Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പത്തു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ശാസ്ത്രജ്ഞര്‍; കൊലയാളികള്‍ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യമിടുന്നത് എന്തുകൊണ്ട്? 

November 28, 2020

November 28, 2020

ടെഹ്‌റാന്‍: ഭീതിയുടെ നിഴലിലാണ് ഇറാനിലെ ആണവ ശാസ്ത്രജ്ഞര്‍ ഓരോ നിമിഷവും ജീവിക്കുന്നത്. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി എന്ന് വിശേഷിക്കപ്പെട്ട മൊഹ്‌സിന്‍ ഫക്രിസാദെ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്തോടെ ഈ ഭീതിയുടെ ആക്കം കൂടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഞ്ച് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരാണ് ദുരൂഹമായി കൊല്ലപ്പെട്ടത് എന്നറിയുമ്പോള്‍ ഈ ഭീതിയുടെ ആഴം വ്യക്തമാകുന്നു. 

വാഹനത്തിനു നേരെയുള്ള ബോംബാക്രമണത്തിലും വെടിവെപ്പിലുമായാണ് അഞ്ച് ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടത്. വേറേയും നിരവധി ഇറാനിയന്‍ ശാസ്ത്രജ്ഞരെ കൊലയാളികള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും അവര്‍ കൊലപാതക ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇറാനില്‍ ഒരു ആണവ ശാസ്ത്രജ്ഞനായിരിക്കുക എന്നാല്‍ അപകടത്തിലാവുക എന്നതിന് തുല്യമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 

രക്തം മരവിപ്പിക്കുന്ന തരത്തിലാണ് ഇറാന്റെ ശാസ്ത്രജ്ഞരെ ശത്രുരാജ്യങ്ങളുടെ കൊലയാളികള്‍ വധിക്കുന്നത്. വെള്ളിയാഴ്ച കൊല്ലപ്പെട്ട മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. തലസ്ഥാനമായ ടെഹ്‌റാന്‍ നഗരത്തിനു പുറത്ത് കാറില്‍ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹത്തെ വധിച്ചത്. ആയുധധാരികളായ കൊലപാതകികള്‍ ഫക്രിസാദെ സഞ്ചരിച്ച കാറിനു നേരെ ബോംബെറിഞ്ഞ ശേഷം അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ (ഐ.ആര്‍.ജി.സി) ഉദ്യോഗസ്ഥനായിരുന്നു ഫക്രിസാദെ.

ഫക്രിസാദെയുടെ സഹപ്രവര്‍ത്തകനായിരുന്ന മജീദ് ഷഹ്‌രിയാരി 2010 ല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ആണവായുധം സ്വന്തമാക്കാനുള്ള ഇറാന്റെ പദ്ധതിയുടെ അമരക്കാരനായി മൊഹ്‌സിന്‍ ഫക്രിസാദെയെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. 

ആധുനിക ശാസ്ത്രത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ ശ്രമിക്കുന്നവരാണ് ഫക്രിസാദെയെ കൊലപ്പെടുത്തിയത് എന്ന് റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി പറഞ്ഞു. എന്നാല്‍ ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. 

രണ്ടാം ലോകമഹായുദ്ധം മുതല്‍ ശീതയുദ്ധം വരെയുള്ള കാലയളവിലും ഭൗതികശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയര്‍മാരെയും ശത്രുരാജ്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. യുദ്ധത്തിന്റെ ഭാഗമായി ലോകശക്തികള്‍ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതിന്റെ നീണ്ട ചരിത്രം തന്നെയുണ്ട്. 

തങ്ങളുടെ ശാസ്ത്രജ്ഞരെ കൊല്ലുന്നത് ഇസ്രയേലും അമേരിക്കയുമാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും ഈ ആരോപണം നിഷേധിച്ചു. 

കൊല്ലപ്പെട്ട ഇറാനി ശാസ്ത്രജ്ഞര്‍ ആരെല്ലാം? 

