Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം,തന്ത്രപ്രധാന കേന്ദ്രങ്ങൾ സൈന്യം തിരിച്ചുപിടിച്ചു

November 10, 2019

November 10, 2019

ബഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ഭാഗികമായി കൈയടക്കിയിരുന്ന തലസ്ഥാനത്തെ മൂന്നു പാലങ്ങളുടെ നിയന്ത്രണം ഇറാഖി സേന തിരിച്ചുപിടിച്ചു. ടൈഗ്രിസ് നദിക്കു കുറുകെ ബഗ്ദാദിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളാണു സൈന്യം പ്രക്ഷോഭകാരികളില്‍ നിന്നു വീണ്ടെടുത്തത്.

അല്‍സിനക്, അല്‍അഹ്‌റാര്‍, അല്‍ശുഹദ എന്നിവയാണു സൈന്യം തിരിച്ചുപിടിച്ച പാലങ്ങള്‍. കഴിഞ്ഞ ഏതാനും നാളുകളായി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകാരികള്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചാണു സമരക്കാരെ സൈന്യം ഇവിടങ്ങളില്‍ നിന്ന് ഓടിച്ചത്. തുടര്‍ന്ന്, ബഗ്ദാദിലെ പഴക്കമേറിയതും പ്രശസ്തവുമായ പാതകളിലൊന്നായ അല്‍റഷീദ് സ്ട്രീറ്റ് വരെ ഇവരെ സൈന്യം പിന്തുടരുകയും ചെയ്തു.

ഇറാന്‍ എംബസിയിലേക്കുള്ള പ്രവേശന മാര്‍ഗം കൂടിയായ അല്‍സിനക് കേന്ദ്രീകരിച്ചാണ് സൈന്യവും പ്രക്ഷോഭകാരികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നത്. അഴിമതി നിറഞ്ഞ ഇറാഖ് ഭരണകൂടത്തിന് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ഇറാന്‍ എംബസി ആക്രമിക്കാനും പ്രക്ഷോഭകാരികള്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഔദ്യോഗിക സര്‍ക്കാര്‍ ടെലിവിഷന്‍ ആസ്ഥാനത്തേക്കുമുള്ള പാതകളാണ് അല്‍അഹ്‌റാര്‍, അല്‍ശുഹദാ പാലങ്ങള്‍.

അതേസമയം, ബഗ്ദാദിലെ ഏറെ ശ്രദ്ധേയമായ തഹ്രീര്‍ സ്‌ക്വയറിനുടത്തുള്ള അല്‍ജുംഹൂരിയ്യ പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും പ്രക്ഷോഭകാരികള്‍ കൈയടക്കിവച്ചിരിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  മറ്റിടങ്ങളില്‍ നിന്നു പിന്മാറേണ്ടിവന്നതോടെ കൂടുതല്‍ സമരക്കാരും ഇപ്പോള്‍ ഇവിടെ കേന്ദ്രീകരിച്ചിരിക്കുകയാണ്. പാര്‍ലമെന്റും ബ്രിട്ടീഷ്, യു.എസ് എംബസികളും സ്ഥിതിചെയ്യുന്ന ഗ്രീൻ സോണിലേക്കുള്ള പാതയായ ജുംഹൂരിയ്യ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിട്ടുണ്ട്.

അതിനിടെ, ദക്ഷിണ ഇറാഖിലെ ഒരാഴ്ചത്തോളമായി അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ തുറമുഖം വീണ്ടും തുറന്നതായി അധികൃതര്‍ അറിയിച്ചു. ഉമ്മു ഖസര്‍ തുറമുഖമാണ് കഴിഞ്ഞ ഒക്ടോബര്‍ 30 മുതല്‍ അടഞ്ഞുകിടന്നിരുന്നത്. പ്രക്ഷോഭകാരികള്‍ ഇങ്ങോട്ടുള്ള പ്രവേശനം തടഞ്ഞതോടെയായിരുന്നു തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. രാജ്യത്തേക്കുള്ള ധാന്യങ്ങളുടെയും സസ്യഎണ്ണകള്‍, പഞ്ചസാര തുടങ്ങിയവയുടെയും വലിയൊരു ശതമാനം ഉമ്മു ഖസര്‍ തുറമുഖം വഴിയാണ് എത്തുന്നത്.


Latest Related News