Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
മാർവെലസ് മാക്‌സ്‌വെൽ: മുംബൈയെ തകർത്ത് ബാംഗ്ലൂർ

September 26, 2021

September 26, 2021

 


ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്ലാമർ പോരിൽ ബാംഗ്ലൂരിന് വിജയം. ചിരവൈരികളിലൊന്നായ മുംബൈയെ 54 റൺസിന്റെ വമ്പൻ മാർജിനിലാണ് ബാംഗ്ലൂർ തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറുവിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി കേവലം 111 ൽ ഒതുങ്ങി. ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഓൾറൗണ്ട് പ്രകടനമാണ് ബാംഗ്ലൂരിന്റെ ജയം എളുപ്പമാക്കിയത്. അർദ്ധസെഞ്ചുറി നേടിയ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഒപ്പം, ഹർഷൽ പട്ടേലിന്റെ ഹാട്രിക്കും ബാംഗ്ലൂർ വിജയത്തിന്റെ മാറ്റുകൂട്ടി.

ചെന്നൈയോട് തോൽവി വഴങ്ങിയ ടീമിൽ മൂന്ന് മാറ്റങ്ങളുമായി ബാംഗ്ലൂർ ഇറങ്ങിയപ്പോൾ, മുംബൈ നിരയിൽ പരിക്കിൽ നിന്ന് മുക്തനായ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ബാംഗ്ലൂരിന് രണ്ടാം ഓവറിൽ തന്നെ പ്രഹരമേറ്റു. ബുമ്രയുടെ പന്തിൽ അക്കൗണ്ട് തുറക്കും മുൻപ് ദേവ്ദത്ത് പടിക്കൽ മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന കോഹ്‌ലിയും ശ്രീകാർ ഭരതും ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞതോടെ ആദ്യ എട്ടോവറിൽ 63 റൺസ് കണ്ടെത്താൻ ബാംഗ്ലൂരിനായി. രാഹുൽ ചാഹറിന്റെ പന്തിൽ സൂര്യകുമാർ യാദവിന് പിടികൊടുത്ത് ശ്രീകാർ മടങ്ങിയെങ്കിലും, മാക്‌സ്‌വെൽ കോഹ്‌ലിക്കൊത്ത പങ്കാളിയായി. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാഴികക്കല്ല് കളിക്കിടെ പിന്നിട്ട കോഹ്‌ലി, അർദ്ധശതകം നേടിയതിന് പിന്നാലെ പുറത്തായി. നായകൻ വീണതോടെ വിശ്വരൂപം പുറത്തെടുത്ത മാക്‌സ്‌വെൽ സ്വിച്ച് ഹിറ്റുകളിലൂടെ കളംവാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടംകയ്യൻമാരെ വെല്ലുന്ന കൃത്യതയോടെ റിവേഴ്‌സ് ഷോട്ടുകൾ ബൗണ്ടറികൾ ലക്ഷ്യമാക്കി പായാൻ ആരംഭിച്ചതോടെ ബാംഗ്ലൂർ സ്കോർ കുതിച്ചു. അവസാന രണ്ട് ഓവറുകളിൽ ബോൾട്ടും ബുമ്രയും മനോഹരമായി പന്തെറിഞ്ഞതോടെ ബാംഗ്ലൂർ 165 ൽ ഒതുങ്ങുകയായിരുന്നു. ഈ രണ്ട് ഓവറുകളിൽ നിന്നും കേവലം 9 റൺസാണ് ബാംഗ്ലൂരിന് കണ്ടെത്താൻ കഴിഞ്ഞത്. 56 റൺസെടുത്ത മാക്‌സ്‌വെൽ ടീമിന്റെ ടോപ് സ്കോററായപ്പോൾ, മുംബൈക്കായി ബുമ്ര മൂന്ന് വിക്കറ്റുകൾ പിഴുതു.

കരുതലോടെയാണ് ഡികോക്ക് - രോഹിത്ത് സഖ്യം മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ രണ്ട് ഓവറുകളിൽ 10 റൺസ് മാത്രമെടുത്ത സഖ്യം പതിയെ ആക്രമണമൂഡിലേക്ക് നീങ്ങി. പവർ പ്ലേയിൽ 56 റൺസ് കണ്ടെത്തിയ മുംബൈയുടെ ആദ്യവിക്കറ്റ് ഏഴാം ഓവറിലാണ് വീണത്. ചാഹലിന്റെ പന്ത് ബൗണ്ടറി കടത്താനുള്ള ഡികോക്കിന്റെ ശ്രമം മാക്സ്വെല്ലിന്റെ കയ്യിലവസാനിക്കുകയായിരുന്നു. ഏറെ വൈകാതെ രണ്ടാം വിക്കറ്റിലും മാക്സ്വെൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഇത്തവണ രോഹിത്തിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയൻ താരം തന്റെ ഓൾറൗണ്ട് മികവ് തെളിയിച്ചത്. ചാഹലിന്റെ രണ്ടാം ഇരയായി ഇഷാൻ കിഷനും പുറത്തായതോടെ ബാംഗ്ലൂർ കളിയിൽ പിടിമുറുക്കി. ക്രീസിൽ പിന്നീടൊത്തുചേർന്ന കൃണാൽ പാണ്ഡ്യ- സൂര്യകുമാർ യാദവ് സഖ്യം റണ്ണെടുക്കാൻ തപ്പിത്തടഞ്ഞതോടെ ആവശ്യമായ റൺ നിരക്ക് കുത്തനെ കൂടി. താളം കണ്ടെത്താനാവാതെ കുഴങ്ങിയ കൃണാലിനെ മാക്‌സ്‌വെൽ പുറത്താക്കിയതോടെ മുംബൈയുടെ നില കൂടുതൽ വഷളായി. ടീമിന്റെ അവസാനപ്രതീക്ഷയായിരുന്ന പൊള്ളാർഡിനെയും ഹാർദിക് പാണ്ഡ്യയേയും ഹർഷൽ പട്ടേൽ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.തൊട്ടടുത്ത പന്തിൽ രാഹുൽ ചാഹറിനെയും പുറത്താക്കിയ ഹർഷൽ ഹാട്രിക്ക് സ്വന്തമാക്കി, ബാംഗ്ലൂർ വിജയവും.


Latest Related News