Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇറാഖില്‍ ആറ് പ്രതിഷേധക്കാരെ കുര്‍ദിഷ് സുരക്ഷാസേന വെടിവച്ച് കൊന്നു

December 09, 2020

December 09, 2020

ബാഗ്ദാദ്: ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ മുടങ്ങിയ ശമ്പളം ലഭിക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്നവരില്‍ ആറ് പ്രതിഷേധക്കാരെ കുര്‍ദിഷ് സുരക്ഷാ സേന വെടിവച്ച് കൊന്നു. സമാധാനപരമായി തുടര്‍ന്ന പ്രതിഷേധം അക്രമാസക്തമായതോടെയാണ് സുരക്ഷാ സേന സമരക്കാര്‍ക്ക് നേരെ വെടിവച്ചത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ക്ക് തീ വച്ചു. 

ഒരു പ്രതിപക്ഷ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാര്‍ (കെ.ആര്‍.ജി) അടച്ചു പൂട്ടി. മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങളും കെ.ആര്‍.ജി നിര്‍ത്തി വച്ചു. 

ഡിസംബര്‍ മൂന്നിന് ആരംഭിച്ച പ്രതിഷേധം തിങ്കളാഴ്ച ഉച്ചയോടെ രൂക്ഷമായി. ഹലബ്ജ പ്രവിശ്യയിലെ സെയ്ദ് സാദിഖ് ജില്ലയിലാണ് പ്രതിഷേധക്കാര്‍ പ്രകോപിതരായത്. പ്രതിപക്ഷ പാര്‍ട്ടികളുടെതടക്കം എല്ലാ പാര്‍ട്ടികളുടെയും ആസ്ഥാനങ്ങളും പൊലീസ് സ്റ്റേഷനുകളും ജില്ലാ മേയറുടെ ആസ്ഥാനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. 

കെ.ആര്‍.ജിയുടെ തലസ്ഥാനമായ എര്‍ബിലിന് കിഴക്കുള്ള ചംചമാല്‍ പട്ടണത്തില്‍ പ്രതിഷേധിക്കുകയായിരുന്ന ആദം യഹ്യ എന്ന 26 കാരനായ കുര്‍ദിഷ് യുവാവിനെ സേന വെടിവച്ച് കൊന്നു. എന്നാല്‍ യഹ്യ പ്രതിഷേധക്കാരനായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. ഭരണകക്ഷിയായ കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (കെ.ഡി.പി) ഓഫീസിന് സമീപത്തു കൂടെ നടന്ന് പോകുന്നതിനിടെയാണ് യഹ്യയ്ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയും നെഞ്ചില്‍ അടിക്കുകയും ചെയ്ത് കൊന്നത് എന്നും സഹോദരന്‍ പറഞ്ഞു. 

പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാന്റെ (പി.യു.കെ) ദിയാല ഗവര്‍ണറേറ്റിലെ കിഫ്രി ജില്ലയിലെ ശാഖയില്‍ നിന്നുള്ള തോക്കുധാരികളാണ് അക്കോ സല്‍മാന്‍ എന്ന യുവാവിനെ വെടിവച്ച് കൊന്നത്. പി.യു.കെ ശാഖാ കെട്ടിടത്തിന് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

തിങ്കളാഴ്ച മാത്രം രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും 26 പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും സുലൈമാനിയ ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹെര്‍ഷ് സലിം പറഞ്ഞു. 

ചൊവ്വാഴ്ചയും തുടര്‍ന്ന പ്രതിഷേധത്തില്‍ ചംചമാലില്‍ നിന്നുള്ള മൂന്ന് പ്രതിഷേധക്കാര്‍ കൂടി കൊല്ലപ്പെട്ടു. ടാകിയ ഉപജില്ലയിലെ പി.യു.കെ, കെ.ഡി.പി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന സൈനികര്‍ ഒരാളെ വെടിവച്ചു കൊന്നതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. 

കെ.ആര്‍.ജിയുടെ രാജി ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഡിസംബര്‍ മൂന്നിനാണ് ആയിരക്കണക്കിന് അധ്യാപകരും മറ്റ് ജോലിക്കാരും സുലൈമാനിയ നഗരഹൃദയത്തുള്ള സരേ ആസാദി സ്‌ക്വയറിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയത്. അന്ന് മുതലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. 

പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം, പ്ലാസ്റ്റിക് ബുള്ളറ്റുകള്‍, ജലപീരങ്കി എന്നിവ പ്രയോഗിച്ചു. ഒടുവിലാണ് സേന പ്രതിഷേധക്കാര്‍ക്കു നേരെ തോക്ക് ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. 

കണ്ണീര്‍ വാതകം ശ്വസിച്ച 12 വയസുള്ള ആണ്‍കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ രാജ്യത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തനിക്ക് ഇപ്പോഴും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുട്ടി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. സുലൈമാനിയ നഗരത്തില്‍ സിഗരറ്റ് വില്‍ക്കുകയായിരുന്നു താനെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കുട്ടി പറഞ്ഞു. 

12 ലക്ഷം ജീവനക്കാര്‍ക്ക് കെ.ആര്‍.ജി ഒക്ടോബറില്‍ ശമ്പളം നല്‍കിയിട്ടില്ല. ബാഗ്ദാദിലെ ഫെഡറല്‍ സര്‍ക്കാറില്‍ നിന്ന് സ്വതന്ത്രമായി പ്രതിദിനം 446,000 ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം ശമ്പളം നല്‍കാനായി കെ.ആര്‍.ജി ഉപയോഗിക്കുന്നില്ല. തുര്‍ക്കി വഴി എണ്ണ കയറ്റുമതി ചെയ്യുന്നതിലൂടെ യഥാര്‍ത്ഥ വരുമാനം എത്രയെന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ് എന്നും ഇത് കടുത്ത അഴിമതിയാമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News