മസൗദ് അലി മൊഹമ്മദി

മസൗദ് അലി മൊഹമ്മദി

ടെഹ്‌റാന്‍ സര്‍വ്വകലാശാലയിലെ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് പ്രൊഫസറായിരുന്നു മസൗദ് അലി മൊഹമ്മദി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തരം ബോംബ് ഇദ്ദേഹം സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചാണ് 2010 ജനുവരിയില്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. മസൗദ് അലിക്ക് രാഷ്ട്രീയം ഇല്ലായിരുന്നുവെന്നും ഇറാന്റെ ആണവപദ്ധതിയുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും അന്ന് ഇറാന്‍ സര്‍ക്കാറും സര്‍വ്വകലാശാലയിലെ സഹപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. 

മജീദ് ഷഹ്‌രിയാരി

ഇറാനിലെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന് (എ.ഇ.ഒ) വേണ്ടി ഒരു 'സുപ്രധാന പദ്ധതി' കൈകാര്യം ചെയ്തിരുന്ന ശാസ്ത്രജ്ഞനായിരുന്നു മജീദ് ഷഹ്‌രിയാരി. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം മസൗദ് അലി മൊഹമ്മദി കൊല്ലപ്പെട്ട് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ഇദ്ദേഹവും കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ കൊലയാളി ഷഹ്‌രിയാരിയുടെ കാറിലേക്ക് ബോംബ് എറിയുകയായിരുന്നു. ഷഹ്‌രിയാരിയുടെ ജീവനെടുത്ത സ്‌ഫോടനത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും കാര്‍ ഡ്രൈവറും പരുക്കുകളോടെ രക്ഷപ്പെട്ടു. 

സയണിസ്റ്റ് ഭരണകൂടവും പശ്ചാത്യ സര്‍ക്കാറുകളുമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്നത്തെ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മ്മദിനെജാദ് പറഞ്ഞിരുന്നു. എന്നാല്‍ യു.എസ്സും ഇസ്രയേലും ഇത് നിഷേധിച്ചു. 

മജീദിന്റെ സഹപ്രവര്‍ത്തകനും എ.ഇ.ഒയുടെ അന്നത്തെ മേധാവിയുമായിരുന്ന ഫെറിഡൂണ്‍ അബ്ബാസിക്ക് നേരെയും സമാനമായ ആക്രമണം ഉണ്ടായി. എന്നാല്‍ അദ്ദേഹം ആക്രമണത്തില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന അബ്ബാസി, മൊഹ്‌സിന്‍ ഫക്രിസാദെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. 

ദരിയൗഷ് റെസയ്‌നെജാദ്

രക്തം മരവിപ്പിക്കുന്ന കൊലപാതകത്തിന് അടുത്തതായി ഇരയായ ഇറാനിയന്‍ ശ്ാസ്ത്രജ്ഞനാണ് ദരിയൗഷ് റെസയ്‌നെജാദ്. 2011 ജൂലൈയിലെ ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് തോക്കുധാരികള്‍ അതിക്രൂരമായി വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പരുക്കേറ്റിരുന്നു.

ഖജേ നസ്രോള്‍ഡീന്‍ തൂസി സര്‍വ്വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായിരുന്ന റെസയ്‌നെജാദ് ഇറാനിലെ ഒരു ആണവ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നതായി അന്ന് കരുതപ്പെട്ടിരുന്നു. വടക്കന്‍ ടെഹ്‌റാനിലെ ഒരു ആണവ ലബോറട്ടറിയില്‍ ഇദ്ദേഹം ഇടയ്ക്കിടെ പ്രവേശിക്കുന്നത് കണ്ടുവെന്ന് ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റെസയ്‌നെജാദ് ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഈ റിപ്പോര്‍ട്ട് ഇറാനി അധികൃതര്‍ തള്ളി. ദരിയൗഷ് റെസയ്‌നെജാദ് ആണവ പദ്ധതികളില്‍ പങ്കാളിയല്ലെന്ന് അന്നത്തെ ഇറാന്‍ രഹസ്യാന്വേഷണ മന്ത്രി ഹൈദര്‍ മൊസ്‌ലേഹി വ്യക്തമാക്കിയിരുന്നു.

