Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ 

January 23, 2021

January 23, 2021

ദോഹ: സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കാന്‍ ആരംഭിച്ചത് 2017 ജൂണ്‍ മുതലാണ്. ഗള്‍ഫ് പ്രതിസന്ധിക്ക് വഴിയൊരുക്കിയ ഈ ഉപരോധം ഈ വര്‍ഷം ജനുവരി അഞ്ചിന് സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയോടെയാണ് അവസാനിച്ചത്. ഉപരോധിച്ച രാജ്യങ്ങളെല്ലാം ഖത്തറിനു മുന്നില്‍ തങ്ങളുടെ കര-ജല-വ്യോമാതിര്‍ത്തികള്‍ തുറന്നു. കാര്യങ്ങളെല്ലാം ഏറെക്കൂറെ പഴയപടിയായി. 

എന്നാല്‍ ഈ അനുരഞ്ജനം കാരണം തുര്‍ക്കി ഒറ്റപ്പെടുമോ എന്ന ആശങ്കയാണ് പലരും പ്രകടിപ്പിച്ചത്. പക്ഷേ നേരെ വിപരീതമായിരുന്നു അനുരഞ്ജനത്തോടുള്ള തുര്‍ക്കിയുടെ പ്രതികരണം. ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ചതിനെ അഭിനന്ദിക്കുകയാണ് തുര്‍ക്കി ചെയ്തത്. പ്രാദേശികമായി ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്ന് ഖത്തര്‍ മുക്തമായ സാഹചര്യത്തിലും പൊതുവായ നിരവധി താല്‍പ്പര്യങ്ങളുള്ള ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് തന്നെയാണ് പ്രസിഡന്റ് എര്‍ദോഗാന്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. 


ഖത്തർ അമീർ, എർദോഗൻ

കൂടാതെ ഖത്തറും അറബ് രാജ്യങ്ങളും തമ്മില്‍ ഒന്നിച്ചത് തെരഞ്ഞെടുത്ത അറബ് രാജ്യങ്ങളുമായുള്ള സമ്പൂര്‍ണ്ണമായ ബന്ധം മെച്ചപ്പെടുത്താന്‍ തുര്‍ക്കിക്ക് ലഭിക്കുന്ന അവസരം കൂടിയാണ്. പക്ഷേ മുസ്‌ലിം ബ്രദര്‍ഹുഡിന് തുര്‍ക്കി നല്‍കുന്ന നിരന്തരമായ പിന്തുണയും ലിബിയയിലെ ജി.എന്‍.എയുമായുള്ള സഖ്യവും ഇത്തരം ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള തടസങ്ങളാണ്. 

ഖത്തറുമായുള്ള വിലമതിക്കാനാകാത്ത ബന്ധത്തെ ഖത്തര്‍ അപകടപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് ദോഹയും അങ്കാറയും തമ്മിലുള്ള സഖ്യത്തിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ കരുത്ത് തെളിയിക്കുന്ന സംഭവങ്ങള്‍ 2017 ല്‍ അപ്രതീക്ഷിതമായി എത്തിയ ഉപരോധത്തിന്റെ സമയത്ത് ലോകം കണ്ടതാണ്. ഉപരോധം നിലവില്‍ വന്നതോടെ തുര്‍ക്കി മിന്നല്‍വേഗത്തിലാണ് ഖത്തറിന് ആവശ്യമായ സാധനസാമഗ്രികള്‍ സമാഹരിച്ചത്. അവശ്യഘട്ടങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയ്ക്ക് തുര്‍ക്കിയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. 

ഇത് കൂടാതെ ഖത്തറിലെ സൈനിക താവളത്തിലേക്ക് തുര്‍ക്കി അതിവേഗം സൈനികരെ വിന്യസിച്ചു. ഉപരോധത്തിനിടെ 4,000 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് തുര്‍ക്കി സര്‍ക്കാര്‍ ഖത്തറിലേക്ക് അയച്ചത്. അതുപോലെ തുര്‍ക്കിയില്‍ 2016 ല്‍ നടന്ന സൈനിക അട്ടിമറി അടിച്ചമര്‍ത്തിയ എര്‍ദോഗനെ വിളിച്ച് ആദ്യമായി ഐക്യദാര്‍ഢ്യം അറിയിച്ചത് ഖത്തര്‍ അമീറാണ്. അതിനാല്‍ തന്നെ ശൈഖ് തമീമും എര്‍ദോഗാനും തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഒട്ടും കുറവു വന്നിട്ടില്ല. ഖത്തര്‍ അമീറിന് ലഭിക്കുന്നത് പോലെയുള്ള ഊഷ്മളമായ സ്വീകരണം മറ്റൊരു ലോകനേതാവിനും അങ്കാറയില്‍ ലഭിക്കുന്നില്ല. ഇരുകൂട്ടര്‍ക്കുമുള്ള പൊതുവായ പ്രാദേശിക താല്‍പ്പര്യങ്ങളും ഇവരെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. 

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ചു വരുന്ന സാമ്പത്തിക, വാണിജ്യ ബന്ധത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. ഇത് തുടര്‍ന്നും വികസിച്ച് കൊണ്ടിരിക്കും. താഴെ നല്‍കിയ ചാര്‍ട്ടില്‍ കാണുന്നത് പോലെ തുര്‍ക്കിയിലെ ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) 2017 മുതല്‍ വര്‍ധിച്ച് വരികയാണ്. 


