Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അല്‍ ഉലയിലെ കണ്ണാടി ഹാള്‍ പ്രതിഫലിപ്പിക്കുന്നത് എന്തെല്ലാം? ജി.സി.സി ഉച്ചകോടിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

January 06, 2021

January 06, 2021

റിയാദ്: സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയിലാണ് എല്ലാ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും അതിര്‍ത്തികള്‍ തുറക്കാനും ധാരണയായത്. 

സൗദിയിലെ അല്‍ ഉലയില്‍ വച്ചാണ് ഉച്ചകോടി നടന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്ന കരാറിന് ഈ ചരിത്ര നഗരത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത് - അല്‍ ഉല കരാര്‍. എല്ലാ ജി.സി.സി രാജ്യങ്ങളും അല്‍ ഉല കരാറില്‍ ഒപ്പു വച്ചതോടെയാണ് ഗള്‍ഫ് പ്രതിസന്ധി ഔദ്യോഗികമായി പരിഹരിക്കപ്പെട്ടത്. 

ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകവും ചരിത്രപരവുമായ 41-ാമത് ജി.സി.സി ഉച്ചകോടിയെ കുറിച്ചുള്ള പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ അറിയാം. 

1. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമീര്‍ 

ഖത്തറുമായി കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. അത്രയും അടുപ്പമുള്ള അയല്‍രാജ്യമാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കാന്‍ നേതൃത്വം നല്‍കിയത്. ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ ഖത്തറിലെ  പൗരന്മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അമീര്‍ ഉള്‍പ്പെടെ ഖത്തറിലെ നേതാക്കളും സൗദിയിലേക്ക് പോയില്ല. 

ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയുടെ മണ്ണില്‍ കാല് കുത്തിയത്. അതൊരു വെറും വരവായിരുന്നില്ല. രാജകീയം എന്ന് തന്നെ വേണം അമീറിന്റെ സൗദിയിലേക്കുള്ള വരവിനെ വിശേഷിപ്പിക്കാന്‍.

അല്‍ ഉല വിമാനത്താവളത്തില്‍ പറന്നിറങ്ങിയ തന്റെ സ്വകാര്യ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സൗദി കിരീടാവകാശി വിമാനത്തിന്റെ കോണിക്കരികിലേക്ക് ഓടിയെത്തിയാണ് സ്വീകരിച്ചത്. സണ്‍ഗ്ലാസ് വച്ച്, വലതു കൈ ഇടനെഞ്ചില്‍ ചേര്‍ത്തു വച്ചാണ് അമീര്‍ സൗദി മണ്ണിലേക്ക് ഇറങ്ങി വന്നത്. കൊവിഡ് കാലത്തെ ശാരീരിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സൗദി കിരീടാവകാശി അമീറിനെ ആലംഗനം ചെയ്താണ് സ്വീകരിച്ചത്. 

2. അതിര്‍ത്തികള്‍ തുറക്കുന്നു

ജി.സി.സി ഉച്ചകോടിക്ക് ഒരു ദിവസം മുമ്പ് തന്നെ ഖത്തര്‍-സൗദി അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. അനുരഞ്ജനത്തിന്റെ അടിത്തറ ശക്തമാണെന്ന് ആ പ്രഖ്യാപനത്തോടെ വ്യക്തമായി. 

സാധാരണഗതിയില്‍ ഖത്തറിലെ സാല്‍വ ഹൈവേ ശാന്തമാണ്. എന്നാല്‍ കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം എത്തിയതോടെ അബു സാംറ അതിര്‍ത്തിയിലേക്കുള്ള സാല്‍വ റോഡില്‍ ആഘോഷങ്ങള്‍ അലയടിച്ചു. ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി വാഹനങ്ങളുടെ ഹോണ്‍ മുഴക്കി. കാറുകളിലുള്ളവര്‍ വിന്‍ഡോയിലൂടെ കൈകള്‍ വീശി ആഹ്ലാദം പ്രകടിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ജി.സി.സി ഉച്ചകോടിക്ക് ശേഷമാണ് സൗദി വിദേശകാര്യ മന്ത്രി നാല് അറബ് രാജ്യങ്ങളും ഖത്തറുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഖത്തറില്‍ ആഹ്ലാദത്തിന്റെ ആരവങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. 

3. അല്‍ ഉലയിലെ 'കണ്ണാടി ഹാള്‍'

സൗദി അറേബ്യയിലെ ചരത്ര നഗരമാണ് അല്‍ ഉല. അല്‍ ഉലയിലെ കാഴ്ചകള്‍ ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികളെ അഭിമാനപൂര്‍വ്വം കാണിക്കാനുള്ള അവസരം കൂടിയായിരുന്നു സൗദിക്ക് ജി.സി.സി ഉച്ചകോടി. ഇസ്‌ലാമിനും മുമ്പുള്ള കാലത്തിന്റെ അവശിഷ്ടങ്ങള്‍ അല്‍ ഉലയിലെ പര്‍വ്വതങ്ങള്‍ക്കിടയിലുണ്ട്. 

