Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ താലിബാന്‍ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്? നാലു കാരണങ്ങള്‍

December 11, 2020

December 11, 2020

കാബൂൾ : ദോഹയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രണ്ട് മേഖലകളില്‍ കൂടി ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.. രണ്ട് വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അഫ്ഗാന്‍ സര്‍ക്കാറുമായി താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായത്. ഖത്തറാണ് ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്നത്. 

നാല് പതിറ്റാണ്ടായി തുടരുന്ന അഫ്ഗാനിസ്ഥാനിലെ പോരാട്ടങ്ങള്‍ക്ക് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നത്. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ യു.എസ്സുമായി താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ അവര്‍ തുടരുകയാണ്. ഇതില്‍ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും സാധാരണക്കാരണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇത്തരത്തില്‍ 5939 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രസമൂഹവും അഫ്ഗാനികളും താലിബാനോട് നിരന്തരമായി അഭ്യര്‍ത്ഥിക്കുകയാണ്. പക്ഷേ അവര്‍ അതിന് സന്നദ്ധരാകുന്നില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ താലിബാന്‍ വിമുഖത കാണിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട നാല് കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

നാല് കാരണങ്ങള്‍

ഒന്നാമത്തെ കാരണം: താലിബാന് തങ്ങളുടെ അംഗങ്ങളെ ദിനം പ്രതി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും ഇന്ന് വരെ കണ്ടിട്ടില്ലാത്തതുമായ വലിയ നഗരങ്ങളിലേക്ക് താലിബാന്‍ അംഗങ്ങള്‍ക്ക് പോകേണ്ടതായി വരും. ഈ സാഹചര്യത്തില്‍ അവര്‍ വെടിനിര്‍ത്തലിന് തയ്യാറായാല്‍ അത് അവര്‍ക്ക് ദോഷം ചെയ്യുമെന്ന് അവര്‍ കരുതുന്നു. 

2018 ജൂണില്‍ ഈദിനോട് അനുബന്ധിച്ച് താലിബാന്‍ ആദ്യമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന കാലയളവിനു ശേഷം ആയിരക്കണക്കിന് വരുന്ന താലിബാന്‍ പോരാളികള്‍ യുദ്ധക്കളത്തിലേക്ക് മടങ്ങിയെത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. 

താലിബാനിലുള്ള കൗമാരക്കാരിൽ ഭൂരിഭാഗവും അഫ്ഗാനിലെ വിദൂര ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. അവര്‍ ഇതുവരെ വലിയ നഗരങ്ങളില്‍ പോയിട്ടില്ല. നഗരങ്ങളിലെ ജനങ്ങളെ ഭരണകൂടം ഇസ്‌ലാം മതാചാരങ്ങൾ പിന്തുടരാൻ അനുവദിക്കുന്നില്ലെന്നാണ്  അവരെ താലിബാന്‍ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്. 

നഗരങ്ങളിലേക്ക് മടങ്ങി യഥാര്‍ത്ഥ ഇസ്‌ലാം എന്താണെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ തങ്ങള്‍ക്ക് അവരെ നഷ്ടമാകുമോ എന്ന് താലിബാന്‍ ഭയപ്പെടുന്നു. 

രണ്ടാമത്തെ കാരണം: വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് താലിബാനെ വിഘടിപ്പിക്കുമെന്ന് നേതാക്കൾ കരുതുന്നു. ഖത്തറില്‍ ചര്‍ച്ചയ്‌ക്കെത്തിയ താലിബാന്റെ രാഷ്ട്രീയ നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ അഫ്ഗാനിലെ യുദ്ധഭൂമിയിലുള്ള താലിബാന്റെ യുദ്ധത്തലവന്മാര്‍ ഇതിന് തയ്യാറല്ല. അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കാനായി പോരാട്ടം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. 

ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. ദോഹയില്‍ 2013 മുതലാണ് അവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകരാജ്യങ്ങള്‍ക്കൊപ്പമല്ലാതെ തങ്ങളുടെ ഭരണത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അവര്‍ അന്ന് മുതല്‍ തിരിച്ചറിഞ്ഞു. 

പക്ഷേ താലിബാന്റെ യുദ്ധ നേതാക്കളുടെ ചിന്ത മറിച്ചാണ്. 2020 ഫെബ്രുവരിയില്‍ ഒപ്പു വച്ച യു.എസ്-താലിബാന്‍ സമാധാന ഉടമ്പടി പ്രകാരം അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ യുദ്ധം ജയിക്കാമെന്നും സര്‍ക്കാറിനെ അട്ടിമറിക്കാമെന്നും അഫ്ഗാനിസ്ഥാനിലുള്ള താലിബാന്‍ നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. 

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും തങ്ങളുടെ എല്ലാ കമാന്റര്‍മാര്‍ക്കും അത് നടപ്പാക്കാന്‍ കഴിയുമോ എന്ന സംശയവും താലിബാന് ഉണ്ട്. അമേരിക്കയും അഫ്ഗാന്‍ സര്‍ക്കാറും തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്കിടെ താലിബാനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വെളിപ്പെട്ടത് അടുത്തിടെയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് താലിബാന്റെ ചില ഘടകങ്ങള്‍ 14 അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. 

ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം അല്ല ഇത്. താലിബാന്‍ ആദ്യമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച 2018 ജൂണിലും സമാനമായ സംഭവം ഉണ്ടായി. അന്ന് രാജ്യമൊട്ടാകെ 40 അഫ്ഗാന്‍ സുരക്ഷാ സേനാംഗങ്ങളെയാണ് താലിബാന്‍ വധിച്ചത്. 

