Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തര്‍ ഉപരോധം അവസാനിച്ചതോടെ തുടങ്ങുന്നത് ഈജിപ്തുമായുള്ള ഫുട്‌ബോള്‍ നയതന്ത്രബന്ധം

February 03, 2021

February 03, 2021

ദോഹ: ഖത്തറിനെതിരായ ഉപരോധം ഈജിപ്ത് അവസാനിപ്പിച്ചതോടെ തുടക്കമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോള്‍ നയതന്ത്രം. ഇതിന്റെ സൂചന ഫെബ്രുവരി നാലിനും 11 നും ഇടയില്‍ ഖത്തറില്‍ നടക്കുന്ന 18-ാമത് ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തന്നെ ദൃശ്യമാകും. ടൂര്‍ണ്ണമെന്റില്‍ ഒരു ഈജിപ്ഷ്യന്‍ ടീം കളിക്കും. 

ഈജിപ്തിനെയും ഖത്തറിനെയും ഫുട്‌ബോള്‍ കൂടുതല്‍ അടുപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആറ് കോണ്ടിനെന്റല്‍ കോണ്‍ഫെഡറേഷനുകളിലെ വിജയികളെയും ആതിഥേയ രാജ്യത്തിന്റെ ലീഗ് ചാമ്പ്യന്മാരെയുമാണ് ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. 

ഖത്തറില്‍ നിന്ന് അല്‍ ദുഹൈല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ലോകപ്പില്‍ പങ്കെടുക്കുന്നത്. അല്‍ ദുഹൈല്‍ ടീമും ഈജിപ്തിന്റെ ചാമ്പ്യന്മാരായ അല്‍ അഹ്‌ലി ക്ലബ്ബും തമ്മില്‍ വ്യാഴാഴ്ച ഏറ്റുമുട്ടും. 2022 ഖത്തര്‍ ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഓട്ടപ്പാച്ചിലിനിടെയാണ് ഖത്തര്‍ ക്ലബ്ബ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. 

ഖത്തറിനെതിരായ ഉപരോധം

ഈജിപ്ത് ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ 2017 ജൂണ്‍ മുതലാണ് ഖത്തറിനെ ഉപരോധിച്ചു തുടങ്ങിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഈജിപ്തിനു പുറമെ ഖത്തറിനെതിരെ മൂന്നു വര്‍ഷത്തിലേറെ ഉപരോധം ഏര്‍പ്പെടുത്തിയത്. 

വിവിധ ആരോപണങ്ങള്‍ ഖത്തറിനെതിരെ ഉന്നയിച്ചുകൊണ്ടായിരുന്നു അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണങ്ങള്‍ തള്ളുകയായിരുന്നു. ഉപരോധം പിന്‍വലിക്കാനായി അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 ഉപാധികളും ഖത്തര്‍ തള്ളിയിരുന്നു. 

ഈ വര്‍ഷം ജനുവരി അഞ്ചിന് സൗദയിലെ ചരിത്ര നഗരമായ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള അല്‍ ഉല കരാറില്‍ അറബ് രാജ്യങ്ങള്‍ ഒപ്പു വച്ചത്. 

ഖത്തറുമായുള്ള അതിര്‍ത്തികള്‍ അറബ് രാജ്യങ്ങള്‍ തുറക്കുകയും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ജനുവരി 21 ന് രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രബന്ധം പുനസ്ഥാപിച്ചു. 

തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തറും ഈജിപ്തും നിരവധി നടപടികള്‍ സ്വീകരിച്ചു. ഇതിന് ശേഷമാണ് ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈജിപ്ഷ്യന്‍ ടീം പങ്കെടുക്കുന്നത്. 

ഉഭയകക്ഷി ബന്ധം സാധാരണനിലയിലാക്കാന്‍ കെയ്‌റോയും ദോഹയും സ്വീകരിച്ച നടപടികള്‍ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ വലിയ ചിത്രത്തിലെ ചെറിയൊരു അംശമാണ്. 

ഈജിപ്തും ഫുട്ബോളിന്റെ രാഷ്ട്രീയവും

ഈജിപ്തിലും മേഖലയിലും ഫുട്‌ബോള്‍ എല്ലായ്‌പ്പോഴും ഒരു രാഷ്ട്രീയ ഉപകരണം കൂടിയാണ്. ചിലപ്പോള്‍ അത് ആളുകളെ ഒന്നിപ്പിക്കും; മറ്റ് ചിലപ്പോള്‍ ആളുകളെ ഭിന്നിപ്പിക്കും. 

