Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലേത് അവസാന ലോകകപ്പാകുമോ? നെയ്മറിന്റെ ഒറ്റവാക്കിൽ തൂങ്ങി മാധ്യമങ്ങൾ

October 11, 2021

October 11, 2021

ഊഹാപോഹങ്ങളേയും അർദ്ധസത്യങ്ങളേയും ആധികാരികതയുടെ മേലങ്കി അണിയിച്ച് അവതരിപ്പിക്കാൻ മിടുക്കരാണ് മലയാളമാധ്യമങ്ങൾ. കാല്പന്തിന്റെ ലോകത്ത് നിന്നുള്ള അത്തരമൊരു വാർത്തയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചാവിഷയം. കാനറികളുടെ 'സുൽത്താൻ' നെയ്മർ ജൂനിയർ ഈ വരുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാന കപ്പാവുമെന്ന് ശപഥമെടുത്തു എന്ന തരത്തിലാണ് വാർത്തകൾ വന്നുനിറയുന്നത്. ഒരു ഡോക്യൂമെന്ററിയിൽ നെയ്മർ പറഞ്ഞ ഒരു വാക്യത്തിലൂന്നിയാണ് ഈ വാർത്ത ചൂടോടെ പറക്കുന്നത്. 

കൃത്യമായ ഇടവേളകൾ വിരുന്നെത്തുന്ന പരിക്കുകൾ നെയ്മറിന്റെ കരിയറിലെന്നും വില്ലനായിട്ടുണ്ട്. 2014 ലോകകപ്പിൽ കൊളംബിയൻ താരം കാമിലോ സുനിഗയുടെ വലത് കാൽമുട്ട് നെയ്മറിന്റെ നട്ടെല്ലിൽ ഏല്പിച്ച പരിക്ക് ബ്രസീലിയൻ ജനത മറക്കാൻ ആഗ്രഹിക്കുന്ന കാഴ്ചകളിലൊന്നാണ്. അതേ ലോകകപ്പിൽ, സ്വന്തം മണ്ണിൽ ജർമനിയോട് 7 ഗോളുകൾക്ക് ബ്രസീൽ തകർന്നടിഞ്ഞത് നെയ്മറിന്റെ അഭാവത്താലാണെന്ന് ബ്രസീലുകാർ അടിയുറച്ചുവിശ്വസിക്കുന്നു. ആ പരിക്കിൽ നിന്ന് അധികം വൈകാതെ മോചിതനായ നെയ്മർ പിന്നീടും പലവുരു സൈഡ് ലൈനിലേക്ക് ഒതുങ്ങേണ്ടി വന്നിട്ടുണ്ട്. ബാഴ്‌സലോണയിലും പിന്നീട് പിഎസ്ജിയിലും ക്ലബ് തലത്തിൽ മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും പരിക്കുകൾ തരാതെ വിടാതെ പിന്തുടർന്നിട്ടുണ്ട്. കരിയറിന്റെ സുഗമമായ പ്രയാണത്തിൽ ഈ പരിക്കുകൾ സൃഷ്‌ടിച്ച കല്ലുകടികളിലുള്ള നിരാശ പ്രകടിപ്പിക്കുകയാണ് നെയ്മർ സത്യത്തിൽ ചെയ്തത്. പൂർണക്ഷമതയോടെ കളത്തിൽ തുടരാൻ കഴിയാത്തതിലുള്ള വേദന പങ്കുവെച്ച നെയ്മർ, ഖത്തർ ലോകകപ്പിന് ശേഷം തനിക്ക് മറ്റൊരു ലോകമാമാങ്കത്തിന് ബാല്യമുണ്ടാവുമോ എന്ന് നേരിയൊരു ആശങ്ക പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. മുപ്പതുകളിലേക്ക് കാലെടുത്തുവെച്ചിട്ടേയുള്ളൂ താരം. അമേരിക്കൻ ഭൂഖണ്ഡത്തിൽ 2026 ലോകകപ്പിന് കേളികൊട്ടുയരുമ്പോൾ പ്രായം മുപ്പത്തിനാലിലേക്ക് കടക്കുകയെ ഉള്ളൂ. നാല്പതിലും നിറഞ്ഞ് നിൽക്കുന്ന ഇബ്രാഹിമോവിച്ചും, നാല്പതുകളിലേക്കുള്ള യാത്ര പാതി പിന്നിട്ട സാക്ഷാൽ മെസ്സിയും റൊണാൾഡോയും, പ്രായം കേവലമൊരു സംഖ്യ മാത്രമാണെന്ന ചൊല്ലിന് അടിവരയിടുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനവധി താരങ്ങളുമുള്ള കാല്പന്തിന്റെ കളിയരങ്ങിൽ നെയ്മർ ഇനിയും ഒരുപാട് വർഷം വിഹരിക്കുമെന്ന് പ്രതീക്ഷിക്കാം നമുക്ക്. വൈകാരികമായി സംസാരിക്കവേ വായിൽ നിന്ന് വീണൊരു വാക്കിൽ കടിച്ചുതൂങ്ങാതെ, സാംബാ നൃത്തചുവടുകളുമായി ഇനിയുമേറെക്കാലം നെയ്മർ പച്ചപ്പുൽത്തകിടിയിൽ പന്തുതട്ടുമെന്ന് തന്നെ വിശ്വസിക്കാം..


Latest Related News