Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യു.എ.ഇയ്ക്കും സൗദി അറേബ്യക്കുമുള്ള ആയുധവില്‍പ്പന ബെയ്ഡന്‍ ഭരണകൂടം നിര്‍ത്തിവച്ചു

January 28, 2021

January 28, 2021

വാഷിങ്ടണ്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും (യു.എ.ഇ) സൗദി അറേബ്യക്കുമുള്ള ആയുധവില്‍പ്പന യു.എസിലെ ബെയ്ഡന്‍ ഭരണകൂടം താല്‍ക്കാലികമായി മരവിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയ്ക്കുള്ള പ്രിസിഷന്‍ ഗൈഡഡ് മ്യൂണിഷന്‍ എന്ന സ്മാര്‍ട്ട് വെപ്പണിന്റെയും യു.എ.ഇയ്ക്കുള്ള എഫ്-35 യുദ്ധവിമാനങ്ങളുടെയും ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് ഡോളറിന്റെ ആയുധ വില്‍പ്പനയാണ് യു.എസ് നിര്‍ത്തി വച്ചത്. 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയ യു.എ.ഇയ്ക്കും സൗദിയ്ക്കുമുള്ള ആണവായുധ വില്‍പ്പന അമേരിക്ക പുനഃപരിശോധിക്കുകയാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തന്ത്രപരമായ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതും വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും അതിനുവേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 


ജോ ബെയ്ഡൻ, കമല ഹാരിസ് (പിന്നിൽ)

റിയാദും വാഷിങ്ടണുമായുള്ള ബന്ധം വീണ്ടും വിലയിരുത്തുമെന്ന് ജോ ബെയ്ഡന്‍ മുമ്പ് പറഞ്ഞിരുന്നു. യു.എസ് പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആയുധവില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ബെയ്ഡന്‍ ഭരണകൂടം തീരുമാനിച്ചത്. അധികാരമേറ്റ ഉടന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന നയങ്ങള്‍ പുനഃപരിശോധിക്കാനോ പിന്‍വലിക്കാനോ ഉള്ള എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍ ബെയ്ഡന്‍ ഒപ്പുവച്ചിരുന്നു. 

സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത് 2019 മെയ് മാസത്തിലാണ്. യു.എസ് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് മറികടന്നാണ് ട്രംപ് തീരുമാനവുമായി മുന്നോട്ട് പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് സൗദി അറേബ്യയ്ക്ക് 29 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കിയത്. 


ഡൊണാൾഡ് ട്രംപ്

എഫ്-35 യുദ്ധവിമാനങ്ങളും സായുധ ഡ്രോണുകളും ഉള്‍പ്പെടെയുള്ള 2300 കോടി ഡോളറിന്റെ നൂതന ആയുധങ്ങള്‍ യു.എ.ഇയ്ക്ക് വില്‍ക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം നവംബറില്‍ യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ എമിറേറ്റ്‌സ് സര്‍ക്കാര്‍ സമ്മതം മൂളിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. 

ലിബിയയിലെയും യെമനിലെയും പ്രാദേശിക സംഘര്‍ഷത്തിന് ഇന്ധനം പകരുന്നതെന്ന് പറഞ്ഞുകൊണ്ട് അന്ന് മനുഷ്യാവകാശ സംഘടനകള്‍ ഈ ആയുധവില്‍പ്പനയെ ശക്തമായി അപലപിച്ചിരുന്നു. ആയുധവില്‍പ്പനയുടെ കരാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെനറ്റ് അംഗങ്ങള്‍ സംയുക്തമായി പ്രമേയങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ ഭൂരിപക്ഷം വോട്ടുകള്‍ ലഭിക്കാതെ സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു. വില്‍പ്പന നിര്‍ത്തലാക്കാനുള്ള ഏതൊരു ശ്രമത്തെയും വീറ്റോ ചെയ്യുമെന്ന് ട്രംപ് അന്ന് ഭീഷണി മുഴക്കിയിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News