അവലംബം: സെൻട്രൽ ബാങ്ക് ഓഫ് തുർക്കി

തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനാണ് അടുത്തകാലത്തായി ഖത്തര്‍ തുര്‍ക്കിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഇതും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര പിന്തുണയുടെ മറ്റൊരു പ്രതീകമാണ്. തുര്‍ക്കിയുടെ ഏക എക്‌സ്‌ചേഞ്ച് സ്ഥാപനമായ ബോര്‍സ ഇസ്താംബൂളില്‍ പത്ത് ശതമാനം ഓഹരി സ്വന്തമാക്കാനുള്ള ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയുടെ അടുത്തിടെയുള്ള തീരുമാനം ഇതില്‍ പ്രധാനപ്പെട്ടതാണ്. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തുര്‍ക്കിയും ഖത്തറും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം. സൈപ്രസിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തെ ബ്ലോക്ക് 10 ല്‍ ഖത്തര്‍ പെട്രോളിയത്തിന്റെ എന്‍.ഒ.സി, എക്‌സോണ്‍മൊബില്‍, ഗ്രീക്ക് സൈപ്രിയറ്റ് എന്നിവരുടെ സംയുക്ത സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്. തുര്‍ക്കിയുടെ അധീനതയില്‍ ഉള്ളതല്ല ഈ പ്രദേശം. എന്നാല്‍ സൈപ്രസുമായിചേര്‍ന്ന് ഇവിടെ വാതകഖനനം നടത്തുന്നതിനെ തുര്‍ക്കി എതിര്‍ക്കുന്നു. തീരത്തെ ഹൈഡ്രോകാര്‍ബണ്‍ വരുമാനം തുല്യമായി വീതിക്കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം. ഇതുപോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും ഗൗരവതരമല്ല. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തുര്‍ക്കിയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന ദോഹയുടെ വാഗ്ദാനം അങ്കാറ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിനും ജി.എന്‍.എയ്ക്കുമുള്ള എര്‍ദോഗന്റെ പിന്തുണ പിരിമുറുക്കങ്ങള്‍ പൂര്‍ണ്ണമായി ലഘൂകരിക്കുന്നത് അസാധ്യമാക്കും. എന്നാലും നിലവിലെ അവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നത് തുര്‍ക്കിക്ക് നേട്ടമാണ്. 


സൽമാൻ രാജാവ്, എർദോഗൻ

ഖത്തര്‍ വിഷയം, മുസ്‌ലിം ബ്രദര്‍ഹുഡ്, സിറിയയിലെയും ലിബിയയിലെയും സംഘര്‍ഷങ്ങള്‍, മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ ഇസ്താംബൂളില്‍ വച്ച് കൊലപ്പെടുത്തിയ സംഭവം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കി സൗദി അറേബ്യയോട് ഇടഞ്ഞുനില്‍ക്കുകയാണ്. എന്നിരുന്നാലും സൗദി സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹം എര്‍ദോഗന്‍ സൂചിപ്പിച്ചിട്ടുണ്ട്. 2020 നവംബറില്‍ സൗദി രാജാവ് സല്‍മാനുമായി എര്‍ദോഗന്‍ സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായുള്ള ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്ന് വയ്ക്കാന്‍ ഇരുവരും സമ്മതിച്ചതായി അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മറ്റ് അറബ് രാജ്യങ്ങളുമായും സൗഹൃദത്തില്‍ പോകാനാണ് തുര്‍ക്കി ആഗ്രഹിക്കുന്നത്. 

എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ മുസ്‌ലിം ബ്രദര്‍ഹുഡ് ബന്ധം ഇതിന് വിലങ്ങുതടിയായേക്കാം. മുസ്‌ലിം ബ്രദര്‍ഹുഡിനെ കൈവിടാന്‍ എര്‍ദോഗന് ഉദ്ദേശമില്ല. പല അറബ് രാജ്യങ്ങളും ബ്രദര്‍ഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പിന്തുണ ഉപേക്ഷിക്കണമെന്ന ഏതെങ്കിലും അറബ് രാജ്യങ്ങളുടെ ആവശ്യത്തിന് എര്‍ദോഗന്‍ ചെവി കൊടുക്കില്ല. 

ലിബിയയിലെ തുര്‍ക്കിയുടെ സൈനിക ഇടപെടലിനെതിരെയും അറബ് രാജ്യങ്ങള്‍ നിലപാടെടുത്തേക്കും. ഈജിപ്തും യു.എ.ഇയും ലിബിയന്‍ വിഷയത്തില്‍ എര്‍ദോഗന്റെ നിലപാടിന് എതിരാണ്. എര്‍ദോഗനാകട്ടെ ലിബിയയിലെ ജി.എന്‍.എയ്ക്കുള്ള പിന്തുണ ഉപേക്ഷിക്കാനും സാധ്യതയില്ല. ജി.എന്‍.എയുടെ മുഖ്യ എതിരാളികളായ ലിബിയന്‍ നാഷണല്‍ ആര്‍മ്മിയ്ക്ക് (എല്‍.എന്‍എ) ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവരുടെ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണ്. 

ഈ തടസങ്ങളെല്ലാം മറികടന്നാല്‍ മാത്രമേ തുര്‍ക്കിക്ക് അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിച്ചതുകൊണ്ട് തുര്‍ക്കിക്ക് നേട്ടം മാത്രമാണ് ഉള്ളത്. ഖത്തറും അറബ് രാജ്യങ്ങളും തമ്മിലുള്ള അല്‍ ഉല കരാര്‍ ഇതിലുള്ള തടസങ്ങളെ നീക്കാന്‍ പ്രാപ്തമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ എര്‍ദോഗന് തന്റെ ഉറ്റ സുഹൃത്തായ ഖത്തറുമായുള്ള ബന്ധം സുഖകരമായി തുടരാം. മറ്റ് അറബ് രാജ്യങ്ങളുമായി അടുക്കാനുള്ള ഉചിതമായ അവസരത്തിനായി അദ്ദേഹം കണ്ണിമ ചിമ്മാതെ നോക്കിയിരിക്കണം. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News