2009 ല്‍ സുഡാനിലെ ഒംദുര്‍മാനില്‍ ദേശീയ ടീമുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു രാജ്യങ്ങളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഈജിപ്തും അള്‍ജീരിയയും തമ്മിലുള്ള ബന്ധം മാസങ്ങളോളം വഷളായിരുന്നു. 

അതുപോലെ 2012 ഫെബ്രുവരിയില്‍ സൂയസ് കനാല്‍ നഗരമായ പോര്‍ട്ട് സെയ്ഡില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഫുട്‌ബോള്‍ ആരാധകരും അന്നത്തെ ഭരണാധികാരികളായ ഈജിപ്ഷ്യന്‍ ആര്‍മ്മി കൗണ്‍സിലും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

2011 ല്‍ പ്രപസിഡന്റ് ഹൊസ്‌നി മുബാറക്കിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഫുട്‌ബോള്‍ ആരാധകരായിരുന്നു. അള്‍ട്രാസ് എന്നാണ് ഈ ഫുട്‌ബോള്‍ ആരാധകര്‍ അറിയപ്പെട്ടത്. 

മുബാറക്കും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളുമാണ് ഈജിപ്ഷ്യന്‍ ദേശീയ ടീമീനെവര്‍ഷങ്ങളോളം സ്‌പോണ്‍സര്‍ ചെയ്തത്. ഈജിപ്ഷ്യന്മാര്‍ക്ക്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് മേല്‍ ഫുട്‌ബോളിനുള്ള സ്വാധീനത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ പ്രസിഡന്റില്‍ നിന്ന് അകലുകയായിരുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ഈജിപ്തിന്റെ പ്രസിഡന്റായത് 2013 ലായിരുന്നു. സ്‌പോര്‍ട്‌സില്‍ സിസിയും ഹോസ്‌നി മുബാറക്കിനെ അനുകരിക്കുകയായിരുന്നു ചെയ്തത്. 

സ്‌പോര്‍ട്‌സ് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനു പുറമെ പ്രധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമായ വേദിയായി തന്റെ രാജ്യത്തെ സിസി പ്രോത്സാഹിപ്പിക്കുന്നു. 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സിന് 2019 ല്‍ ആതിഥേയത്വം വഹിച്ചത് ഈജിപ്താണ്. കൊവിഡ്-19 മഹാമാരിക്കിടയിലും കഴിഞ്ഞ മാസം ഈജിപ്ത് പുരുഷന്മാരുടെ ലോക ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചു. 

രാജ്യത്തെ സ്റ്റേഡിയങ്ങളുടെയും കായികരംഗത്തെ മറ്റ് സൗകര്യങ്ങളുടെയും നവീകരണത്തിനായി സിസി ഭരണകൂടം കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചത്. ഇതിനായി ചെലവഴിക്കുന്ന പണം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനോ സാമൂഹ്യ സുരക്ഷയ്‌ക്കോ വേണ്ടി ഉപയോഗിക്കണമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇത്. 

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈജിപ്തും ഖത്തറും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലായിരുന്നു. 2020 ഫെബ്രുവരി ആദ്യം നടന്ന ആഫ്രിക്കന്‍ സൂപ്പര്‍ കപ്പില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് വിജയികളായ എസ്‌പെറന്‍സ് ഓഫ് തുണീസ്യയുമായുള്ള മത്സരത്തിനായി ഖത്തറിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് ഈജിപ്ഷ്യന്‍ ക്ലബ്ബ് സമാലെക് പറഞ്ഞിരുന്നു. 

ഖത്തറും ഈജിപ്തും ഫുട്ബോളും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഖത്തറില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈജിപ്തുകാരെയും ഖത്തരികളെയും ഒന്നിപ്പിക്കുമെന്ന പ്രതീക്ഷ കെയ്‌റോയില്‍ നിലനില്‍ക്കുന്നുണ്ട്. 