മൊസ്തഫ അഹ്മദി റോഷന്‍

റെസയ്‌നെജാദ് കൊല്ലപ്പെട്ട് ആറു മാസങ്ങള്‍ക്കു ശേഷം 2012 ജനുവരിയിലാണ് മൊസ്തഫ അഹ്മദി റോഷന്‍ കൊലയാളികളുടെ അടുത്ത ഇരയായത്. ടെഹ്‌റാനിലെ ഒരു സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസറും നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസറുമായിരുന്നു റോഷന്‍. മോട്ടോര്‍ സൈക്കിളിലെത്തിയ കൊലയാളി റോഷന്റെ കാറില്‍ കാന്തിക ബോംബ് ഘടിപ്പിച്ചാണ് അദ്ദേഹത്തെ വധിച്ചത്. സ്‌ഫോടനത്തില്‍ റോഷനൊപ്പം കാര്‍ ഡ്രൈവറും കൊല്ലപ്പെട്ടു.

രാജ്യത്തെ രണ്ടാമത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ ഉന്നതോദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റോഷന്‍ കൊല്ലപ്പെട്ടത് എന്ന കാര്യവും ശ്രദ്ധേയമാണ്. ആണവായുധം നിര്‍മ്മിക്കാന്‍ ഇറാനി ശാസ്ത്രജ്ഞര്‍ രഹസ്യമായും നിരന്തരമായും ശ്രമിക്കുന്നുവെന്ന് ഇതിന് രണ്ടുമാസം മുമ്പ് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 

അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ പ്രവൃത്തികള്‍ ഇറാന്റെ ഗതിയെ മാറ്റില്ലെന്ന് എ.ഇ.ഒ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കൊലപാതകത്തെ അപലപിച്ച അമേരിക്ക പക്ഷേ അതിന്റെ ഉത്തരവാദിത്തം നിഷേധിച്ചു. എന്നാല്‍ ഇസ്രയേലിന്റെ സൈനിക വക്താവ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാതെയുള്ള പ്രസ്താവനയാണ് പുറത്തിറക്കിയത്. 

'ഇറാനിയന്‍ ശാസ്ത്രജ്ഞനോട് ആരാണ് പ്രതികാരം ചെയ്തതെന്ന് എനിക്കറിയില്ല. എന്നാല്‍ ഈ സംഭവത്തില്‍ ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കുന്നില്ല.' -ഇതാണ് ഇസ്രയേല്‍ സൈനിക വക്താവ് ജനറല്‍ യോവ് മൊര്‍ദെഖായി അന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. 

 

പത്ത് വര്‍ഷത്തിനിടെ മേല്‍പ്പറഞ്ഞ അഞ്ച് ശാസ്ത്രജ്ഞരെ ഇറാന് നഷ്ടമായെങ്കിലും തങ്ങള്‍ തോറ്റ് പിന്മാറാന്‍ തയ്യാറല്ലെന്ന സൂചനയാണ് ഇറാനില്‍ നിന്ന് ലഭിക്കുന്നത്. ബരാക്ക് ഒബാമ യു.എസ് പ്രസിഡന്റായിരിക്കെ ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. ഒരു പരിധി വരെ അവ വിജയം കണ്ടു. എന്നാല്‍ ഒബാമ മാറി പകരം ട്രംപ് അധികാരത്തില്‍ വന്നതോടെ അമേരിക്കയും ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി. ഒബാമയുടെ കാലത്ത് ചര്‍ച്ചകളില്‍ പങ്കെടുത്ത ജോ ബെയ്ഡനാണ് ഇപ്പോള്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജനുവരി 20 വരെ കാലാവധി ഉള്ള പ്രസിഡന്റ് ട്രംപിന് ഇറാനുമേലുള്ള പദ്ധതി എന്തായിരിക്കുമെന്നത് ആശങ്കയായി തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News