അതായത്, താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും അവരിലെ ചില ഘടകങ്ങള്‍ ഇത് അനുസരിക്കില്ല. ഇത് പുറം ലോകം അറിഞ്ഞാല്‍ താലിബാന്റെ ഐക്യത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിലും അഫ്ഗാനികളിലും സംശയങ്ങള്‍ ജനിപ്പിക്കും. ഏതെങ്കിലും സമാധാന കരാറില്‍ ഏര്‍പ്പെട്ടാല്‍ താലിബാനില്‍ നിന്ന് വിമത ശബ്ദം ഉണ്ടാവരുതെന്ന് താലിബാന്‍ ആഗ്രഹിക്കുന്നു. 

കാബൂളില്‍ നടന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ സമാധാന പ്രക്രിയയെ കരിനിഴലിലാക്കിയിരിക്കുകയാണ്. ഐ.എസ് ആക്രമണം തുടരുകയാണെങ്കില്‍ താലിബാനുമായുള്ള സമാധാന കരാര്‍ രാജ്യത്തിന് ഗുണം ചെയ്യില്ല എന്നാണ് അഫ്ഗാനികള്‍ വിശ്വസിക്കുന്നത്. 

എന്നാല്‍ അഫ്ഗാനിലെ ഇസ്‌ലാമിക് സ്റ്റേറ്റിനെ തങ്ങള്‍ ഉന്മൂലനം ചെയ്തുവെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാന്‍ സമാധാന കരാറില്‍ ഏര്‍പ്പെടുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ അഫ്ഗാനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ശക്തിപ്പെടുമോ എന്നാണ് ഉയരുന്ന ആശങ്ക. അഫ്ഗാനിസ്ഥാനില്‍ ശാശ്വത സമാധാനം കൊണ്ടുവരാന്‍ താലിബാന് കഴിയില്ല എന്നാണ് വിലയിരുത്തല്‍. 

മൂന്നാമത്തെ കാരണം: വെടിനിര്‍ത്തലില്‍ ഏര്‍പ്പെടുന്നത് തങ്ങളെ ലക്ഷ്യങ്ങളില്‍ നിന്ന് അകറ്റുമെന്നാണ് താലിബാന്‍ കരുതുന്നത്. അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിവാക്കുക, അഫ്ഗാന്റെ അധികാരം കയ്യടക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് താലിബാന് പ്രധാനമായും ഉള്ളത്. 

14 മാസങ്ങള്‍ക്കുള്ളില്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാമെന്ന യു.എസ്-താലിബാന്‍ സമാധാന കരാര്‍ താലിബാന് സന്തോഷം നല്‍കുന്നതാണ്. യുദ്ധം ജയിച്ചതായി താലിബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ഇക്കാരണങ്ങളാല്‍ തങ്ങള്‍ ലക്ഷ്യത്തിനരികെയാണെന്നും അഫ്ഗാനെ ഒരു ഇസ്‌ലാമിക് എമിറേറ്റ് ആക്കാമെന്നും താലിബാന്‍ കരുതുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തങ്ങളുടെ അക്രമം എന്ന തങ്ങളുടെ വലിയ ആയുധം നഷ്ടമാകുമെന്നാണ് താലിബാന്റെ വാദം. ഇത് തങ്ങളെ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് അകറ്റും. 

നാലാമത്തെ കാരണം: അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ തുറുപ്പു ചീട്ടായി വെടിനിര്‍ത്തലിനെ താലിബാന്‍ ഉപയോഗിക്കും. അക്രമം വിലപേശലുകളില്‍ താലിബാന് മേല്‍ക്കൈ നല്‍കുന്നു. തങ്ങള്‍ ഉന്നയിക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിപ്പിക്കാന്‍ ഇതുവഴി താലിബാന് കഴിയുന്നു. കാബൂളിലെ 7,000 തടവുകാരെ മോചിപ്പിക്കുക, നിലവിലെ സര്‍ക്കാറിനെ ഇല്ലാതാക്കുക, ഇസ്‌ലാമിക രാജ്യം സ്ഥാപിച്ച് മറ്റ് അഫ്ഗാന്‍ നേതാക്കള്‍ക്കൊപ്പം ഭരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് താലിബാന്‍ വിശ്വസിക്കുന്നു. 

അക്രമമാണ് താലിബാന്റെ പക്കലുള്ള ഏക 'ആയുധം'. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് പിന്നെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതിരുന്നാല്‍ തങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം എന്ന് താലിബാന്‍ തെറ്റിദ്ധരിക്കുന്നു. അഫ്ഗാന്റെ ഭരണം താലിബാന് ലഭിച്ചാലും അവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ മനസിനെയും ഹൃദയത്തെയും ഭരിക്കാന്‍ കഴിയില്ല. 

എല്ലാ അഫ്ഗാനികളുടെയും പ്രഥമവും പ്രധാനവുമായ ആവശ്യമാണ് ശാശ്വതമായ വെടിനിര്‍ത്തല്‍. അതിന് താലിബാന്‍ തയ്യാറായില്ലെങ്കില്‍ അഫ്ഗാനികളുടെ വെറുപ്പ് സമ്പാദിക്കാന്‍ മാത്രമേ അത് താലിബാനെ സഹായിക്കൂ.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News