Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ആശുപത്രി, ഗ്രന്ഥശാല, സമൂഹ അടുക്കള; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (Video)

December 20, 2020

December 20, 2020

ന്യൂഡല്‍ഹി: കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി. അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാനായി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റായ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) ആണ് രൂപരേഖ പുറത്തിറക്കിയത്. 

സുപ്രീം കോടതി വിധി പ്രകാരം അയോധ്യയിലെ ധന്നിപ്പൂരില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പുതിയ പള്ളി ഉയരുക. ജാമിയ മിലിയ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയ്യാറാക്കിയത്. ആരാധനാലയം എന്നതിലുപരി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദ് കോംപ്ലക്‌സാണ് അയോധ്യയില്‍ നിര്‍മ്മിക്കുന്നത്. 


മസ്ജിദ് സമുച്ചയത്തിന്റെ രൂപരേഖ

ബാബരി മസ്ജിദിമുമായി ഒരു തരത്തിലും സാമ്യമില്ലാത്തതാണ് പുതിയ മസ്ജദിദ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി താഴികക്കുടമോ മിനാരമോ ഇല്ലാതെയാണ് മസ്ജിദ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 2000 പേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പള്ളിയാകും ഇത്. നാല് നില കെട്ടിടമാണ് അയോധ്യയില്‍ നിര്‍മ്മിക്കുക.  രണ്ട് നില കെട്ടിടമാണ് മസ്ജിദിന്.

മസ്ജിദിനൊട് ചേര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഉണ്ടാകും. ഒരേ സമയം 200 പേരെ കിടത്തി ചികിത്സിക്കാവുന്ന തരത്തിലുള്ള ആശുപത്രിയാകും ഇത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ആശുപത്രിയില്‍ ഉണ്ടാകും. വൈദ്യുതി കണക്ഷന്‍ ഇല്ലാതെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക. 


പള്ളിയുടെ രൂപരേഖ

പോഷകാഹാരക്കുറവ് മൂലം രോഗമനുഭവിക്കുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക പരിഗണനയുള്ള ആശുപത്രിയാകും ഇത്. സമീപ പ്രദേശത്തുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാകും ആശുപത്രിയെന്ന് ഐ.ഐ.സി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് പുറമെ മസ്ജിദിനൊപ്പം സമൂഹ അടുക്കളയും ഗ്രന്ഥശാലയും പ്രസാധനശാലയും മ്യൂസിയവും ഉണ്ടാകും. ട്രസ്റ്റ് ഓഫീസും സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും. ആശുപത്രി നിര്‍മ്മാണത്തിന് മാത്രം 100 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. തുക സമാഹരിക്കുന്നതിനായി അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. 


ആശുപത്രിയുടെ രൂപരേഖ

രൂപരേഖ തയ്യാറാക്കിയ സയ്യിദ് മുഹമ്മദ് അക്തര്‍ തന്നെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അത് പുറത്തിറക്കിയത്. സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയാണ് അയോധ്യയിലെ നിര്‍ദ്ദിഷ്ട പള്ളി സമുച്ചയത്തിന്റെ ലക്ഷ്യമെന്ന് അക്തര്‍ പറഞ്ഞു. 

റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് അയോധ്യയിലെ പുതിയ മസ്ജിദിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയുമോ എന്ന് ഉറപ്പില്ല. അങ്ങനെയാണെങ്കില്‍ 2021 ഓഗസ്റ്റ് 15 നാകും നിര്‍മ്മാണം ആരംഭിക്കുകയെന്നും ഐ.ഐ.സി.എഫ് അറിയിച്ചു.

വീഡിയോ കാണാം:


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News