Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൗദി അറേബ്യയുടെ സ്ഥാനം ഇനി ഖത്തറിനോ? ഗള്‍ഫിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഖത്തര്‍ മാറിയേക്കാനുള്ള കാരണങ്ങള്‍

January 31, 2021

January 31, 2021

ദോഹ: രാജ്യത്തിന്റെ ഭാവിയിലേക്ക് രാഷ്ട്രീയമായ വെല്ലുവിളികള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയത്. തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടെങ്കിലും യു.എസ് ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനാകില്ല. അദ്ദേഹത്തിന്റെ നിഴല്‍ യു.എസ് രാഷ്ട്രീയത്തില്‍ കുറേക്കാലം നിറഞ്ഞു നില്‍ക്കും.

അധികാരത്തിലെത്തുന്നതിന് മുമ്പും അതിന് ശേഷവും ശക്തമായ രാഷ്ട്രീയ പിന്തുണ നേടാന്‍ ട്രംപിന് കഴിഞ്ഞു. ട്രംപിന്റെ ശക്തമായ വലതുപക്ഷ ജനകീയ രാഷ്ട്രീയം, കുടിയേറ്റ വിരുദ്ധ നിലപാട്, വെളുത്ത വര്‍ഗക്കാരുടെ മേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എന്നിവയാണ് ട്രംപിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം.


ഡൊണാൾഡ് ട്രംപ്

ട്രംപിനെ പിന്തുണയ്ക്കുന്നവരെയും എതിരാളികളെയും വേര്‍തിരിച്ചെടുക്കാന്‍ റാന്‍ഡ് കോര്‍പ്പറേഷന്‍ നിരവധി ചോദ്യങ്ങള്‍ രൂപീകരിച്ചു. കുടിയേറ്റക്കാര്‍ അമേരിക്കന്‍ രീതികള്‍ക്കും മൂല്യങ്ങള്‍ക്കും ഭീഷണിയാണെന്ന് ശക്തമായി വിശ്വസിക്കുന്ന നിരവധി പേര്‍ ട്രംപ് അനുകൂലികളാണെന്ന് അവര്‍ കണ്ടെത്തി. ട്രംപിന്റെ രാഷ്ട്രീയത്തിന്റെ വ്യാപനം  യു.എസ് ദേശീയ ഐക്യത്തെ പ്രതികൂലമായി ബാധിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ട്രംപാണെന്നാണ് വിശ്വസിക്കുന്ന ഒരുപാട് പേര്‍ അമേരിക്കയിലുണ്ട്. 

ട്രംപിനോടുള്ള രാഷ്ട്രീയ വിശ്വസ്തത അമേരിക്കയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഇത് ബെയ്ഡന്‍ ഭരണകൂടത്തിന്, പ്രത്യേകിച്ച് അറേബ്യന്‍/പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. 

യു.എസും സൗദിയും (യു.എ.ഇയും)

2016 ലെ ട്രംപിന്റെ ആദ്യ ബിസിനസ് യാത്ര സൗദി അറേബ്യയിലേക്കായിരുന്നു. യു.എസിന് സൗദിയുമായി ദീര്‍ഘകാല ബന്ധമുണ്ട്. ഇസ്‌ലാമിക ലോകത്തെ സൗദിയുടെ അതുല്യമായ പങ്ക്, ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ശേഖരം, തന്ത്രപരമായ സ്ഥാനം എന്നിവയെല്ലാം സൗദിയും യു.എസും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. 

ട്രംപിന്റെ സൗദി സന്ദര്‍ശനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ധൈര്യം പകര്‍ന്നു. ട്രംപിന്റെ സന്ദര്‍ശനത്തിനു ശേഷമാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ മുന്നേറുകയും യെമനില്‍ വലിയ ദുരന്തം വിതയ്ക്കുകയും ചെയ്തു. 


മുഹമ്മദ് ബിൻ സൽമാൻ

2019 ല്‍ സൗദി നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ ഹൂത്തി വിമത ഗ്രൂപ്പുകള്‍ക്കെതിരായ സൈനിക നീക്കം തുടര്‍ന്നു. അനധികൃത വ്യോമാക്രമണങ്ങള്‍, ആയിരക്കണക്കിന് സാധാരണക്കാരെ കൊല്ലുന്നത്, അതിലേറെ പേരെ പരുക്കേല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ ഇതിന്റെ ഭാഗമായി അവിടെ അരങ്ങേറി. 2018 ല്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതായി സൗദി സമ്മതിച്ചിരുന്നു. 

