Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ അനധികൃത ടാക്‌സികൾ പെരുകുന്നു, സ്വകാര്യ ലിമോസിൻ മേഖല തകർച്ചയിൽ

December 01, 2021

December 01, 2021

അൻവർ പാലേരി 

ദോഹ : കോവിഡിന് ശേഷം ഖത്തറിൽ ജനജീവിതം പതുക്കെ സാധാരണ നിലയിലായെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള ലിമോസിൻ ടാക്സി ഡ്രൈവർമാർ വീണ്ടും ദുരിതത്തിൽ.യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനു പുറമെ അനധികൃത ടാക്‌സികളുടെ എണ്ണം കൂടിയതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്.അനധികൃത ടാക്‌സികൾ നിയന്ത്രിക്കാൻ രാജ്യത്ത് ശക്തമായ നിയമമുണ്ടെങ്കിലും ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതാണ് തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന ലിമോസിൻ ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നത്.

ഇതിനിടെ,ഫിഫ ലോകകപ്പിനായി മുവാസലാത്തിന് കീഴിൽ രാജ്യത്തെത്തിയ ബസ് ഡ്രൈവർമാർ അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃതമായി ടാക്സി സർവീസുകൾ നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.ലോകകപ്പിനായി ഇതിനോടകം അയ്യായിരത്തോളം ബസ് ഡ്രൈവർമാർ രാജ്യത്തെത്തിയിട്ടുണ്ട്.മിസൈദിലെ അംവാജ് ക്യാംപിൽ താമസിക്കുന്ന ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ലെങ്കിലും കൃത്യമായി മാസവേതനം ലഭിക്കുന്നുണ്ട്.എന്നാൽ,ഇവരിൽ ചില മലയാളികൾ മറ്റുള്ളവരുമായി ചേർന്ന് കുറഞ്ഞ വിലക്കുള്ള കാറുകൾ സ്വന്തമാക്കി ടാക്സി സർവീസുകൾ നടത്തുന്നതായാണ് പരാതി.കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പുറമെ സ്വന്തമായി വരുമാനമുള്ള ഇത്തരക്കാർ കൂടി അനധികൃത ടാക്സി സർവീസുകൾ നടത്തുന്നത് തങ്ങളുടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടിച്ചിരിക്കുകയാണെന്ന് ലിമോസിൻ ഡ്രൈവർമാർ പറയുന്നു.

നിലവിൽ,ലിമോസിൻ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്  ഡ്രൈവർമാർ മാസങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്.നേരത്തെ മൊബൈൽ ഫോൺ വഴി യാത്രക്കാരെ എടുത്തിരുന്ന പല ഡ്രൈവർമാർക്കും കോവിഡിനെ തുടർന്ന് തങ്ങളുടെ പതിവ് യാത്രക്കാരെ നഷ്ടപ്പെട്ട അവസ്ഥയാണ്. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടും നാട്ടിൽ നിന്ന് തിരിച്ചുവരാൻ കഴിയാതെയും പതിവ് യാത്രക്കാരിൽ ഭൂരിഭാഗവും കൊഴിഞ്ഞുപോയത് ഇവരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.കടുത്ത യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തൊഴിൽ അന്വേഷകരായി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

'കോവിഡിന് മുമ്പ്  ദിവസവും 500 റിയാലിന് മുകളിൽ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറു റിയാൽ പോലും ലഭിക്കാത്ത അവസ്ഥയാണ്.മിക്ക ദിവസങ്ങളിലും പെട്രോളും ഭക്ഷണ ചിലവും മാറ്റിനിർത്തിയാൽ പത്തു റിയാൽ പോലും ബാക്കിയാവുന്നില്ല.സ്ഥിരം യാത്രക്കാർ മാസാവസാനം ഒരുമിച്ചു നൽകിയിരുന്ന തുക കൊണ്ടാണ്   വണ്ടിയുടെ അടവും കമ്പനിയിൽ നൽകേണ്ട തുകയും ഒരു വിധത്തിൽ ഒപ്പിച്ചിരുന്നത്.ഇപ്പോൾ അതും മുടങ്ങി.ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയാണ്....' കഴിഞ്ഞ പത്തു വർഷമായി ഒരു ലിമോസിൻ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി 'ന്യൂസ്റൂ'മിനോട് പറഞ്ഞു.

സാധാരണഗതിയിൽ ലിമോസിൻ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് കമ്പനികൾ പുതിയ കാറുകൾ ബാങ്ക് വായ്പാ അടിസ്ഥാനത്തിൽ നൽകുകയാണ് പതിവ്.പ്രതിമാസമുള്ള വായ്പാ തിരിച്ചടവിന് പുറമെ 200 റിയാൽ മുതൽ 500 റിയാൽ വരെ എല്ലാ മാസവും  കമ്പനികൾക്ക് നൽകേണ്ടിയും വരും.പെട്രോൾ ചിലവും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങളും ഇതിനു പുറമെയാണ്.ഇതെല്ലാം കഴിഞ്ഞു മിച്ചം വരുന്ന തുക കൊണ്ടാണ് നാട്ടിലെ കാര്യങ്ങൾ ഉൾപെടെ മറ്റാവശ്യങ്ങളെല്ലാം നിർവഹിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി പതിനായിരം രൂപ പോലും നാട്ടിലേക്കയക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പല ഡ്രൈവർമാരും പറയുന്നു.

ഇതിനിടെ,ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മറ്റു ജോലികളിലേക്ക് മാറിയവരും നിരവധിയാണ്.ഈ സാഹചര്യം തുടർന്നാൽ ആയിരക്കണക്കിന് മലയാളികൾക്ക് ആശ്രയമായിരുന്ന സ്വകാര്യ ലിമോസിൻ മേഖല കനത്ത തകർച്ച നേരിടുമെന്ന് ഉറപ്പാണ്.

ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക 

 


Latest Related News