Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മറക്കില്ലൊരിക്കലും,അറബിക്കഥയിലെ വിസ്മയം പോലെ ഖത്തർ ലോകകപ്പ് ചരിത്രത്തിലേക്ക്

December 19, 2022

December 19, 2022

അൻവർ പാലേരി 

ദോഹ : ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ ബൂട്ടണിഞ്ഞ ഖത്തർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും കാൽപന്തുകളിയുടെ വിശ്വമേളക്ക് കൊടിയിറങ്ങുമ്പോൾ നേട്ടങ്ങളുടെ ലോകകപ്പ് അറബ് ലോകത്തെ ഈ കൊച്ചുരാജ്യത്തിന് സ്വന്തം.ഫുട്‍ബോൾ ചരിത്രത്തിലേക്ക് പന്തടിച്ചുകയറ്റി ഖത്തറിലെ സ്റ്റേഡിയങ്ങൾ ഒട്ടേറെ ലോകറെക്കോർഡുകൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഫിഫയ്‌ക്കൊപ്പം ചേർന്നുനിന്ന് ലോകത്തിന് മുന്നിൽ അറബ് ലോകത്തിന്റെ അഭിമാനമുയർത്താനുള്ള ശ്രമത്തിലായിരുന്നു ഖത്തറിലെ ഭരണാധികാരികളും ലോകകപ്പ് സംഘാടകരും.വെല്ലുവിളികൾക്കും അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്കും നടുവിൽ നിന്ന് കുറ്റപ്പെടുത്താൻ ഒരു പഴുതും കണ്ടെത്താനാവാത്ത വിധം ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് ഏകസ്വരത്തിൽ ലോകത്തെക്കൊണ്ട് ഏറ്റുപറയിച്ചാണ് ഞായറാഴ്ച  രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ 2022 ഫിഫ ലോകകപ്പിന് തിരശീല വീണത്.

ആരാധകർക്ക് പ്രതിദിനം ഒന്നിലധികം  മത്സരങ്ങൾ കാണാൻ അവസരം ലഭിച്ച ലോകകപ്പെന്ന് ആരാധകർ വിധിയെഴുതുമ്പോൾ തന്നെ വേറെയും ഒരുപാട് സവിശേഷതകൾ നേട്ടങ്ങളുടെ പട്ടികയിൽ ചരിത്രത്തിൽ ഇടം പിടിച്ചു.പൂർണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയം 974 ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു സവിശേഷതയായി.കളിക്കാരെയും ആരാധകരെയും തണുപ്പിക്കാൻ സ്റ്റേഡിയങ്ങളിൽ എയർ കണ്ടീഷനിംഗ് ഘടിപ്പിച്ചതും ഖത്തർ ലോകകപ്പിലാണ്.പുരുഷ ടൂർണമെന്റിൽ ഒരു വനിതാ റഫറി ലൈനപ്പ് മത്സരം നിയന്ത്രിച്ചതിലൂടെ മറ്റൊരു ചരിത്രസംഭവത്തിന് കൂടി ഖത്തറിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

ആദ്യഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് ഒഴുകിയെത്തിയത് 2.45 മില്യൺ ആരാധകർ.സ്റ്റേഡിയങ്ങളുടെ 96 ശതമാനം കാണികൾ.1994ന് ശേഷം ഒരു മത്സരം നേരിൽ കാണാൻ ഏറ്റവുമധികം ആരാധകർ എത്തിയ ലോകകപ്പ്.ഫിഫയുടെ കണക്കനുസരിച്ച് അർജന്റീന,മെക്‌സിക്കോ മൽസരം കാണാൻ ലുസൈൽ സ്റ്റേഡിയത്തിലെത്തിയത് 88,966 ആരാധകർ.ഉറുഗ്വേ,കൊറിയ മത്സരത്തിൽ ആരാധകരുടെ ആരവങ്ങൾ 131 ഡെസിബെൽ ശബ്ദത്തിൽ രേഖപ്പെടുത്തി സാങ്കേതിക മികവിൽ റെക്കോർഡ് സൃഷ്‌ടിച്ച ലോകകപ്പ്.16,687,498 യാത്രക്കാരെ മെട്രോയിലും ലുസൈൽ ട്രാമിലും എത്തിച്ച് ആരാധകർക്ക് ഏറ്റവും സുഗമവും പണച്ചിലവില്ലാത്തതുമായ ഗതാഗത സൗകര്യമൊരുക്കിയ ലോകകപ്പ്.

ഭിന്നശേഷിക്കാർക്കും കുടിയേറ്റക്കാരായ അഭയാർത്ഥികൾക്കും സ്ത്രീകൾക്കും സ്വവർഗരതിക്കാർക്കുമെല്ലാം ഏറ്റവും 'കംഫർട്ടബിൾ' ലോകകപ്പെന്ന് വിലയിരുത്തൽ. ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ജീവനക്കാരൻ താഴെ വീണ് മരിച്ചത് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളോ അക്രമങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നതും മറ്റൊരു സവിശേഷതയായി.

കേവലം 11,571 ചതുരശ്ര കിലോമീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള ഒരു കൊച്ചു രാജ്യം രണ്ടു മില്യണിലധികം ആരാധകരും ഒരു നഗരത്തിൽ തന്നെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ഖത്തർ  അങ്ങനെ അറബിക്കഥയിലെ വിസ്മയമാവുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News