എന്നിരുന്നാലും രാഷ്ട്രീയ വിശ്വസ്തതയേക്കാള്‍ ഗള്‍ഫില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യം ട്രംപും അദ്ദേഹത്തിന്റെ മരുമകനും വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേശകനുമായ ജാരെദ് കുഷ്‌നറും, മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ്. ഈ ബന്ധം രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 


സൗദി അറേബ്യയെ ഉപയോഗിച്ച് മിഡില്‍ ഈസ്റ്റിനെ
നശിപ്പിക്കുന്ന ട്രംപ്.  (മിഡില്‍ ഈസ്റ്റ് മോണിറ്ററില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍)

സൗദി അറേബ്യയും അതിന്റെ നേതാവായ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപുമായി വളരെ അധികം അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പ്രസിഡന്റായിരിക്കെ ട്രംപ് റിയാദിന് അചഞ്ചലമായ പിന്തുണയാണ് നല്‍കിയത്. സൗദിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ട്രംപ് കണ്ണടച്ചു. ട്രംപിനെ പോലെ തന്നെ ജാരെദ് കുഷ്‌നറുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു. 

ഡൊണാള്‍ഡ് ട്രംപുമായുള്ള ഊഷ്മളമായ ബന്ധം കണക്കിലെടുക്കുമ്പോള്‍ സൗദി കിരീടാവകാശിയുമായി പരസ്പര വിശ്വാസം സ്ഥാപിക്കാന്‍ ബെയ്ഡന്‍ ഭരണകൂടം പാടുപെടും; അതുപോലെ യു.എ.ഇ കിരീടാവകാശിയുമായും. ജി.സി.സിയിലെ ഉപജാപങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത് സൗദിയും യു.എ.ഇയുമാണ്; അവരാണ് സൂത്രധാരന്മാര്‍. 


മുഹമ്മദ് ബിന്‍ സായെദ്

ഭാവിയിലെ രാഷ്ട്രീയ അഭിലാഷങ്ങള്‍ കണക്കിലെടുത്ത് ട്രംപിനും കൂട്ടര്‍ക്കും നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്ന് എന്താണ് ഉറപ്പ്? 2024 ല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത ട്രംപ് എഴുതിത്തള്ളിയിട്ടില്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. 

എന്തുകൊണ്ട് ഖത്തര്‍? 

പ്രസിഡന്റ് ബെയ്ഡനുമായുള്ള ട്രംപിന്റെ ശത്രുതാപരമായ ബന്ധം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജനുവരി 20 ന് ക്യാപിറ്റല്‍ ഹില്ലില്‍ നടന്ന ബെയ്ഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചുമതലകള്‍ പോലും അദ്ദേഹം വൈസ് പ്രസിഡന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. 

ഈ യാഥാര്‍ത്ഥ്യമാണ് ഭാവിയിലെ യു.എസ്-ജി.സി.സി ബന്ധത്തില്‍ ഖത്തറിനെ സുപ്രധാന സ്ഥാനത്ത് നിര്‍ത്തുന്നത്. ഇനി മുതല്‍ അമേരിക്കയും ജി.സി.സിയും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന ഇടമായി ഖത്തര്‍ മാറിയേക്കാം. 


ജോ ബെയ്ഡൻ

ട്രംപ് പ്രസിഡന്റായിരിക്കുന്ന നാല് വര്‍ഷത്തിലാണ് ഖത്തര്‍ കൂടുതലായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത്. ഒരു പരിധി വരെ ഇത് ഖത്തറിനെ ട്രംപിന്റെ സ്വാധീനത്തില്‍ നിന്ന് സംരക്ഷിച്ചു എന്നതും യാഥാര്‍ത്ഥ്യമാണ്. പകരം യു.എ.ഇയും സൗദിയുമായി ബന്ധം സ്ഥാപിക്കുന്നതിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 

അല്‍ ജസീറ അടച്ചു പൂട്ടണം എന്ന അറബ് രാജ്യങ്ങളുടെ ആവശ്യത്തെ ശക്തമായ നിരാകരിച്ച ഖത്തര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രായോജകരായി ഖത്തര്‍ മാറി. ഖത്തറിനെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഉപരോധിച്ചിരുന്ന സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനോട് അല്‍ ജസീറ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടത്. 


ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി

ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവരുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബെയ്ഡന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിയങ്ങോട്ട് ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സുഹൃത്താകാന്‍ ഏറ്റവും അനുയോജ്യരായത് ഖത്തറാണ്. 

ഇറാനുമായും തുര്‍ക്കിയുമായും അമേരിക്കയ്ക്ക് ആശയവിനിമയം സ്ഥാപിക്കുന്നതിലും ഖത്തറിന് സുപ്രധാനമായ പങ്ക് വഹിക്കാനാകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായുള്ള ഉപരോധ കാലയളവില്‍ ഖത്തര്‍ ഇറാനുമായും തുര്‍ക്കിയുമായും ശക്തമായ ബന്ധമാണ് വളര്‍ത്തിയെടുത്തത്. അതിനാല്‍ ജി.സി.സിയില്‍ ഇത് ഖത്തറിന്റെ സമയമാണ് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഖത്തറിന്റെ ഇടപെടല്‍ ജി.സി.സിയുടെ പ്രതിച്ഛായ മാറ്റുമെന്നും മേഖലയിലേക്ക് പുതിയ രാഷ്ട്രീയ അവസരങ്ങള്‍ കൊണ്ടുവരുമെന്നും പലരും പ്രതീക്ഷിക്കുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News