Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇസ്രയേല്‍ സംഘര്‍ഷം: 'ഞങ്ങള്‍ ഓരോ ദിവസം മരിച്ചുകൊണ്ടിരിക്കുന്നു'; ഗസയിലെ ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥ

October 25, 2023

news_malayalam_israel_hamas_attack_updates

October 25, 2023

അഞ്ജലി ബാബു 

ഗസയുടെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ സലാ-അല്‍-ദിന്‍ റോഡിലൂടെ പലായനം ചെയ്തവരുടെ കൂട്ടത്തില്‍ അബ്ദുള്‍റഹ്‌മാനും കുടുംബവും ഉണ്ടായിരുന്നു. 

ഒക്ടോബര്‍ 13, വെള്ളിയാഴ്ച ഇസ്രയേലിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ഗസയില്‍ നിന്ന് പാലയനം ചെയ്തവരുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. 

തന്റെ മാതാപിതാക്കള്‍ക്കും അഞ്ച് സഹോദരിമാര്‍ക്കും ഒപ്പം അന്ന് പാലായനം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു കാറില്‍ അബ്ദുള്‍റഹ്‌മാനും ഉണ്ടായിരുന്നു. ആ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു അത്ഭുതമായിരുന്നു- അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു. 

മൃതദേഹങ്ങള്‍ റോഡിലുടനീളം ചിന്നി ചിതറിക്കിടക്കുന്നത് ഞങ്ങള്‍ കണ്ടു. നിറയെ ആളുകളുണ്ടായിരുന്ന ഒരു ട്രക്കാണ് തകര്‍ന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു, അവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഞങ്ങളും മരിക്കേണ്ട സമയമായി എന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അതെന്ന് അബ്ദുള്‍റഹ്‌മാന്‍ ഓര്‍ത്തെടുത്തു. ആ ഇരുപത്തിയാറുകാരന്റെ കണ്ണില്‍ ഭയം അപ്പോഴും നിഴലിക്കുന്നുണ്ടായിരുന്നു.

ഗസയിലെ ആക്രമണങ്ങളില്‍ ആദ്യം ഭയമായിരുന്നു. അത് ആകെ തളര്‍ത്തി. എന്ത് ചെയ്യണമെന്നറിയില്ല. മുന്നോട്ട് പോകണോ, അതോ തിരിച്ച് പോകണോ ഒന്നും അറിയില്ലായിരുന്നു. ഒടുവില്‍ പാലായനം ചെയ്യാന്‍ തീരുമാനിച്ചു. തെക്ക് ഭാഗത്തുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഒരു സ്‌കൂളില്‍ അഭയം തേടി. എന്നാല്‍ സ്‌കൂളിലും ആശ്വാസം കണ്ടെത്താനായില്ല. 

ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ല. ആറ് സ്ത്രീകള്‍ ഉള്ള കുടുംബമാണ്. സ്വകാര്യത പോലും അവിടെ കിട്ടിയില്ലെന്ന് അബ്ദുള്‍റഹ്‌മാന്റെ 25വയസ്സുള്ള സഹോദരി സന പറഞ്ഞു. വീടും മുറികളും ബാത്ത്‌റൂം എല്ലാം ഉണ്ടായിരുന്ന വീട് വിട്ട് സ്‌കൂളില്‍ അഭയം തേടിയ ഞങ്ങള്‍ക്ക് ആറ് ചതുരശ്രമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു ക്ലാസ്മുറിയില്‍ കഴിയേണ്ടി വന്നു, മുപ്പതോളം അപരിചിതര്‍ക്കൊപ്പം- അവള്‍ പറഞ്ഞു.

സ്‌കൂളില്‍ പുരുഷന്‍മാര്‍ മുറ്റത്തും സ്ത്രീകളും കുട്ടികളും സ്‌കൂളുകള്‍ക്കുള്ളിലുമാണ് ഉറങ്ങുന്നത്. രാത്രികളില്‍ സ്‌കൂളില്‍ തടിച്ചുകൂടിയ ആളുകളുടെ ഉറക്കെയുള്ള നിലവിളികള്‍ക്കൊപ്പം മിസൈലുകളും സ്‌ഫോടനങ്ങളുടെ വെളിച്ചവും കാണാന്‍ കഴിയും. ഭൂമി ഇടയ്ക്ക് ഇടയ്ക്ക് കുലുങ്ങും, പേടി കാരണം കുറച്ചുപേര്‍ക്ക് മാത്രം ഉറങ്ങാന്‍ കഴിയും. ഉറക്കിമില്ലാത്ത രാത്രികളില്‍ ജീവന്‍ രക്ഷിക്കുന്നതിന് പ്രാര്‍ത്ഥിക്കും. 

അവിടെയും സുരക്ഷിതമല്ലെന്ന് തോന്നിയ ഞങ്ങള്‍ക്ക് ഗസയിലെ വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് തോന്നി. അവിടെ നിന്ന് ആറ് കിലോമീറ്ററോളം അബ്ദുള്‍റഹ്‌മാനും കുടുംബവും ബാഗുകളും സാധനങ്ങളുമായി നടന്നു. വ്യോമാക്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി വളഞ്ഞ് വളഞ്ഞായിരുന്നു സഞ്ചാരമെന്നും അബ്ദുള്‍റഹ്‌മാന്‍ ഓര്‍ത്തെടുത്തു.  

കുറേ ദൂരം നടന്നശേഷം ഒരു ടാക്‌സി കിട്ടി. അതില്‍ കയറുമ്പോഴും ചുറ്റും ബോംബുകളുടെയും യുദ്ധവിമാനങ്ങളുടേയും ശബ്ദം കേള്‍ക്കാമായിരുന്നു- അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു.

ഈ നിമിഷവും മരണം ഭയന്നാണ് അബ്ദുള്‍റഹ്‌മാനും കുടുംബവും കഴിയുന്നത്. വിശപ്പില്ല, ദാഹമില്ല, ഭയമില്ല.. ശാശ്വതമായ സമാധാനം കിട്ടും- മരണത്തെക്കുറിച്ച് ഇരുപതുകാരിയായ അബ്ദുള്‍റഹ്‌മാന്റെ സഹോദരി വാല പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News