Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
ആണവ കരാറിലേക്ക് വീണ്ടുമെത്താന്‍ ബെയ്ഡന് മുന്നില്‍ അധികം സമയമില്ലെന്ന് ഇറാന്‍

January 26, 2021

January 26, 2021

തെഹ്‌റാന്‍: ഇറാനും ലോകശക്തികളും ചേര്‍ന്ന് 2015 ല്‍ ഒപ്പുവച്ച ആണവ കരാറിലേക്ക് വീണ്ടുമെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബെയ്ഡന് മുന്നില്‍ അനിശ്ചിതമായ കാലയളവ് ഉണ്ടാകില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ മന്ത്രിസഭയുടെ വക്താവ് അലി റബീയിയാണ് ബെയ്ഡന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദം എന്ന നയത്തിന്റെ ഭാഗമായി 2018 ല്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം എത്രയും പെട്ടെന്ന് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാറിലേക്ക് പെട്ടെന്ന് മടങ്ങിയെത്താന്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഇറാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അലി റബീയിയുടെ പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

കാലാവസ്ഥാ വ്യതിയാനം, മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക്, കുടിയേറ്റം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച നിലപാട് തിരുത്തിക്കൊണ്ടുള്ള എക്‌സിക്യുട്ടീവ് നടപടികള്‍ യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ ബെയ്ഡന്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ആണവ കരാറിലേക്ക് മടങ്ങിയെത്തും എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്ന ബെയ്ഡന്‍ അധികാരമേറ്റ് ഇതുവരെ ഇക്കാര്യം സംബന്ധിച്ച് യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് റബീയി ആരോപിച്ചു. 

'അമേരിക്കയ്ക്ക് ലോകത്തെ മുഴുവന്‍ സമയവും കയ്യിലുണ്ടാകില്ല. അവരുടെ നിലപാട് പ്രഖ്യാപിക്കുന്നതിനും ഉപരോധം നീക്കുന്നതിനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍.' -റബീയി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം നടത്തുന്ന പരിശോധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ആണവകരാറില്‍ നിന്ന് ഇറാന്‍ ഒരുപടി കൂടി അകലുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ അവസാന കാലയളവില്‍ തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുക്കുകയും ആയുധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള യുറേനിയം സമ്പുഷ്ടീകരണം തുടങ്ങുകയും ചെയ്തു. അതേസമയം യു.എസ് ബി-52 ബോംബര്‍ വിമാനങ്ങളും യു.എസ്.എസ് നിമിറ്റ്‌സ് വിമാനവാഹിനി കപ്പലും ഒരു ആണവ അന്തര്‍വാഹിനിയും മേഖലയിലേക്ക് അയക്കുകയാണ് അമേരിക്ക ചെയ്തത്. 

നാവിക അഭ്യാസത്തിന്റെ ഭാഗമായി ഈ മാസം ഒമാന്‍ ഉള്‍ക്കടലില്‍ ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സൈനിക അഭ്യാസങ്ങള്‍ ഇറാന്‍ വര്‍ധിപ്പിച്ചു. 

ഇറാന് 2000 കിലോമീറ്ററോളം മിസൈല്‍ ശേഷിയുണ്ട്. ഇസ്രയേലിലേക്കും യു.എസ് സൈനിക താവളങ്ങളിലേക്കും മിസൈല്‍ അയക്കാന്‍ ഇതുവഴി ഇറാന് കഴിയും. കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദില്‍ വച്ച് ഇറാന്‍ സൈന്യത്തിലെ ഉന്നതനായിരുന്ന ജനറല്‍ ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിന് മറുപടിയായി ഇറാന്‍ ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങള്‍ക്കു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇതില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News