ഈജിപ്തിലെയും ഖത്തറിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബാധിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത. ഫുട്‌ബോള്‍ ഏതൊരു രാജ്യത്തിന്റെയും സോഫ്റ്റ് പവറിന്റെ ഭാഗമാവുകയാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അതിന് കഴിയുമെന്നുമാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 

ന്യൂസിലന്റിലെ ഓക്ക്‌ലാന്റ് സിറ്റി ഉള്‍പ്പെടെ ഏഴ് ടീമുകളാണ് ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ ന്യൂസിലാന്റിലെ ക്വാറന്റൈന്‍ നടപടികള്‍ കാരണ് ടീമിന് ഖത്തറിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ടീമുകളുടെ എണ്ണം ആറായി കുറഞ്ഞു. ഫെബ്രുവരി ഒന്നിന് ഷെഡ്യൂള്‍ ചെയ്തിരുന്ന ആദ്യ റൗണ്ട് മത്സരം റദ്ദാക്കിയതോടെ ഫെബ്രുവരി നാലിന് അല്‍ അഹ്‌ലിക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിലേക്ക് ഖത്തറിന്റെ അല്‍ ദുഹൈല്‍ ടീം സ്വാഭാവികമായി എത്തുകയായിരുന്നു. 

അല്‍ ദുഹൈല്‍ ടീം തങ്ങളുടെ ഈജിപ്ഷ്യന്‍ അതിഥികളെ ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്. തന്റെ ടീമോ അല്ലെങ്കില്‍ ഈജിപ്തിന്റെ അല്‍ അഹ്‌ലി ടീമോ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിലെത്തുമെന്ന പ്രത്യാശ അല്‍ ദുഹൈല്‍ സ്‌ട്രൈക്കര്‍ അലി അഫീഫ് പ്രകടിപ്പിച്ചു. 

ഈജിപ്ഷ്യന്‍ ടീമിനെ നേരിടാനുള്ള സജീവമായ തയ്യാറെടുപ്പിലാണ് അല്‍ ദുഹൈല്‍ ടീം. ഖത്തരി ഫുട്‌ബോളിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നതിലാണ് അല്‍ ദുഹൈല്‍ ടീം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ടീം മാനേജര്‍ ഇസ്മയില്‍ അഹമ്മദ് പറഞ്ഞു. അല്‍ അഹ്‌ലി ടീമും ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. 
 
ഇതാദ്യമായാണ് അല്‍ ദുഹൈല്‍ ടീം ലോകകപ്പ് കളിക്കുന്നത്. റെഡ് ഡെവിള്‍സ് എന്ന് അറിയപ്പെടുന്ന അല്‍ അഹ്‌ലിയാകട്ടെ ആറാം തവണയാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി നാലിന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം സെമി ഫൈനലിന് യോഗ്യത നേടും. 

പ്രതീക്ഷകൾ, പ്രതിഷേധങ്ങൾ

ഖത്തറുമായുള്ള ബന്ധം ഉടന്‍ തന്നെ ഊഷ്മളമാകുമെന്നാണ് ഈജിപ്ത് പ്രതീക്ഷിക്കുന്നത്. തന്റെ രാജ്യവും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരി 27 ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമെഹ് ഷൗക്രി പറഞ്ഞിരുന്നു. 

അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തരി മാധ്യമങ്ങള്‍ ഈജിപ്ത് സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ നയം തുടരുന്നതിനെതിരെ ഈജിപ്ത് പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ ആഞ്ഞടിച്ചിരുന്നു. എന്നിരുന്നാലും അല്‍ ഉല കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ അതിലെ നിബന്ധനകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഈജിപ്ത് പാര്‍ലമെന്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഈജിപ്ത് എല്ലാ രാജ്യങ്ങളോടും ആദരവ് പുലര്‍ത്തുന്നുവെന്നാണ് വിദേശകാര്യ ഹൗസ് കമ്മിറ്റി തലവന്‍ കരീം ഡാര്‍വിഷ് പറഞ്ഞത്. പ്രത്യേകിച്ച് സഹ അറബ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഈജിപ്തിനും ഖത്തറിനും ഇടയിലുള്ള മഞ്ഞുരുക്കാന്‍ ഒരു ഫുട്‌ബോള്‍ മത്സരം മതിയാകില്ലെന്നാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ പറയുന്നത്. ഈജിപ്തിനെ കുറിച്ചുള്ള ഖത്തരി മാധ്യമങ്ങളുടെ നിലപാട് ഒരു പ്രധാന വിഷയമാണ് എന്നാണ് അവര്‍ പറയുന്നത്. എങ്കിലും അല്‍ ഉല കരാറിലെ ധാരണകള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു. 

ഈജിപ്തും ഖത്തറും തമ്മിലുള്ള ഫുട്‌ബോള്‍ നയതന്ത്രം എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും ക്ലബ്ബുകള്‍ തമ്മിലുള്ള കാല്‍പ്പന്ത് പോരാട്ടത്തിനായി ഒരു ദിവസം മാത്രം കാത്തിരിക്കാം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News