ഈ മാസം മുഴുവനും ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുന്നു എന്നതായിരുന്നു മിഡില്‍ ഈസ്റ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിന്റെ ഒടുവലത്തെ സൂചനയാണ് റിയാദ് ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീ ബിന്‍ ഹമദ് അല്‍താനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്  ഔദ്യോഗികമായി ക്ഷണിച്ചത്. സൗദി രാജാവിന്റെ ക്ഷണം അമീര്‍ സ്വീകരിച്ചു. 

വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലാണ് ഗള്‍ഫ് പ്രതിസന്ധിയെ സമീപിക്കുന്നത് എന്നാണ് ഗള്‍ഫ് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. സൗദിയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രമേയത്തിനായി പ്രേരണ ചെലുത്തുന്നത്. പുതിയ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെയ്ഡനില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ മയപ്പെടുത്താനാണ് റിയാദ് ഇങ്ങനെയൊരു നീക്കം നടത്തുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

'ഖത്തറിനെ ഉപരോധിക്കുന്ന നാല് രാജ്യങ്ങളില്‍ സൗദിയാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിന് വിധേയമായിരിക്കുന്നത്. പ്രത്യേകിച്ച് ട്രംപിന് ശേഷമുള്ള കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നുള്ള വെല്ലുവിളികളെ കുറിച്ച് സൗദി ആശങ്കാകുലരാണ്.' -വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള കണ്‍സല്‍റ്റിങ് കമ്പനിയായ ഗള്‍ഫ് സ്റ്റേറ്റ് അനലിറ്റിക്‌സിന്റെ സി.ഇ.ഒ ജിയോര്‍ജിയോ കഫീറോ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ കൂടി മാത്രം ആയുസുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളോട് ഒത്തുചേര്‍ന്ന് പോകാനാണ് സൗദി ആഗ്രഹിക്കുന്നത്. ട്രംപിന്റെ ലക്ഷ്യം നയതന്ത്രതലത്തിലുള്ള നേട്ടമാണ്. 

സാമ്പത്തിക പ്രത്യാഘാതം

സാമ്പത്തികമായുള്ള പ്രത്യാഘാതങ്ങളെ നേരിടുക എന്ന ലക്ഷ്യവും ദ്രുതഗതിയിലുള്ള അനുരഞ്ജനശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. കൊവിഡ് മഹാമാരി കാരണം ലോകരാജ്യങ്ങളിലെല്ലാം സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഗള്‍ഫ് രാജ്യങ്ങളിലും ഇത് പ്രതിഫലിച്ചു. 

കൊറോണ വൈറസ് കാരണമുണ്ടായ സാമ്പത്തിക പ്രത്യാഘാതമാണ് പുതിയ അനുരഞ്ജന ശ്രമങ്ങള്‍ക്ക് മുന്‍കാല ശ്രമങ്ങളേക്കാള്‍ വേഗം കൂട്ടിയത്. പ്രത്യേകിച്ച് സൗദിയുടെ എണ്ണ വ്യവസായത്തില്‍ അതുണ്ടാക്കിയ ആഘാതം വലുതാണെന്നിരിക്കെ.

അമേരിക്കയിലെ പുതിയ ബൈഡന്‍ ഭരണകൂടം അറബ് മേഖലയിലെ യു.എസ് വിദേശനയം വീണ്ടും സമതുലിതമാക്കും. അതുപോലെ ബൈഡന്‍ വരുന്നതോടെ അമേരിക്കയും ഖത്തറും തമ്മിലുള്ള സഖ്യം ശക്തമാകും. ഖത്തറിലെ അമേരിക്കയുടെ സാമ്പത്തിക, വിദ്യാഭ്യാസ, സൈനിക താല്‍പ്പര്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ സൗദിക്ക് ബോധ്യമുണ്ട്.

അതുപോലെ വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആവശ്യമായ സാധനങ്ങള്‍ സൗദിയിലൂടെ കരമാര്‍ഗം ഖത്തറിലേക്ക് എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ അനുരഞ്ജനം ഖത്തറിനും ആശ്വാസമാണ്.

ഖത്തറിനെ ബഹിഷ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ ഇല്ലാത്ത ജി.സി.സി രാജ്യങ്ങളായ കുവൈത്തും ഒമാനും  അനുരഞ്ജന കരാറിലെത്താനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെ സ്വാഗതം ചെയ്തപ്പോള്‍ ഉപരോധിക്കുന്ന മറ്റ് രാജ്യങ്ങള്‍ സൗദിക്കൊപ്പം ചേരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല - പ്രത്യേകിച്ച് യു.എ.ഇ. 

യു.എ.ഇക്ക് അവരുടേതായ അജണ്ടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഖത്തറുമായുള്ള പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത രാജ്യമാണ് യു.എ.ഇ. എന്നാല്‍ നിലപാട് മയപ്പെടുത്താന്‍ സൗദി തയ്യാറായാല്‍ അറബ് ലോകത്തെ 'ഖത്തര്‍ വിരുദ്ധ സഖ്യം' തകരാന്‍ തുടങ്ങുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

അടിസ്ഥാന കാരണം നിലനില്‍ക്കുന്നു

അയല്‍രാജ്യങ്ങളുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ പറഞ്ഞെങ്കിലും ഖത്തറിന്റെ പരമാധികാരം ഇതില്‍ ചുവപ്പു വരയാകും. ചര്‍ച്ചകളില്‍ ഖത്തറിന് മേല്‍ക്കൈ ഉണ്ട് എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ ഖത്തര്‍ 'നല്‍കുന്ന ഇളവുകള്‍' വലിയ പ്രാധാന്യമുള്ളവയാകില്ലെന്നാണ് രാഷ്ട്രീയ നിരാക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്ന് ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോസ്‌ലിന്‍ മിച്ചല്‍ പറയുന്നു. എല്ലാ വിശകലനങ്ങളും ഉപരോധത്തെ തന്ത്രപരമായ പരാജയമായാണ് വിലയിരുത്തുന്നതെന്നും അവര്‍ പറഞ്ഞു. 

സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം മുന്നോട്ട് നീങ്ങുന്നതായി തോന്നുമെങ്കിലും ജനുവരി അഞ്ചിലെ ജി.സി.സി ഉച്ചകോടിയില്‍ ഇരു കൂട്ടരും ധാരണയിലെത്തുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഉപരോധിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ മുഖം സംരക്ഷിക്കേണ്ടതായുണ്ട്. ഇത് പെട്ടെന്നുള്ള പരിഹാരത്തെ തടഞ്ഞേക്കുമെന്നും മിച്ചല്‍ പറയുന്നു. 

തര്‍ക്കത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഈ അനുരഞ്ജനത്തിന് ശാശ്വതമായ നിലനില്‍പ്പ് ഉണ്ടാകില്ലെന്നാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരുടെയും പൊതു അഭിപ്രായം. രാജ്യങ്ങളുടെ വിദേശനയത്തിലെ വലിയ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് അവര്‍ പറയുന്നത്. 

ഇത് നിലവിലെ സ്ഥിതി നിലനിര്‍ത്തുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഇത് മറ്റൊരു സാധാരണ ഉച്ചകോടി മാത്രമായി അവസാനിക്കാനുള്ള സാധ്യതും ഇവര്‍ കാണുന്നു. ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് എന്ന് കാത്തിരുന്ന് കാണണമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News