അല്‍ ഉല എന്ന അത്ഭുത നഗരത്തിലെ കണ്ണാടി കൊണ്ടുള്ള ഭീമാകാരമായ ഹാള്‍ ആയിരുന്നു ഉച്ചകോടിയുടെ വേദി. ഹാളിനു പുറത്തുള്ള ഭീമന്‍ കണ്ണാടികള്‍ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്നു. സാംസ്‌കാരിക വേദി എന്നതിനെക്കാള്‍ ജെയിംസ് ബോണ്ട് സിനിമയിലെ വില്ലന്റെ ഗുഹയാണോ ഇത് എന്ന് തോന്നിപ്പോകും!

2019 അവസാനമാണ് സൗദി ഈ നഗരം ടൂറിസത്തിനായി തുറന്നു കൊടുത്തത്. അതുവരെ ഇവിടേക്ക് യാത്രക്കാര്‍ക്ക് പരിധികളില്ലാതെ പ്രവേശിക്കാമായിരുന്നു. ടൂറിസത്തിനായി തുറന്ന് മാസങ്ങള്‍ക്കു ശേഷം കൊറോണ വൈറസ് എത്തിയതോടെ ഇത് അടയ്ക്കുകയായിരുന്നു. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സൗദിയിലെ മാദിയന്‍ സ്വാലിഹിലേക്കുള്ള കവാടമാണ് അല്‍ ഉല. നബറ്റീയക്കാര്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാദിയന്‍ സ്വാലിഹ് നിര്‍മ്മിച്ചത്. ജോര്‍ദാനിലെ പ്രശസ്തമായ പെട്ര സമുച്ചയവും അവര്‍ തന്നെയാണ് നിര്‍മ്മിച്ചത്. 

ഉച്ചകോടിക്കുള്ള വേദി സൗദി തെരഞ്ഞെടുത്തതും ഏറെ ശ്രദ്ധിച്ചാണ്. എണ്ണ സമ്പത്തിനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ടൂറിസം രംഗത്തെ വികസിപ്പിച്ചുകൊണ്ട് സൗദിയുടെ സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന 'കണ്ണാടി'യായിരുന്നു അല്‍ ഉല. 

4. പ്രതികരണങ്ങള്‍

ഗള്‍ഫ് അനുരഞ്ജനത്തോട് വിമുഖത കാണിക്കുന്ന രാജ്യമാണ് യു.എ.ഇ. എന്നാല്‍ അല്‍ ഉല കരാറില്‍ ഒപ്പു വച്ച ശേഷം യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചത് കാവ്യാത്മകമായാണ്. 

'അല്‍ ഉലയിലെ ഹാള്‍ ഓഫ് മിറഴേ്‌സി'ല്‍ നിന്ന് ഒരു പുതിയ, തിളക്കമുള്ള അധ്യായം ആരംഭിക്കുന്നു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

മറ്റൊരു പ്രധാന കാര്യം എന്തെന്നാല്‍, ദോഹ ആസ്ഥാനമായുള്ള ഖത്തറിന്റെ ആഗോള ചാനലായ അല്‍ ജസീറയില്‍ സൗദിയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ ഒരിടവേളയ്ക്ക് ശേഷം പ്രത്യക്ഷപ്പെട്ടു. അത് പോലെ സൗദിയിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ് തങ്ങളുടെ യൂറ്റിയൂബ് ചാനലില്‍ നിന്ന് 'ടീച്ച് ഖത്തര്‍' എ്‌ന ഗാനം നീക്കം ചെയ്തു. 

5. വാരാന്ത്യ ആഘോഷങ്ങള്‍ എത്ര അകലെ?

ഖത്തറും നാല് അറബ് രാജ്യങ്ങളും തമ്മിലുള്ള യാത്ര ഇപ്പോള്‍ കടലാസില്‍ മാത്രമാണ് സാധ്യമായിരിക്കുന്നത്. അതേസമയം കൊറോണ വൈറസ് മഹാമാരി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും യാത്രയും ആദ്യഘട്ടത്തില്‍ സങ്കീര്‍ണ്ണമാക്കും. 

ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും നിലവില്‍ മുന്‍കൂട്ടി അനുമതി നേടേണ്ടതുണ്ട്. ഈ പ്രക്രിയ ചിലപ്പോഴെങ്കിലും മാസങ്ങളോളം നീളുന്നു. കൂടാതെ രാജ്യത്തേക്ക് പുതുതായി എത്തുന്നവര്‍ക്ക് കര്‍ശനമായ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പ്രവേശനത്തിന് സൗദിയും സ്വന്തമായി നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. 

അതിര്‍ത്തികള്‍ തുറക്കുന്നതോടെ ടൂറിസം രംഗം ഉണരുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും സൗദിയില്‍ നിന്നും തിരിച്ചും നിരവധി പേരാണ് മുമ്പ് യാത്ര ചെയ്തിരുന്നത്. ഈ യാത്രകളും ആഘോഷങ്ങളും വീണ്ടും ആരംഭിച്ചാല്‍ കൊവിഡ് മൂലമുണ്ടായ മാന്ദ്യത്തെ മറികടക്കാന്‍ കഴിയുമെന്ന് ഖത്തറിലെ ഹോട്ടലുകള്‍ പ്രതീക്ഷിക്കുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News