Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഉപഗ്രഹ നിയന്ത്രിതമായ സ്മാര്‍ട്ട് മെഷീൻ ഗൺ ഉപയോഗിച്ചാണ് ഫക്രിസാദെയെ വധിച്ചതെന്ന് ഇറാന്‍

December 08, 2020

December 08, 2020

തെഹ്‌റാന്‍: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെയെ വധിച്ചത് എന്ന് ഇറാന്‍. ഉപഗ്രഹ നിയന്ത്രിതമായ സ്മാര്‍ട്ട് തോക്ക് ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിദൂരമായാണ് ഫക്രിസാദെയെ വധിച്ചത് എന്ന് ഇറാന്റെ മുതിര്‍ന്ന കമാന്റര്‍ പറഞ്ഞു. 

'ഫക്രിസാദെയെ വധിക്കുന്ന സമയത്ത് തീവ്രവാദികളാരും തന്നെ പുറത്തിറങ്ങിയിരുന്നില്ല. നൂതനമായ ക്യാമറ ഘടിപ്പിച്ച ആയുധമാണ് അവര്‍ ഉപയോഗിച്ചത്. രക്തസാക്ഷി ഫക്രിസാദെ കാര്‍ ഓടിക്കുമ്പോള്‍ ഈ ആധുനിക ക്യാമറ അദ്ദേഹത്തിന്റെ നേരെ സൂം ചെയ്തു.' -ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഡെപ്യൂട്ടി കമാന്റര്‍ അലി ഫദവി ഒരു ചടങ്ങില്‍ പറഞ്ഞതായി തസ്‌നിം എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മെഷീന്‍ ഗണ്‍ ഒരു പിക്ക് അപ്പ് ട്രക്കില്‍ സ്ഥാപിച്ചിരിക്കുകയായിരുന്നു. ഈ മെഷീന്‍ ഗണ്‍ നിയന്ത്രിച്ചിരുന്നത് ഉപഗ്രഹം മുഖേനെയാണ് എന്നും അലി ഫദവി പറഞ്ഞു. അറസ്റ്റുകള്‍ ഉണ്ടായിട്ടില്ലെങ്കിലും ഫക്രിസാദെയുടെ കൊലപാതകികളെ കുറിച്ച് ഇറാന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലാണ് മൊഹ്‌സിന്‍ ഫക്രിസാദെയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. ആണവായുധശേഷി വര്‍ധിപ്പിക്കാനുള്ള ഇറാന്റെ രഹസ്യ പദ്ധതിയുടെ സൂത്രധാരനായാണ് പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗം ഫക്രിസാദെയെ കണ്ടത്. അതേസമയം ഈ ആരോപണങ്ങള്‍ ഇറാന്‍ ആദ്യം മുതലേ നിഷേധിക്കുകയായിരുന്നു.

ഫക്രിസാദെയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നോ ഇല്ലെന്നോ ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച് രഹസ്യമായി അന്വേഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും തങ്ങള്‍ നടത്തിയിരുന്നതായി ഇസ്രയേല്‍ അംഗീകരിച്ചിരുന്നു. 

മൊഹ്‌സിന്‍ ഫക്രിസാദെ സഞ്ചരിച്ചിരുന്ന കാർ

കമാന്റര്‍ അലി ഫദവിയുടെ പറഞ്ഞതു പ്രകാരം ഫക്രിസാദെയുടെ കൊലയില്‍ കൊലപാതകികള്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് മനസിലാക്കേണ്ടത് എന്ന് അല്‍ജസീറയുടെ ലേഖികയായ ഡോര്‍സ ജബ്ബാരി തെഹ്‌റാനില്‍ നിന്ന് പറയുന്നു. 

'കൊലപാതകത്തിന്റെ സമയത്ത് വെടിവെപ്പ് ഉണ്ടായെന്നും തുടര്‍ന്ന് സ്‌ഫോടനം നടന്നുവെന്നുമാണ് ഞങ്ങള്‍ ഇവിടെ കേട്ടത്. എല്ലാം വിദൂര നിയന്ത്രണത്തിലൂടെയാണ് നടത്തിയത്. ഉപഗ്രഹം ഉപയോഗിച്ച് നിയന്ത്രിച്ച മെഷീന്‍ ഗണ്‍ ഉപയോഗിച്ച് 13 തവണയാണ് ഫക്രിസാദെയ്ക്ക് നേരെ വെടിവച്ചത്. ഈ ദൗത്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും അവര്‍ ഉപയോഗിച്ചു. ഫക്രിസാദെയുടെ ഭാര്യ അദ്ദേഹത്തിന്റെ അടുത്തു നിന്ന് കേവലം 25 സെന്റിമീറ്റര്‍ അടുത്തായി കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് പരുക്കേറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.' -ഡോര്‍സ ജബ്ബാരി പറയുന്നു. 

ഫക്രിസാദെയുടെ കാറിന് നേരെ ഒരു സംഘം തോക്കുധാരികള്‍ വെടിയുതിര്‍ക്കുന്നതിന് മുമ്പ് സമീപത്തായി ഒരു ട്രക്ക് പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍ ഇറാന്‍ ദേശീയ ടെലിവിഷനോട് പറഞ്ഞു. 

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ നിഷേധിച്ചു. ഇറാന്‍ അവകാശപ്പെടുന്നതു പോലെ വിദൂരമായി തോക്കിന്റെ ഉന്നം പിടിക്കുന്ന തരം സാങ്കേതികവിദ്യ നിലവിലുണ്ടോ എന്ന് തനിക്ക് അറിയില്ല എന്ന് ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. 

'ഇറാന് വലിയ നാണക്കേട് ഉണ്ടായി എന്നാണ് ഞാന്‍ കാണുന്നത്. ഫക്രിസാദെയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തവര്‍ ആ ദൗത്യം നിറവേറ്റാന്‍ കഴിയാത്തതിന് ഇപ്പോള്‍ കാരണങ്ങള്‍ കണ്ടെത്തുകയാണ്.' -ഇസ്രയേലിന്റെ മുന്‍ നാവിക കമാന്ററും സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫും കൂടിയായ യോവ് ഗാലന്റ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News